ഈ മൗനം സഹകരണ മേഖലയെ ഇല്ലാതാക്കും
സ്റ്റാഫ് പ്രതിനിധി
പുതിയ സാഹചര്യത്തില്‍ കേരളത്തിലെ സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം വരവിനേക്കാള്‍ ചെലവു വരുന്ന ബിസിനസ്സായി
മാറിയിരിക്കുന്നു. സാഹചര്യത്തിന്റെ അപകടാവസ്ഥ സര്‍ക്കാര്‍
ഉള്‍ക്കൊള്ളുന്നില്ല. സഹകാരികള്‍ക്കുമില്ല ആപത്ച്ഛങ്ക. എന്തായിരിക്കും
നമ്മുടെ സഹകരണ മേഖലയുടെ ഭാവി ?
അതിഗുരുതരമായ സാഹചര്യത്തിലൂടെയാണ് കേരളത്തിലെ സഹകരണ മേഖല കടന്നുപോകുന്നത്. ആദായനികുതി വകുപ്പിന്റെ ഇടപെടല്‍ സഹകരണ സംഘങ്ങളുടെ സ്വയംഭരണാധികാരത്തെ മാത്രമല്ല, അതിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലെത്തിയിരിക്കുന്നു. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് നിയമപരമായി അനുവദിക്കുന്ന ആദായനികുതി (80 പി.) ഇളവ് ആനുകൂല്യം കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് മാത്രം നിഷേധിച്ചിരിക്കുകയാണ്. അതിനു പിന്നാലെ ഇരുട്ടടി പോലെ, പിന്‍വലിക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി നല്‍കണമെന്ന വ്യവസ്ഥ കൂടി വന്നു. വ്യക്തിഗത അക്കൗണ്ടിന് ഉപരിയായി ഒരു പരിഗണനയും സഹകരണ സംഘങ്ങളുടെ അക്കൗണ്ടിന് ഇനി ലഭിക്കില്ല. വരവിനേക്കാള്‍ കൂടുതല്‍ ചെലവു വരുന്ന ബിസിനസ്സായി കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മാറിയിരിക്കുകയാണ്. രണ്ടു പ്രളയവും അതിന് ശേഷം നിലനില്‍ക്കുന്ന മൊറട്ടോറിയവും സഹകരണ സംഘങ്ങളിലേക്കുള്ള പണത്തിന്റെ വരവ് ഗണ്യമായി കുറച്ചു. എന്നാല്‍, ഈ അപകടകരമായ സാഹചര്യം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നതാണ് വസ്തുത. അപകടകരമായ ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ സഹകാരികളും നിലകൊള്ളുന്നു. ഈ മൗനം അത്ര ശുഭകരമല്ല. വരാനിരിക്കുന്ന ആപത്തിന്റെ സൂചന തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനായില്ലെങ്കില്‍ അത് സഹകരണ മേഖലയുടെ നാശത്തിന് വഴിവെക്കും.
നിയമയുദ്ധങ്ങള്‍
ആദായനികുതി വകുപ്പുമായുള്ള തര്‍ക്കമാണ് സഹകരണ സംഘങ്ങളെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എത്തിച്ചിട്ടുള്ളത്. നിരവധി നിയമയുദ്ധങ്ങളാണ് ഇതിന്റെ പേരില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. വ്യവഹാരങ്ങള്‍ക്ക് വേണ്ടിമാത്രം സഹകരണ സംഘങ്ങള്‍ കോടികള്‍ ചെലവിട്ടുകഴിഞ്ഞു. കേരള ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഒടുവിലത്തെ വിധിയാകട്ടെ ആദായനികുതി വകുപ്പിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നതാണ്. കേരളത്തിലെ സഹകരണ സംഘങ്ങള്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് നിര്‍ണയിക്കാനുള്ള അധികാരം പോലും ഈ വിധിയോടെ ആദായനികുതി വകുപ്പിന് കിട്ടി. സര്‍ക്കാരിന്റെ അധികാരത്തിലാണ് ഈ കടന്നുകയറ്റമുണ്ടായത് എന്നോര്‍ക്കണം. എന്നിട്ടും, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായി ഇടപെട്ടില്ല. സംഘങ്ങളുടെ ഒറ്റതിരിഞ്ഞ പോരാട്ടത്തിന്റെ ദുര്‍ഗതിയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രാഥമികമായി പറയാം. ആദായനികുതി വകുപ്പിന്റെ ഇടപെടലിനെതിരെ ഓരോ സംഘമായാണ് കോടതിയെ സമീപിച്ചത്. അതില്‍ ചിലതിന് അനുകൂലമായും മറ്റു ചിലതിന് എതിരായും വിധി ലഭിച്ചു. നിയമ പോരാട്ടത്തിന് ഉപരി ഒരു പരിഹാര ശ്രമം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ, ഇത്ര സങ്കീര്‍ണമായ തലത്തില്‍ ഈ പ്രശ്‌നം വളരില്ലായിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്ത് അയച്ചതിലും ധനകാര്യമന്ത്രിയെ സഹകരണ മന്ത്രി നേരില്‍ക്കണ്ട് പ്രശ്‌നം അവതരിപ്പിച്ചതിലും ഒതുങ്ങി സര്‍ക്കാരിന്റെ ഇടപെടല്‍. ധനകാര്യ മന്ത്രിയെ നേരില്‍ക്കണ്ടത് ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വിധിക്ക് ശേഷമാണെന്നതാണ് ഏറെ ശ്രദ്ധേയം. വിധി നിലവില്‍ വന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിധിയനുസരിച്ച് നടപടി സ്വീകരിക്കാനാവും. കേന്ദ്ര ധനമന്ത്രിയെ കേരളം അറിയിച്ച ഉല്‍ക്കണ്ഠയ്ക്ക് ഇതുവരെ പരിഹാരം ഉണ്ടായിട്ടുമില്ല.
പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് ബാധകമാണെന്നും കേരളത്തില്‍ എന്തുകൊണ്ട് ഇത് നിഷേധിക്കുന്നുവെന്ന് പരിശോധിക്കാമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചുവെന്നാണ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ആ മറുപടിയില്‍ വിശ്വസിച്ച് കേരളം കാത്തിരിക്കുകയാണ് ഇപ്പോഴും. ഇതിനു പിന്നാലെയാണ് സഹകരണ സംഘങ്ങള്‍ പിന്‍വലിക്കുന്ന പണത്തിന് രണ്ടു ശതമാനം അധിക നികുതി ചുമത്തുന്ന നിര്‍ദേശമുണ്ടായത്. ഈ വ്യവസ്ഥയിലും വ്യക്തതയില്ല. സഹകരണ സംഘങ്ങള്‍ പിന്‍വലിക്കുന്ന പണത്തിന് നികുതി ബാധകമാവില്ലെന്നാണ് സഹകരണ വകുപ്പിന്റെ വിശദീകരണം. എന്നാല്‍, നികുതി പിടിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിലും, നികുതിയില്‍നിന്ന് ഒഴിവാക്കിയ വിഭാഗത്തില്‍ സഹകരണ സംഘങ്ങളില്ല. അതിനാല്‍, ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും, ഒരു വ്യക്തതയുണ്ടാക്കാന്‍ കേരളത്തിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായിട്ടില്ല.
ആദായനികുതി വകുപ്പുമായുള്ള തര്‍ക്കമാണ് സഹകരണ സംഘങ്ങളെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എത്തിച്ചിട്ടുള്ളത്. നിരവധി നിയമയുദ്ധങ്ങളാണ് ഇതിന്റെ പേരില്‍ നടന്നതും നടന്നു കൊണ്ടിരിക്കുന്നതും. വ്യവഹാരങ്ങള്‍ക്ക് വേണ്ടിമാത്രം സഹകരണ സംഘങ്ങള്‍ കോടികള്‍ ചെലവിട്ടുകഴിഞ്ഞു
നികുതി തര്‍ക്കത്തില്‍ പിഴച്ചതെവിടെ?
ആദായനികുതി വകുപ്പിലെ 80-പി. അനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി നല്‍കേണ്ടതില്ല. ഈ വകുപ്പിലെ മൂന്നു ഉപ വകുപ്പുകളിലായി ഏതൊക്കെ കാര്യങ്ങളില്‍നിന്നുള്ള വരുമാനത്തിനാണ് നികുതിയിളവ് ബാധകമാകുന്നതെന്ന് പറഞ്ഞിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ സര്‍ക്കാര്‍ മുതല്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയ പ്രത്യേക പരിഗണനയുടെ ഫലമാണ് ഈ നികുതിയിളവ്. അതായത്, ഒരു പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ്മയാണ് ഒരു സഹകരണ സംഘം. അതില്‍ അംഗങ്ങളായ ജനങ്ങളുടെ ക്ഷേമത്തിനാണ് ആ സംഘം പ്രവര്‍ത്തിക്കുന്നത്. അതൊരു ലാഭേച്ഛയോടെയുള്ള ബിസിനസ്സായി പരിഗണിക്കേണ്ടതില്ലെന്നും നാടിനു വേണ്ടിയുള്ള നല്ല കൂട്ടായ്മയായി കാണണമെന്നുമാണ് ജവഹര്‍ലാല്‍ നെഹ്‌റു അടക്കം സ്വീകരിച്ച നിലപാട്. അതിനാല്‍, ഇത്തരം കൂട്ടായ്മകള്‍ക്ക് ആദായനികുതി ചുമത്തേണ്ടതില്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി നിയമത്തില്‍തന്നെ 80-പി. വകുപ്പ് ഉള്‍പ്പെടുത്തിയത്.
സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം ഏറെ വളര്‍ന്നു. എല്ലാ മേഖലയിലേക്കും സഹകരണ സംഘങ്ങള്‍ വ്യാപിച്ചു. ആദ്യകാലത്ത് കര്‍ഷിക-അനുബന്ധ മേഖലയിലൂന്നിയായിരുന്നു സഹകരണ സംഘങ്ങള്‍ ഏറെയുണ്ടായിരുന്നതെങ്കില്‍ ഇന്നത് മാറി. വാണിജ്യ സ്ഥാപനങ്ങളുമായി മത്സരിക്കുന്ന സഹകരണ സ്ഥാപനങ്ങളുണ്ടായി. ഇതോടെ സഹകരണ സംഘങ്ങള്‍ക്ക് ലഭിച്ചിരുന്ന ആദായനികുതി ഇളവിന് ചില നിയന്ത്രണങ്ങള്‍ വരുത്തുന്നതിനായി 2006-ല്‍ ആദായനികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. 80-പി. വകുപ്പില്‍ നാലാമതായി ഒരു ഉപവകുപ്പ് കൂടി ഉള്‍പ്പെടുത്തി. ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ അഞ്ചാം വിഭാഗത്തില്‍ വരുന്ന സഹകരണ സ്ഥാപനങ്ങളെ നികുതിയിളവില്‍നിന്ന് ഒഴിവാക്കുന്നതായിരുന്നു ഇതിലെ വ്യവസ്ഥ. അതായത്, ബാങ്കിങ് ബിസിനസ് ചെയ്യുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് ആദായനികുതിയിളവ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. അതേസമയം, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ( കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ), പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവയ്ക്ക് നികുതിയിളവ് ലഭിക്കും. 2007-2008 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വ്യവസ്ഥ നിലവില്‍വന്നു.
ഈ വ്യവസ്ഥ നടപ്പാക്കുന്നിടത്താണ് കേരളത്തില്‍ തര്‍ക്കം തുടങ്ങുന്നത്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളായി പരിഗണിക്കാനാവില്ലെന്ന് ആദായ നികുതി വകുപ്പ് നിലപാടെടുത്തു. അതിനാല്‍, ഈ സംഘങ്ങള്‍ നികുതി നല്‍കണമെന്ന് കാണിച്ച് അവര്‍ നോട്ടീസ് നല്‍കി. ഇത് നിയമത്തിന്റെ ഒരു പിന്‍ബലവുമില്ലാത്ത നടപടിയായിരുന്നു. ഇതോടെ തര്‍ക്കം തുടങ്ങി. സംഘങ്ങള്‍ ഓരോന്നായി കോടതിയെ സമീപിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ തലത്തില്‍ ഒരു ഇടപെടലും ഇക്കാര്യത്തിലുണ്ടായില്ല. പക്ഷേ, ഈ തര്‍ക്കത്തിന് അറുതിയുണ്ടാക്കാനെന്നോണം 2007-ല്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഒരു സര്‍ക്കുലര്‍ ( 133/6/2007 ) ഇറക്കി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളെയാണ് ‘ ബാങ്കു ‘ കളായി കണക്കാക്കേണ്ടതെന്ന് ഈ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളവയല്ല, മറിച്ച് അവ പേരില്‍ മാത്രം ബാങ്ക് എന്ന് ചേര്‍ത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണ്. പ്രശ്‌നം ഇവിടെ തീരേണ്ടതാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ നികുതി നല്‍കണമെന്ന നിലപാടുമായി ആദായനികുതി വകുപ്പ് നടപടി തുടര്‍ന്നു. നിയമവിരുദ്ധമാണ് ഈ നടപടിയെന്ന് കാണിച്ച് സര്‍ക്കാരും സഹകാരികളും ഒന്നിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടിയിരുന്നത്. അതുണ്ടായില്ലെന്ന് മാത്രമല്ല, കോടതിയിലൂടെത്തന്നെ പരിഹാരം കാണാന്‍ സംഘങ്ങള്‍ ശ്രമിച്ചു. സര്‍ക്കാര്‍ കാഴ്ചക്കാരന്റെ റോളില്‍ ഒതുങ്ങിനിന്നു.
