ആദായനികുതി വകുപ്പിന്റെ ഇടപെടൽ സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് വകുപ്പ് മന്ത്രി.

adminmoonam

ആദായനികുതി വകുപ്പിന്റെ ഇടപെടൽ സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞു.
റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ വരാത്ത എല്ലാ സഹകരണ സംഘങ്ങൾക്കും ആദായനികുതി ഇളവ് അനുവദിക്കാവുന്നതാണ് എന്ന് 1961ലെ ഇൻകം ടാക്സിൽ പറയുന്നുണ്ട്. എന്നാൽ 2017ലെ ഫിനാൻസ് ആക്ട് ഭേദഗതി പ്രകാരം പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ എന്നിവ ഒഴികെയുള്ള സഹകരണസംഘങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം നിഷേധിക്കപ്പെട്ടു. കൂടാതെ സംഘങ്ങളുടെ തീരുമാനത്തിൽ അധികഭാഗവും കാർഷികേതര പ്രവർത്തനങ്ങളിൽ നിന്നും നേടുന്നതാണ് എന്ന വാദം ആദായ നികുതി വകുപ്പ് കോടതിയിൽ പറഞ്ഞ് അവർക്ക് അനുകൂലമായി വിധി സമ്പാദിച്ചു. ഇതുമൂലം ഈ സഹകരണ സംഘങ്ങളുടെ അംഗങ്ങൾക്ക് ലഭിക്കുന്ന ഡിവിഡന്റിൽ കുറവ് വരികയും ലാഭത്തിൽ നിന്നും വക മാറ്റുന്ന മറ്റ് ഫണ്ടുകളെ ദോഷകരമായി ബാധിക്കുകയും ചെയ്തു.

കൂടാതെ സഹകരണ സംഘങ്ങളിലെ ഭൂരിഭാഗം നിക്ഷേപകരും സാധാരണക്കാരാണ്. നിക്ഷേപകർക്ക് ആദായ നികുതി നൽകേണ്ടി വരുമെന്ന ആദായനികുതി വകുപ്പ് നിലപാട് ബാങ്കിനെ നിക്ഷേപകരെ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും അത് സഹകരണ ബാങ്കുകളുടെ പ്രവർത്തന മൂലധനത്തെയും നിക്ഷേപത്തെയും പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എമാരായ സി. ദിവാകരൻ,മുല്ലക്കര രത്നാകരൻ, പി.മുഹമ്മദ് മുഹ്സിൻ, എൽദോ എബ്രഹാം എന്നിവരുടെ ചോദ്യത്തിന് മറുപടിയായി രേഖാമൂലം നൽകി.

ആദായനികുതി വകുപ്പ് നിയമപ്രകാരം ഒരാൾക്ക് 2 ലക്ഷം രൂപ വരെ മാത്രമേ പണമായി സ്വീകരിക്കാനോ നൽകാനോ കഴിയുകയുള്ളൂ എന്നത് സംഘങ്ങളുടെ ഇടപാടുകൾക്ക് പ്രതികൂലം ആണെന്നും കൂടാതെ 20,000 രൂപയിൽ കൂടുതൽ ഒരാൾക്ക് റൊക്കം പണമായി നൽകുവാൻ പാടില്ല എന്നതും സഹകരണസംഘങ്ങൾക്ക് പ്രതികൂലമാണെന്ന് മന്ത്രി എം.എൽ.എമാരെ അറിയിച്ചു.

കൂടാതെ വായ്പകളിലും ജപ്തികളിലും മൊറട്ടോറിയം പ്രഖ്യാപിച്ചത് വഴി വായ്പാതിരിച്ചടവിലും ഗണ്യമായ കുറവുണ്ടായതായും ബാങ്കുകളുടെ എൻ.പി.എ വർധിച്ചതായും മന്ത്രി സമ്മതിച്ചു. ഒപ്പം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനം കേരളത്തിലെ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

i

Leave a Reply

Your email address will not be published. Required fields are marked *

Latest News