ഇൻകം ടാക്സ് – സഹകരണസംഘങ്ങൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് കരകുളം കൃഷ്ണപിള്ള.

[mbzauthor]

ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഇപ്പോഴത്തെ രീതി തുടർന്നാൽ വൈകാതെ കേരളത്തിലെ സഹകരണ സംഘങ്ങൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് പ്രമുഖ സഹകാരിയും യുഡിഎഫിന്റെ സഹകരണ ജനാധിപത്യ വേദി കൺവീനറുമായ കരകുളം കൃഷ്ണപിള്ള പറഞ്ഞു. ഈ രീതി തുടർന്നാൽ സഹകരണമേഖല വൈകാതെ പൂട്ടും. ഈ വാക്ക് ഉപയോഗിക്കാനാണ് എനിക്കിഷ്ടം. അത്രയേറെ പ്രതിസന്ധിയിലൂടെയാണ് സഹകരണമേഖല ഇപ്പോൾ പോകുന്നത്. ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ്, റിസർവ് ബാങ്ക് എന്നിവയുടെ അനാവശ്യമായ ഇടപെടൽ മൂലം സഹകരണമേഖലക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. വ്യാപകമായും സാർവത്രികമായും കോടിക്കണക്കിന് രൂപയാണ് ഇൻകംടാക്സ് നൽകണമെന്ന് നോട്ടീസ് നൽകുന്നത്. മലബാറിലെ ഒരു സഹകരണസംഘത്തിന് 100 കോടി രൂപയുടെ ഇൻകംടാക്സ് നോട്ടീസ് ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇത്രയും ഗുരുതര പ്രശ്നം സഹകരണമേഖല നേരിടുമ്പോഴും സംസ്ഥാന സർക്കാരിന് അനങ്ങാപ്പാറ നയമാണ്. കേരള ബാങ്ക് വന്നാൽ സഹകരണമേഖലയ്ക്ക് മോക്ഷം കിട്ടും എന്നാണ് ഇവരുടെ ധാരണ.

ഇൻകം ടാക്സ് വകുപ്പിന്റെ നീക്കത്തിനെതിരെ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയം കേന്ദ്രസർക്കാരിൽ നൽകിയതായി ഒരു വാർത്ത പോലും ഇതുവരെ കണ്ടിട്ടില്ല. ഇത്രയേറെ നിരുത്തരവാദപരമായാണ് സഹകരണവകുപ്പും സർക്കാരും പെരുമാറുന്നത്. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്കുള്ള ഷെയർ ഇപ്പോൾ പൂജ്യമാണ്. തിരുവന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ മൂലധന പര്യാപ്തത നഷ്ടപ്പെട്ടതാണ് ഇതിന് കാരണം.

സഹകരണ വകുപ്പിന്റെ ഓഡിറ്റ് ഇൻകംടാക്സ് അംഗീകരിക്കുന്നില്ല. പിന്നെയെന്തിനാണ് വകുപ്പിൽ ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് എന്നും അദ്ദേഹം ചോദിച്ചു. സഹകരണസംഘങ്ങളുടെ കണക്കുകൾ പരിശോധിച്ച് ഇൻകം ടാക്സ് ഉദ്യോഗസ്ഥരാണ് ഇപ്പോൾ കണക്ക് തയ്യാറാക്കുന്നതും ടാക്സ് നിശ്ചയിക്കുന്നതും. പ്രാഥമിക സഹകരണ സംഘങ്ങൾ മറ്റു ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുകയുടെ പലിശയുടെ 10% ഇൻകം ടാക്സ് കൊടുക്കണം എന്നാണ് ഇപ്പോഴത്തെ നിർദ്ദേശം. ഈ രീതിയിൽ അധികം മാസങ്ങൾ തുടർന്നു പോകാൻ സഹകരണസംഘങ്ങൾക്ക് സാധിക്കില്ല. സർക്കാർ ഇടപെടുന്നില്ല. അതുകൊണ്ടുതന്നെ സഹകരണസംഘങ്ങൾ അതിനെ നേരിടാനുള്ള വഴികൾ ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അത്രയേറെ ഗൗരവത്തിലാണ് യുഡിഎഫും കോൺഗ്രസും ഈ വിഷയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.