കേസുകള്‍, കേസുകള്‍
ഇന്‍കംടാക്‌സ് ട്രിബ്യൂണലിലും ഹൈക്കോടതിയിലുമായി നിരവധി കേസുകള്‍ നടന്നു. കേരളത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ബാങ്കിങ് ബിസിനസ്സാണ് നടത്തുന്നതെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ വാദം. ഇത് തള്ളിയും പാതി അംഗീകരിച്ചുമെല്ലാം വിധികളുണ്ടായി. വിരുദ്ധങ്ങളായ വിധികളായതിനാല്‍ കേസുകള്‍ തുടര്‍ന്നു. 2014-ലാണ് ഒരു പ്രധാന വിധി ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയ കേസിലായിരുന്നു ഇത്. രജിസ്‌ട്രേഷന്‍ കൊണ്ടുമാത്രം ഒരു സംഘത്തെ കാര്‍ഷിക വായ്പാ സംഘമായി കണക്കാക്കാനാവില്ലെന്നായിരുന്നു വിധി. അതായത്, സംഘത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ച് അത് ഏതു വിഭാഗത്തില്‍പ്പെടുന്നുവെന്ന് തീരുമാനിക്കാന്‍ ആദായനികുതി വകുപ്പിന് അധികാരം നല്‍കുന്നതായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സഹകരണം സംസ്ഥാന വിഷയമാണ്. സംസ്ഥാന നിയമത്തിന് അനുസരിച്ചാണ് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതും. അതിന്റെ നിയന്ത്രണാധികാരം സഹകരണ സംഘം രജിസ്ട്രാര്‍ക്കാണ്.
ബാങ്കിങ് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളുടെ ബാങ്കിങ് കാര്യങ്ങളിലുള്ള നിയന്ത്രണം റിസര്‍വ് ബാങ്കിനുമുണ്ട്. ഇതിനപ്പുറം മറ്റൊരു ഏജന്‍സിക്ക് സംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ നിയമപരമായി അധികാരമില്ല. ആദായനികുതി നിയമം കേന്ദ്രനിയമമാണ്. ഇന്ത്യയിലെല്ലായിടത്തും അത് ഒരേ പോലെ ബാധകമാണ്. ഒരു സംസ്ഥാനത്ത് മാത്രമായി അത് പ്രത്യേക രീതിയില്‍ നടപ്പാക്കാനാവില്ല. അതുകൊണ്ടുതന്നെ, ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റത്തിന് ഇടം നല്‍കുന്നതായിരുന്നു. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതായിരുന്നു. നിയമപരമായും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടിയും പരിഹാരം കാണേണ്ടതായിരുന്നു. അതുണ്ടായില്ല. നികുതിത്തര്‍ക്കത്തില്‍ സര്‍ക്കാരിനുണ്ടായ രണ്ടാമത്തെ പിഴവ് ഇവിടെയാണ്.
കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ നികുതി നല്‍കണമെന്ന നിലപാടുമായി ആദായനികുതി വകുപ്പ് നടപടി തുടര്‍ന്നു. നിയമവിരുദ്ധമാണ് ഈ നടപടിയെന്ന് കാണിച്ച് സര്‍ക്കാരും സഹകാരികളും ഒന്നിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടിയിരുന്നത്.
