ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിലുള്ള ശിവദാസ് ചേറ്റൂരിന്റെ ലേഖനം.
ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിലുള്ള ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു ഭാഗം പത്ത്.
64. കഴിഞ്ഞ ലക്കങ്ങളിൽ തുടങ്ങിവെച്ച കേരള ഹൈക്കോടതിയുടെ ചിറക്കൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ വിധിയെ കുറിചുള്ള വിശകലനം തുടരുന്നു.
65. സെക്ഷൻ 80P പ്രകാരം ഇളവ് തീരുമാനിക്കുന്നതിനായി സെക്ഷൻ 139 (1) / (4) അല്ലെങ്കിൽ സെക്ഷൻ 142 (1) / 148 പ്രകാരം നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞു സമർപ്പിച്ച അല്ലെങ്കിൽ വൈകി ഫയൽ ചെയ്ത റിട്ടേണുകളുടെ അടിസ്ഥാനത്തിൽ സെക്‌ഷൻ 80P യുടെ ആനുകൂല്യം നല്കാൻ വ്യവസ്ഥയുണ്ടോ എന്നതാണ് കോടതി രണ്ടാമത് പരിഗണിച്ച വിഷയം എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ.
66. ചിറക്കൽ ബാങ്കിന്റെ കേസ് പരിഗണനക്കു വന്നപ്പോൾ അതിന്റെ കൂടെ തന്നെ വേറെ ചില ബാങ്കുകളുടെ കേസുകൾ കൂടി കോടതി പരിഗണനക്കായി എടുത്തിരുന്നു. ആ കേസുകളിൽ ചിലത് സെക്‌ഷൻ 139 (1 ) അല്ലെങ്കിൽ സെക്‌ഷൻ 139 (4 ) ഇത് നിശ്ചയിച്ച സമയപരിധി കഴിഞ്ഞു റിട്ടേൺ സമർപ്പിച്ച കേസുകൾ ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ സെക്‌ഷൻ 142 (1)/ 148 (1 ) തുടങ്ങിയ വകുപ്പുകൾ പ്രകാരം നിശ്ചയിച്ച സമയ പരിധി കഴിഞ്ഞു റിട്ടേൺ സമർപ്പിച്ച കേസുകളും ഉണ്ടായിരുന്നു.
67. മേല്പറഞ്ഞ വകുപ്പുകളിൽ നിശ്ചയിച്ച സമയ പരിധി കഴിഞ്ഞു സമർപ്പിച്ച റിട്ടേൺ പ്രകാരം 80P യുടെ ആനുകൂല്യങ്ങൾ തരാൻ കഴിയില്ലെന്ന് ആദായനികുതി വകുപ്പ് ഉത്തരവിൽ പറഞ്ഞിരുന്നു. അതിനെയും കോടതിയിൽ ചോദ്യം ചെയ്തിരുന്നു. സെക്‌ഷൻ 80A (5 ) വകുപ്പാണ് ആദായനികുതി വകുപ്പ് പാക്സിനെതിരായി പ്രയോഗിച്ചത്. ആ വകുപ്പ് പ്രകാരം നികുതി റിട്ടേൺഇൽ സെക്‌ഷൻ 80P യുടെ കിഴിവ് ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ അത് അനുവദിച്ച കൊടുക്കേണ്ട എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ആവശ്യപെട്ടില്ലെങ്കിൽ 80P യുടെ ആനുകൂല്യങ്ങൾ കൊടുക്കേണ്ടതില്ല എന്ന നിലപാട് ആദായനികുതി വകുപ്പ് എടുത്തത്.
68. സെക്‌ഷൻ 80A(5) എന്താണ് പറയുന്നതെന്ന് പരിശോധിക്കാം. chapter VI -A യിൽ ആദായത്തിൽ നിന്നും കിഴിവ് അനുവദിക്കുന്ന വകുപ്പുകൾ പ്രകാരം കിഴിവ് ലഭിക്കണമെങ്കിൽ നമ്മൾ സമർപ്പിക്കുന്ന return ഇൽ ആ കിഴിവ് ആവശ്യപ്പെട്ടിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നു.
