ഇൻകം ടാക്സ് വിഷയം – പ്രായോഗിക പരിഹാരം കണ്ടെത്താനായി വിവിധ തലങ്ങളിൽ ചർച്ചകൾ.
സഹകരണമേഖലയിൽ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ നടത്തുന്ന നീക്കത്തിന് ശാശ്വതവും പ്രായോഗികമായ പരിഹാരം കണ്ടെത്താനായി സഹകാരികളും സഹകരണ ജീവനക്കാരും വ്യത്യസ്ത സ്ഥലങ്ങളിൽ ചർച്ചകളും നിയമ സാധുതയും ആരായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സഹകാരികളും ജീവനക്കാരുടെ സംഘടനകളും വിവിധ തലങ്ങളിൽ ചർച്ചകളും സെമിനാറുകളും പ്രായോഗിക വശങ്ങളും ആലോചിക്കുന്നത്. ഒപ്പംതന്നെ സംസ്ഥാനസർക്കാറിൽ സമ്മർദ്ദം ചെലുത്തി, വിഷയം കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുകയും പരിഹാരത്തിനായി ശ്രമം നടത്തുകയും ചെയ്യും. വിഷയത്തെ അതീവ ഗൗരവത്തിലാണ് ഇപ്പോൾ സഹകാരികളും സഹകരണ ജീവനക്കാരും കാണുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാരിൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമാണ് വേണ്ടതെന്ന പൊതുവികാരമാണ് സഹകാരികൾകുഉള്ളത്.
സഹകരണ ഓഡിറ്റ്, ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ സഹകരണ ഓഡിറ്റ് രീതി മാറ്റുന്നതിന് വകുപ്പിൽ നിന്ന് പരിഹാരമുണ്ടാക്കണമെന്നാണ് സഹകാരികളുടെ ആവശ്യം.ഒപ്പം ഇരുപത്തിയഞ്ച് ശതമാനം കാർഷിക വായ്പ നൽകുന്ന സംഘങ്ങളെ പാക്സ് ആയി പരിഗണിക്കാനും 80 p ഇളവ് അനുവദിക്കാനുമുള്ള ധാരണ സർക്കാർ തലത്തിൽ ഉണ്ടാകേണ്ടതുണ്ട്. ഇതിനായി സഹകരണ സംഘം രജിസ്ട്രാർ കാർഷിക വായ്പയ്ക്ക് കുറഞ്ഞ പരിധി നിശ്ചയിച് സർക്കുലർ ഇറക്കേണ്ടിവരും. ഇൻകം ടാക്സ് വകുപ്പിനെയും ഉദ്യോഗസ്ഥരെയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തണം.
കാർഷിക വായ്പ ഇരുപത്തിയഞ്ച് ശതമാനമെങ്കിലും എത്തിക്കാനായി സംഘങ്ങൾക്ക് എന്ത് ചെയ്യാനാവുമെന്നത് പ്രായോഗിക പരിശോധന ആവശ്യമാണ്.
ഈ വിഷയങ്ങൾ പരിശോധിക്കുന്നതിനായാണ് പല തലത്തിലും വരും ദിവസങ്ങളിൽ സംഘങ്ങുടെയും സഹകാരികളുടെയും യോഗം വിളിക്കുന്നത്.
സഹകരണ ജനാധിപത്യ വേദി, ഈമാസം 10,14,27 തീയതികളിൽ വിവിധതലങ്ങളിൽ സഹകാരികളുടെ യോഗങ്ങളും വിഷയം കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ ആവശ്യമായ സമരങ്ങൾക്കും നേതൃത്വം നൽകും. ജീവനക്കാരുടെ സംഘടനയായ കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ഈ മാസം 22ന് പ്രത്യേക കൗൺസിൽ വിളിച്ചു ചേർക്കുന്നുണ്ട്. ജീവനക്കാർകിടയിലെ ആശങ്കകൾ, സർക്കാരിനെ ബോധ്യപ്പെടുത്തുകയും പരിഹാരത്തിനായി സമ്മർദ്ദം ചെലുത്തുകയും ആണ് ലക്ഷ്യം. ഒപ്പം സമര മാർഗങ്ങളും ആലോചിക്കുന്നുണ്ട്.
കേരള സഹകരണ ഫെഡറേഷൻ സംസ്ഥാനത്തെ മൂന്ന് സ്ഥലങ്ങളിൽ സഹകാരികളെയും ഇൻകംടാക്സ് മായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെയും ഈ രംഗത്തുള്ള വരെയും പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകളും ചർച്ചകളും ഒരുക്കും. ചാർട്ടേഡ് അക്കൗണ്ടന്റ്സ് , അഡ്വക്കേറ്റ്സ് , ഉദ്യോഗസ്ഥർ, ഉപദേശകർ എന്നിവരടങ്ങുന്ന ഒരു കൂട്ടായ്മയാണ് ഉദ്ദേശിക്കുന്നത്. 19ന് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളത്ത് നടക്കുന്ന യോഗത്തിൽ ഈ കൂട്ടായ്മയിലുള്ളവരും പങ്കെടുക്കും.
ഈ മാസം 20ന് സഹകരണ സംരക്ഷണ സമിതിയും ഈ വിഷയം ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം സഹകരണ യൂണിയനിൽ യോഗം വിളിച്ചിട്ടുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടികളിലുള്ള സഹകാരികൾ യോഗത്തിൽ സംബന്ധിക്കുമെന്ന് സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ പറഞ്ഞു. യോഗത്തിൽ ഉരുത്തിരിയുന്ന ആശയവും ആശങ്കയും സർക്കാരിനെ അറിയിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യും.
സഹകാരികളുടെയും നിക്ഷേപകരുടെയും സഹകരണ ജീവനക്കാരുടെയും പൊതു പ്രശ്നം എന്ന നിലയിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുവായി നിൽക്കാനാണ് കേരളത്തിലെ സഹകാരികൾ ഒന്നടങ്കം ആലോചിക്കുന്നത്. വരുംദിവസങ്ങളിൽ ഇതിന് ആവശ്യമായ പൊതുനിര രൂപപ്പെടും എന്ന പ്രതീക്ഷയിലാണ് സഹകാരികൾ.