പെരിന്തല്‍മണ്ണ ബാങ്കിന്റെ കേസിലുണ്ടായ വിധി തള്ളി ചിറക്കല്‍ ബാങ്ക് നല്‍കിയ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുതിയ നിര്‍ണായകമായ ഉത്തരവിറക്കി. ഒരു സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് നിയമപരമായി പ്രവര്‍ത്തിക്കുന്നതാണെന്നും അതിന്റെ പ്രവര്‍ത്തനം പരിശോധിച്ച് വിഭാഗം നിര്‍ണയിക്കാനുള്ള അധികാരി ആദായനികുതി വകുപ്പല്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി. അതിനാല്‍, കാര്‍ഷികാവായ്പ സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്ത എല്ലാ സംഘങ്ങള്‍ക്കും ആദായനികുതി നിയമമനുസരിച്ച് ലഭിക്കേണ്ട ഇളവിന് അര്‍ഹതയുണ്ടെന്ന് കോടതി വിധിച്ചു. ഇതോടെ നികുതിയായി ഈടാക്കിയ പണം ആദായനികുതി വകുപ്പ് സംഘങ്ങള്‍ക്ക് തിരിച്ചുനല്‍കി. ഒപ്പം, അവര്‍ ഹൈക്കോടതി ഫുള്‍ബെഞ്ചില്‍ അപ്പീലും നല്‍കി. ആ ഫുള്‍ബെഞ്ച് വിധി പെരിന്തല്‍മണ്ണ ബാങ്കിന്റെ കേസില്‍ ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ച നിലപാടിനെ പിന്തുണച്ചുള്ളതാണ്. ഇതോടെ, സംഘങ്ങള്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് നിര്‍ണയിക്കാനുള്ള അധികാരം ആദായനികുതി വകുപ്പിന് കിട്ടി. അവര്‍ എല്ലാ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെയും ബാങ്കിങ് ബിസിനസ് ചെയ്യുന്നവയായി കണക്കാക്കി നികുതി ഈടാക്കിത്തുടങ്ങി. സംഘങ്ങള്‍ക്ക് അവരുടെ അപ്പക്‌സ് സ്ഥാപനത്തിലുള്ള നിക്ഷേപത്തിനു പോലും നികുതി ചുമത്തി. അങ്ങനെ കോടതിവിധിയുടെ തണലില്‍ ആദായനികുതി വകുപ്പ് എല്ലാ അര്‍ഥത്തിലും സംഘങ്ങളെ വരിഞ്ഞുമുറുക്കി. സര്‍ക്കാര്‍ ഇപ്പോഴും മൗനത്തിലാണ്. ആദായനികുതി വകുപ്പിന്റെ ഇടപെടലിനെതിരെ കോടതിയെ സമീപിക്കുമെന്ന് നിയമസഭയില്‍ സഹകരണ മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇന്ത്യയില്‍ മറ്റൊരിടത്തും കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍നിന്ന് ആദായ നികുതി ചുമത്തുന്നില്ല. സര്‍ക്കാരിന്റെ അധികാരം ആദായനികുതി വകുപ്പ് കവര്‍ന്നെടുത്തിട്ടില്ല. എന്നിട്ടും, കേരളം നിശബ്ദമായി കാത്തിരിക്കുകയാണ്.
ഇരുട്ടടിയായി അധിക നികുതി
കാര്‍ഷിക വായ്പാ സഹകരണ സംഘത്തിനുപോലും ആദായനികുതി ചുമത്തുന്ന നടപടിക്ക് പിന്നാലെ, സഹകരണ സംഘങ്ങള്‍ അക്കൗണ്ടില്‍നിന്ന് പണമായി പിന്‍വലിക്കുന്നതിും നികുതി ചുമത്തുകയാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിക്ക് മുകളില്‍ പണമായി പിന്‍വലിച്ചാല്‍ രണ്ടു ശതമാനം നികുതിയായി ടി.ഡി.എസ്. ( ഉറവിടത്തില്‍നിന്നു തന്നെ നികുതി ) ചുമത്തണമെന്നാണ് പുതിയ വ്യവസ്ഥ. ഫിനാന്‍സ് നിയമത്തില്‍ 194 എന്‍. എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തിയാണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. 2019 സെപ്റ്റംബര്‍ ഒന്നു മുതലാണ് ഈ ഭേദഗതി കൊണ്ടുവന്നതെങ്കിലും 2019 മാര്‍ച്ച് ഒന്നു മുതല്‍ ഇത് ബാധകമാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വ്യക്തികളുടെ പണമിടപാട് കുറയ്ക്കാനും ഡിജിറ്റല്‍ രീതി പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്ര ധനമന്ത്രാലയം ഫിനാന്‍സ് നിയമത്തില്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനത്തിലാണിത്. വ്യക്തികള്‍, കൂട്ടുകുടുംബം, കമ്പനി, പങ്കാളിത്ത സംരംഭം, ലോക്കല്‍ അതോറിറ്റി, അസോസിയേഷന്‍ ഓഫ് പീപ്പിള്‍, വ്യക്തികളുടെ സമിതി തുടങ്ങിയവയ്ക്കാണ് ഈ നിര്‍ദേശം ബാധകമാകുന്നതെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതില്‍ സഹകരണ സംഘം എന്ന പേരില്ല. എന്നാല്‍, വ്യക്തികളുടെ സമിതി ( ബോഡി ഓഫ് ഇന്‍ഡിവിഡ്യുവല്‍ ) എന്ന വിശേഷണം സഹകരണ സംഘങ്ങള്‍ക്കും ബാധകമാണെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. മാത്രവുമല്ല, ആര്‍ക്കൊക്കെയാണ് നികുതി നല്‍കുന്നതില്‍ ഇളവുള്ളതെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിങ് ബിസിനസ് ചെയ്യുന്ന സഹകരണ സംഘങ്ങള്‍, ബാങ്കിങ് കമ്പനിയുടെ ബിസിനസ് കറസ്‌പോണ്ടന്റ് എന്നിവയ്‌ക്കെല്ലാം പണം പിന്‍വലിക്കുന്നതിന് നികുതി നല്‍കേണ്ടതില്ല. ഇതില്‍നിന്നു കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ അടക്കമുള്ള എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളും പിന്‍വലിക്കുന്ന പണത്തിന്റെ തോതിനനുസരിച്ച് രണ്ടു ശതമാനം നികുതി നല്‍കേണ്ടിവരുമെന്ന് ഉറപ്പാണ്. അതായത്, വ്യക്തിഗത അക്കൗണ്ടിന് ഉപരിയായി ഒരു പരിഗണനയും സഹകരണ സംഘങ്ങളുടെ അക്കൗണ്ടിന് നല്‍കിയിട്ടില്ല.