സെക്‌ഷൻ 80P chapter VI -A യിൽ ആണ് വരുന്നത്. അതിനാൽ പാക്‌സ് റിട്ടേൺ സമർപ്പിക്കുമ്പോൾ 80P യുടെ ആനുകൂല്യം ആവശ്യപെട്ടില്ലെങ്കിൽ ആദായനികുതി വകുപ്പിന് ആ ആനുകൂല്യം നിങ്ങൾക്ക് അനുവദിച്ച തരേണ്ട കാര്യമില്ല എന്ന് ചുരുക്കം. സെക്‌ഷൻ 80A (5 ) നിലവിൽ വന്നത് 2009 Finance Act പ്രകാരം ആണെങ്കിലും അതിനു പിൻകാല പ്രാബല്യത്തോടെ 01 – 04 -2003 മുതൽക്കു തന്നെ നിലവിൽ വന്നതായി ഭേദഗതിയിൽ പറഞ്ഞിരുന്നു..
69. എന്നാൽ ഈ ഒരു നിബന്ധന വരുന്നതിനു മുമ്പ് നമ്മൾ 80P യുടെ അനുകുല്യം ആവശ്യപെട്ടില്ലെങ്കിൽ പോലും അനുവദനീയമാണെന്ന് കോടതികളും ട്രിബുണലുകളും വിധി പ്രസ്താവിച്ചിരുന്നു. ഈ വിധികളെ മറികടക്കാനായി പാര്ലമെന്റ് നിയമത്തിൽ ഭേദഗതി വരുത്തിയതാണെന്നു വ്യക്തം. അതും പിൻകാല പ്രാബല്യത്തോടെ !!!
70. എന്നാൽ സെക്‌ഷൻ 80A (5 ) 2009 ഇൽ വരുന്നതിനു മുമ്പ് തന്നെ 2006 ഇൽ സെക്‌ഷൻ 80AC എന്നൊരു വകുപ്പ് നിലവിൽ വന്നിരുന്നു. ആ വകുപ്പ് പ്രകാരം chapter VI -A യിൽ എടുത്തു പറഞ്ഞ ചില വകുപ്പുകൾ പ്രകാരം ഉള്ള കിഴിവിനു മാത്രമേ റിട്ടേൺ ഇൽ ആവശ്യപ്പെടാതെ ഇരുന്നാൽ നിഷേധിക്കാൻ അധികാരം ഉണ്ടായിരുന്നുള്ളു. അതിൽ 80P പറഞ്ഞിരുന്നില്ല. അതായത് സെക്‌ഷൻ 80AC പ്രകാരം 80P ആനുകൂല്യം നിഷേധിക്കാൻ ആദായനികുതി വകുപ്പിന് കഴിയില്ല. അതുകൊണ്ടു സെക്‌ഷൻ 80A (5 ) യും സെക്‌ഷൻ 80AC യും കൂട്ടി വായിച്ചാൽ 80P യുടെ 80P ആനുകൂല്യം നിഷേധിക്കാൻ ആദായനികുതി വകുപ്പിന് കഴിയില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ കോടതി വിധി പാക്സിന് വളരെ അധികം ഉപകാരപ്രദമാണ്.
71. സെക്‌ഷൻ 142 (1)/ 148 (1 ) തുടങ്ങിയ വകുപ്പുകൾ പ്രകാരം നിശ്ചയിച്ച സമയ പരിധി കഴിഞ്ഞു റിട്ടേൺ സമർപ്പിച്ച കേസുകളിലും കോടതി മേല്പറഞ്ഞ നിലപാട് തന്നെ സ്വീകരിച്ചു എന്നത് നമുക്ക് ആശ്വാസം പകരുന്ന ഒരു കാര്യമാണ്. ഒരു നികുതിദായകൻ അവന്റെ അറിവില്ലായ്മകൊണ്ടോ മറ്റോ അവനു ലഭിക്കേണ്ട കിഴിവ് റിട്ടേൺ ഇൽ ആവശ്യപ്പെടാൻ വിട്ടുപോയാൽ അവന്റെ അറിവില്ലായ്‍മയെ ആദായനികുതി വകുപ്പ് മുതലെടുക്കരുതെന്നു കോടതി പറഞ്ഞു. എത്രയോ കേസുകളിൽ മേല്പറഞ്ഞ സാഹചര്യത്തിൽ commissionner, tribunal തുടങ്ങിയ അപ്പലേറ്റ് അധികാരികൾ നികുതിദായകന്റെ രക്ഷക്കെത്തിയിരുന്നു. പല കോടതികളും സമാനമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ചിരുന്നു.
അങ്ങിനെ രണ്ടാമത്തെ വിഷയത്തിലും പാക്സിന് അനുകൂലമായ തീരുമാനമാണ് കോടതി എടുത്തത്.
കോടതി കൈകാര്യം ചെയ്ത മൂന്നാമത്തെ വിഷയം അടുത്ത ലക്കത്തിൽ ചർച്ച ചെയ്യാം.
തുടരും..