ആയുഷ്മാന്‍ സഹകാര്‍ പദ്ധതി: എന്‍.സി.ഡി.സി.യുടെ ധനസഹായത്തിനുസംഘങ്ങള്‍ക്ക് അപേക്ഷിക്കാം
പ്രകൃതിദത്തമായ ആരോഗ്യരക്ഷാ സംവിധാനം, വിദ്യാഭ്യാസം, സേവനം എന്നിവ നടപ്പാക്കുന്ന ആയുഷ്മാന്‍ സഹകാര്‍ പദ്ധതിപ്രകാരം സഹകരണ സംഘങ്ങള്‍ക്കു നല്‍കുന്ന ധനസഹായത്തിനു ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) അപേക്ഷ ക്ഷണിച്ചു.
സഹകരണ സംഘങ്ങള്‍ വഴി ആശുപത്രികള്‍, ആരോഗ്യരക്ഷാ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ പ്രകൃതിദത്തമായ ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ആയുഷ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ദേശീയ ആരോഗ്യനയത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനും ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനില്‍ പങ്കെടുക്കുന്നതിനും വിദ്യാഭ്യാസം, സേവനം, ഇന്‍ഷുറന്‍സ് എന്നിയുള്‍പ്പെടെ സമഗ്ര ആരോഗ്യരക്ഷാ പദ്ധതികള്‍ പ്രദാനം ചെയ്യുന്നതിനും സഹകരണ സംഘങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണു എന്‍.സി.ഡി.സി. ആയുഷ്മാന്‍ സഹകാര്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
ആശുപത്രി, ആരോഗ്യരക്ഷാ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യവികസനവും ആധുനികീകരണവും ആശുപത്രിനവീകരണവുമാണു ആയുഷ്മാന്‍ സഹകാറിനു കീഴിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതിനായി ആശുപത്രികള്‍ / മെഡിക്കല്‍ / ആയുഷ് / ഡെന്റല്‍, നഴ്‌സിങ് / ഫാര്‍മസി / പാരാ മെഡിക്കല്‍ / ഫിസിയോ തെറപ്പി കോളേജുകള്‍, യോഗ വെല്‍നെസ് കേന്ദ്രങ്ങള്‍, ആയുര്‍വേദ / അലോപ്പതി / യുനാനി / ഹോമിയോപ്പതി / മറ്റു പാരമ്പര്യ ചികിത്സാ കേന്ദ്രങ്ങള്‍, വയോജനങ്ങള്‍ക്കായുള്ള ആരോഗ്യരക്ഷാ സേവനകേന്ദ്രം, പാലിയേറ്റീവ് സേവനകേന്ദ്രം, വിഭിന്നശേഷിക്കാര്‍ക്കുള്ള ആരോഗ്യരക്ഷാ സേവനകേന്ദ്രം, മാനസികാരോഗ്യ സേവനം, അടിയന്തര മെഡിക്കല്‍ സേവനം, ട്രോമാ സെന്റര്‍, ഫിസിയോ തെറപ്പി സെന്റര്‍, മൊബൈല്‍ ക്ലിനിക് സര്‍വീസ്, ഹെല്‍ത്ത് ക്ലബ്, ജിം, ആയുഷ് ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണം, ഔഷധ പരിശോധനാ ലാബ്, ഡന്റല്‍ കെയര്‍ സെന്റര്‍, നേത്രരോഗ ചികിത്സാലയം, ലാബറട്ടറി സര്‍വീസ്, ഡയഗ്നോസ്റ്റിക് സര്‍വീസ്, ബ്ലഡ് ബാങ്ക് / ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസ്, പഞ്ചകര്‍മ / ക്ഷാര്‍ സൂത്ര തെറപ്പി സെന്റര്‍, മാതൃ / ശിശു സേവനകേന്ദ്രം, മറ്റു സേവനകേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനമാണു പദ്ധതിക്കു കീഴില്‍ നടപ്പാക്കുക. ഇവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം നല്‍കും.
സംസ്ഥാന / മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങള്‍ക്കു ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ / കേന്ദ്രഭരണ പ്രദേശ ഭരണകൂങ്ങള്‍ വഴിയോ സംഘങ്ങള്‍ക്കു നേരിട്ടോ ആയിരിക്കും സഹായം നല്‍കുക. എട്ടു വര്‍ഷമായിരിക്കും വായ്പാ കാലാവധി. തിരിച്ചടവിനുള്ള മുതലിന്മേല്‍ ആദ്യത്തെ 1-2 വര്‍ഷം മൊറോട്ടോറിയം അനുവദിക്കും. നേരിട്ട് ഫണ്ട് അനുവദിക്കുന്നപക്ഷം സഹകരണ സംഘം സെക്യൂരിറ്റി നല്‍കേണ്ടിവരും. എന്‍.സി.ഡി.സി. നല്‍കുന്ന വായ്പയുടെ ഒന്നര മടങ്ങ് ആസ്തി പണയപ്പെടുത്തേണ്ടിവരും. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഗാരണ്ടി നല്‍കേണ്ടിവരും. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ncdc.in സന്ദര്‍ശിക്കുകയോ റീജ്യണല്‍ / ഹെഡ് ഓഫീസുകളുമായി ബന്ധപ്പെടുകയോ ചെയ്യുക.