സാധാരണ ജനങ്ങളുമായി നേരിട്ട് ഇടപാട് നടത്തുന്ന സ്ഥാപനങ്ങളാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍. ഇവിടെ നടക്കുന്ന 60 ശതമാനം ഇടപാടും പണമായിട്ടുള്ളതാണ്. ഡിജിറ്റല്‍ മണി ട്രാന്‍സ്ഫര്‍ പ്രായോഗികമല്ല. അതിനാല്‍, കേരളത്തിലെ 1642 പ്രാഥമിക സഹകരണ ബാങ്കുകളെ ഗുരുതരമായി ഇത് ബാധിക്കും.
ഈ വ്യവസ്ഥ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രാഥമിക സഹകരണ ബാങ്കുകളെയാവും. സാധാരണ ജനങ്ങളുമായി നേരിട്ട് ഇടപാട് നടത്തുന്ന സ്ഥാപനങ്ങളാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍. ഇവിടെ നടക്കുന്ന 60 ശതമാനം ഇടപാടും പണമായിട്ടുള്ളതാണ്. ഡിജിറ്റല്‍ മണി ട്രാന്‍സ്ഫര്‍ പ്രായോഗികമല്ല. അതിനാല്‍, കേരളത്തിലെ 1642 പ്രാഥമിക സഹകരണ ബാങ്കുകളെ ഗുരുതരമായി ഇത് ബാധിക്കും. ബാങ്കുകളെ ബാധിക്കുന്ന അതേരീതിയിലല്ലെങ്കിലും പന്ത്രണ്ടായിരത്തോളം വരുന്ന മറ്റ് സഹകരണ സംഘങ്ങള്‍ക്കും ഈ വ്യവസ്ഥ തിരിച്ചടിയാണ്. പ്രാഥമിക സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഓരോ ദിവസവും ഇടപാടിനു ശേഷം ബാക്കിവരുന്ന പണം ജില്ലാ ബാങ്കുകളില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍നിന്ന് ആവശ്യമുള്ള പണം പിന്‍വലിച്ചാണ് ഓരോ ദിവസവും ഇടപാടു തുടങ്ങുക. ഒരു പ്രാഥമിക സഹകരണ ബാങ്കിന്റെഒരു ശാഖയില്‍ ശരാശരി 25 ലക്ഷം രൂപയുടെ പണമിടപാട് നടക്കുന്നുണ്ട്. 1642 ബാങ്കുകള്‍ക്ക് 4500 ശാഖകളാണ് കേരളത്തിലുള്ളത്. 550 ബാങ്കുകള്‍ പത്തു ശാഖകള്‍ക്ക് മുകളിലുള്ളവയാണ്. നാല് ശാഖകളുള്ള ഒരു ബാങ്കിനുപോലും ഒരു ദിവസം ഒരു കോടിക്ക് മുകളില്‍ പണം ജില്ലാബാങ്കില്‍നിന്ന് പിന്‍വലിക്കേണ്ടിവരും. ഇത് ഒരുദിവസത്തെ കണക്കാണ്. ഒരു സാമ്പത്തിക വര്‍ഷം ആകെ പിന്‍വലിക്കുന്ന പണത്തിന്റെ തോതിനാണ് നികുതി ഈടാക്കുന്നത്. അതനുസരിച്ചാണെങ്കില്‍ കോടികള്‍ സഹകരണ ബാങ്കുകള്‍ നികുതിയായി നല്‍കേണ്ടിവരും.
