ഉഷ്ണതരംഗം നേരിടാന്‍ സഹകരണ സംഘങ്ങള്‍ സംസ്ഥാനമെങ്ങും തണ്ണീര്‍പ്പന്തല്‍ ഒരുക്കും

moonamvazhi

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തുടനീളം സഹകരണസംഘങ്ങള്‍ തണ്ണീര്‍പ്പന്തലുകള്‍ ഒരുക്കണമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശിച്ചു. ഇവയില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശ്യം ഒ.ആര്‍.എസ്. എന്നിവ കരുതണം.

തിങ്കളാഴ്ച ചേര്‍ന്ന സഹകരണസംഘം പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണു മന്ത്രി ഈ നിര്‍ദേശം നല്‍കിയത്.

ചൂടുകാലത്തെ നേരിടാന്‍ സംസ്ഥാനമെങ്ങും തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രിയാണു മുന്നോട്ടുവെച്ചത്. സഹകരണവകുപ്പും ഈ ഉദ്യമത്തില്‍ പങ്കാളികളാകണമെന്നു സഹകരണമന്ത്രി ആവശ്യപ്പെട്ടു. എല്ലാ ബാങ്കുകളും തങ്ങളുടെ മേഖലയിലെ പൊതു ഇടങ്ങളിലും വ്യാപാരത്തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍പ്പന്തലുകള്‍ ഒരുക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാനം ഇതുവരെ നേരിടാത്ത അത്യുഷ്ണമാണ് അനുഭവിക്കുന്നത്. പ്രളയകാലത്തും കോവിഡ്കാലത്തും ജനങ്ങളെ സഹായിക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ മുന്‍നിരയിലുണ്ടായിരുന്നു. അതേരീതിയില്‍ സാമൂഹിക ഉത്തരവാദിത്തം എന്ന നിലയിലാണ് ഉഷ്ണകാലത്തും പ്രതികരിക്കേണ്ടത്. വേനല്‍ക്കാലം മുഴുവന്‍ ഈ തണ്ണീര്‍പ്പന്തലുകള്‍ നിലനിര്‍ത്തണം. ഇവ എവിടെയാണെന്നു പൊതുജനങ്ങളെ അറിയിക്കണം. പൊതുകെട്ടിടങ്ങളും സുമനസ്സുകള്‍ നല്‍കുന്ന കെട്ടിടങ്ങളും തണ്ണീര്‍പ്പന്തലിനായി ഉപയോഗിക്കാം. അടുത്ത 15 ദിവസത്തിനുള്ളില്‍ ഇതു നടപ്പാക്കണം- മന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News