ഉത്തര്‍പ്രദേശില്‍ പത്തു ലക്ഷം പേര്‍ പുതുതായി പ്രാഥമിക സഹകരണസംഘങ്ങളില്‍ അംഗത്വമെടുത്തു
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തുടക്കമിട്ട പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘം അംഗത്വ പ്രചരണം ( B- PACS ) വന്‍ ജനപിന്തുണ നേടി മുന്നേറുന്നു. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളില്‍ പുതുതായി ഇരുപതു ലക്ഷം അംഗങ്ങളെ ചേര്‍ക്കാനുള്ള പദ്ധതി പാതിലക്ഷ്യം പിന്നിട്ടു. സെപ്റ്റംബര്‍ ഒന്നിനാരംഭിച്ച അംഗത്വപ്രചരണം വഴി ഇതുവരെ 10.06 ലക്ഷം പേര്‍ പുതുതായി സഹകരണസംഘങ്ങളില്‍ അംഗങ്ങളായി ചേര്‍ന്നു. ഇവരില്‍നിന്നു 25.36 കോടി രൂപ ഓഹരിമൂലധനമായും സമാഹരിച്ചു.
സെപ്റ്റംബര്‍ 16 വരെ അംഗങ്ങളായി ചേര്‍ന്നവരുടെ കണക്കാണിപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. പിലിഭിത് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ അംഗങ്ങളായി ചേര്‍ന്നത് – 26,762 പേര്‍. രാംപൂര്‍, ഷാജഹാന്‍പൂര്‍, ബിജ്‌നോര്‍, ബുലന്ദ്ഷഹര്‍ ജില്ലകളാണ് അംഗത്വത്തില്‍ തൊട്ടുപിറകിലുള്ളത്. നിലവില്‍ ഉത്തര്‍പ്രദേശില്‍ 7,348 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളാണുള്ളത്. ഇവ ഏറ്റവും കൂടുതലുള്ളത് അസംഗഢിലാണ്. ഏറ്റവും കുറവ് ഘാസിയാബാദിലും.
രാജ്യത്തു സഹകരണമേഖല ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന അഞ്ചു മുന്‍നിരസംസ്ഥാനങ്ങളില്‍ ഒന്നാവുക എന്നതാണു തങ്ങളുടെ ലക്ഷ്യമെന്നു ഉത്തര്‍പ്രദേശ് സഹകരണമന്ത്രി ജെ.പി.എസ്. റാത്തോഡ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥാണു അംഗത്വപ്രചരണത്തിനു തുടക്കം കുറിച്ചത്. 20 ലക്ഷം അംഗങ്ങളില്‍നിന്നു 100 കോടി രൂപ നിക്ഷേപം സമാഹരിക്കാനും പദ്ധതിയുണ്ട്.
[mbzshare]