ഒമ്പത് ശതമാനം പലിശയ്ക്ക് അംഗങ്ങളില്‍നിന്ന് സ്വീകരിക്കുന്ന നിക്ഷേപമാണ് പ്രാഥമിക സഹകരണ ബാങ്കുകളും സംഘങ്ങളും ജില്ലാ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്. ഈ നിക്ഷേപത്തിന് ആദായനികുതി ചുമത്തി ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കുന്നുണ്ട്. അതിന് പുറമെയാണ്, പിന്‍വലിക്കുന്നതിന് രണ്ട് ശതമാനം അധിക നികുതികൂടി ചുമത്തുന്നത്. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനടക്കം വിതരണം ചെയ്യുന്നത് സഹകരണ സംഘങ്ങളാണ്. ഒരു കോടിക്ക് മുകളില്‍ പെന്‍ഷന്‍ തുക വിതരണം ചെയ്യുന്ന സംഘങ്ങളുണ്ട്. ആ തുക പിന്‍വലിക്കുന്നതിനു പോലും അധിക നികുതി നല്‍കേണ്ടിവരും. പിന്‍വലിക്കുന്ന പണത്തിന് നികുതി ചുമത്തുമെന്നു കാണിച്ച് ജില്ലാ സഹകരണ ബാങ്കുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
സഹകരണ വകുപ്പ് മൗനത്തില്‍ത്തന്നെ
ആദായനികുതിയുടെ കാര്യത്തില്‍ കാണിച്ച അതേ നിസ്സംഗത പണം പിന്‍വലിക്കുന്നതിന് ഈടാക്കുന്ന രണ്ടു ശതമാനം അധിക നികുതിയുടെ കാര്യത്തിലും സഹകരണ വകുപ്പ് തുടരുകയാണ്. അധിക നികുതി പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ബാധകമാവില്ലെന്ന നിലപാടാണ് സഹകരണ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍നിന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാടില്‍ സഹകരണ വകുപ്പ് എത്തിയിട്ടുള്ളത്. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ ബാങ്കിങ് ബിസിനസ് ആണ് ചെയ്യുന്നതെന്നും അതിനാല്‍ നികുതി നല്‍കേണ്ടതില്ലെന്നുമാണ് ചില ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ സഹകരണ വകുപ്പിന് നല്‍കിയ വിശദീകരണം. ബാങ്കിങ് ബിസിനസ് ചെയ്യുന്ന സഹകരണ സംഘങ്ങളെ നികുതി ഒടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലറില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ നിഗമനത്തിന്റെ അടിസ്ഥാനം. ബാങ്കിങ് ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഫിനാന്‍സ്് നിയമത്തിലെ ഭേദഗതിയില്‍ നിര്‍വചനം നല്‍കിയിട്ടില്ലെന്നതാണ് ഈ വ്യാഖ്യാനത്തിന്റെ ഊന്നല്‍.
അതേസമയം, ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ കൃത്യമായ നിര്‍വചനം നല്‍കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കേ ബാങ്കിങ് ബിസിനസ് നടത്താനാവൂവെന്നും ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്നീ പേര് ഉപയോഗിക്കാവൂവെന്നും ആര്‍.ബി.ഐ. ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൊന്നിലും, ആര്‍.ബി.ഐ. നിയന്ത്രണത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെ ബാങ്കിങ് ബിസിനസ് ചെയ്യുന്നവയായി കണക്കാക്കിയിട്ടില്ല. മാത്രവുമല്ല, പൊതുജനങ്ങളില്‍നിന്ന് നിക്ഷേപവും പൊതുജനങ്ങള്‍ക്ക് വായ്പയും നല്‍കുന്നതാണ് ബാങ്കിങ് ബിസിനസ്. സഹകരണ സംഘങ്ങള്‍ അംഗങ്ങളില്‍ നിന്നുമാത്രം നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്കുമാത്രം വായ്പ അനുവദിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ്. അതിനാല്‍, ഇത് ബാങ്കിങ് ബിസിനസല്ല. അതുകൊണ്ടുതന്നെ കേന്ദ്ര നിയമഭേദഗതിയിലോ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലറിലോ ഇതുസംബന്ധിച്ച് ഒരാശയക്കുഴപ്പവുമില്ല. പ്രാഥമിക സഹകരണ ബാങ്കുകളടക്കം കേരളത്തിലെ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളും ഒരു കോടിയിലധികം പണമായി പിന്‍വലിക്കുമ്പോള്‍ അധിക നികുതി നല്‍കേണ്ടിവരുമെന്ന് ഉറപ്പാണ്. ഇത് പിടിച്ചുനല്‍കാനുള്ള ബാധ്യത അക്കൗണ്ട് സൂക്ഷിക്കുന്ന ബാങ്കുകള്‍ക്കാണ്. അത് ചെയ്തില്ലെങ്കില്‍ ഈ ബാങ്കുകള്‍ പിഴ നല്‍കേണ്ടിവരും. അതുകൊണ്ടാണ്, പിന്‍വലിക്കുന്ന പണത്തിന് നികുതി ഈടാക്കുമെന്ന് കാണിച്ച് ജില്ലാ ബാങ്കുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.
ഇതുവരെ ഒരു സംഘത്തില്‍നിന്നും നികുതി പിടിച്ചുതുടങ്ങിയിട്ടില്ലെന്നതാണ് സഹകരണ വകുപ്പ് ആശ്വസിക്കുന്നതിന് കാരണം. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം സര്‍ക്കാര്‍ തലത്തിലുണ്ടാകുമെന്നതാണ് ജില്ലാ ബാങ്കുകളുടെ കാത്തിരിപ്പിന്റെ അടിസ്ഥാനം. നിയമം സെപ്റ്റംബര്‍ ഒന്നിനു നിലവില്‍വന്നിട്ടും നികുതി പിടിച്ചിട്ടില്ലെന്നത് ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന കണക്കു കൂട്ടല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും അന്തിമ തീര്‍പ്പല്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ഇടപെടല്‍ അനിവാര്യമാണ്. നികുതി ബാധകമാണെങ്കില്‍, അതില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ അടിയന്തരമായി സമ്മര്‍ദ്ദം ചെലുത്തേണ്ടിവരും. സാമ്പത്തികമാന്ദ്യം അലട്ടിത്തുടങ്ങുന്ന ഘട്ടമായതിനാല്‍ കൂടുതല്‍ പണം സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് വേണ്ടത്. അതിന് ഏറ്റവും നല്ല ചാലക ശക്തി പ്രാഥമിക സഹകരണ സംഘങ്ങളാണ്. നികുതിയെക്കുറിച്ച് വ്യക്തത വരുത്തിയാലേ സംഘങ്ങള്‍ക്ക് പരിധിയില്ലാതെ പണം പിന്‍വലിച്ച് ഇടപാടു നടത്താന്‍ കഴിയൂ.
അധികനികുതി പ്രശ്‌നം കേരളത്തെപ്പോലെ അത്ര തീവ്രതയില്‍ മറ്റു സംസ്ഥാനങ്ങളെ ബാധിക്കാനിടയില്ല. കാരണം, അവിടത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ പരിമിതമായ ഇടപാടുകളേ നടക്കുന്നുള്ളു. ഇന്ത്യയില്‍ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ പകുതിയിലേറെ കേരളത്തില്‍ നിന്നാണ്. കേരളത്തിലെ നിക്ഷേപത്തിന്റെ 80 ശതമാനവും പ്രാഥമിക സംഘങ്ങളുടെതാണ്. ഇതില്‍നിന്ന് തന്നെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ഇടപാടിന്റെ തോത് എത്രയാണെന്ന് ബോധ്യപ്പെടും. അതിനാല്‍, കേരളമാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. ഒറ്റയ്ക്കുള്ള ശ്രമത്തിനൊപ്പം, മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ വകുപ്പുമായി ചേര്‍ന്നും ഇടപെടാനാവണം. സഹകാരികളും ഒന്നിക്കണം. നടപ്പായിത്തുടങ്ങിയിട്ട് പരിഹാരം തേടാനാണ് കാത്തിരിക്കുന്നതെങ്കില്‍ ആദായനികുതി ഇളവിന്റെ അതേ അനുഭവമാകും ഇവിടെയും ഉണ്ടാവുക. മാത്രവുമല്ല, പിടിച്ചുനിര്‍ത്താനാകാത്ത തകര്‍ച്ചയിലേക്ക് സഹകരണ മേഖല ചെന്നെത്തും. ഇനിയും മൗനം തുടര്‍ന്നാല്‍ അത് സഹകരണ മേഖലയുടെ നാശത്തിന് വഴിവെക്കും. ഐക്യനാണയ സംഘവും ചക്കരയാട്ട് സംഘവുമൊക്കെയായി എത്രയോ സഹകാരികള്‍ വിയര്‍പ്പൊഴുക്കി പണിത ബദല്‍ സാമ്പത്തിക മാതൃകയാണിത്. സര്‍ക്കാരും സഹകാരികളും വകുപ്പ് ഉദ്യോഗസ്ഥരും ഇപ്പോള്‍ കാണിക്കുന്ന നിസ്സംഗതയും മൗനവും ഇതുവരെ നേടിയ നേട്ടങ്ങളെ ഇല്ലാതാക്കിയാല്‍ അതിന് കാലം മാപ്പു നല്‍കാനിടയില്ല.