അറുപതു കൊല്ലമായിട്ടും സ്വന്തം സഹകരണ നിയമമില്ലാതെ നാഗാലാന്റ്  

moonamvazhi

സംസ്ഥാനപദവി ലഭിച്ച് അറുപതു കൊല്ലമായിട്ടും സ്വന്തമായി സഹകരണനിയമമില്ലാത്ത ഒരു സംസ്ഥാനമുണ്ട് രാജ്യത്ത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റിനാണ് ഈ അപൂര്‍വ ‘ ബഹുമതി ‘ . 2017 ല്‍ സ്വന്തമായി സഹകരണസംഘംനിയമത്തിനു രൂപം നല്‍കിയിട്ടും ഇതുവരെയും അതിനാവശ്യമായ ചട്ടങ്ങളുണ്ടാക്കാന്‍ നാഗാലാന്റിനു കഴിഞ്ഞിട്ടില്ല.

നാഗാലാന്റ് സഹകരണവകുപ്പിന്റെ 2022-23 ലെ വാര്‍ഷിക ഭരണറിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു ‘ ദ മൊറംഗ് എക്‌സ്പ്രസ്സാ ‘ ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സഹകരണവകുപ്പിന്റെ വാര്‍ഷികറിപ്പോര്‍ട്ട് ഈയിടെ സമാപിച്ച നാഗാലാന്റ് നിയമസഭയുടെ സമ്മേളനത്തില്‍ മേശപ്പുറത്തു വെക്കുകയുണ്ടായി. 1953 ലെ അസം സഹകരണസംഘം ചട്ടങ്ങളാണു നാഗാലാന്റിലെ സഹകരണസംഘങ്ങള്‍ ഇപ്പോഴും പാലിച്ചുപോരുന്നത്. സ്വന്തമായ ചട്ടങ്ങള്‍ നാഗാലാന്റ് തയാറാക്കിവരുന്നേയുള്ളു. എന്നാണിതു പൂര്‍ത്തിയാവുക എന്നറിയില്ല. 1949 ലാണ് അസമില്‍ സഹകരണസംഘംനിയമം പ്രാബല്യത്തില്‍ വന്നത്. പക്ഷേ, ചട്ടങ്ങള്‍ തയാറായതു 1953 ലാണ്. 2017 ല്‍ നാഗാലാന്റ് നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം സഹകരണസംഘംനിയമം പാസാക്കിയിട്ടുണ്ട്. അസം സഹകരണസംഘം നിയമത്തിനു പകരമായിട്ടായിരുന്നു ഈ നിയമനിര്‍മാണം. പക്ഷേ, ചട്ടനിര്‍മാണം അനന്തമായി നീണ്ടു.

സഹകരണസംഘങ്ങള്‍ 1946 ല്‍ത്തന്നെ നാഗാലാന്റില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. രണ്ടു സംഘങ്ങളാണ് അക്കൊല്ലം തുടങ്ങിയത്. കൊഹിമയിലെ കൊഹിമ പയനിയേഴ്‌സ് സഹകരണസംഘവും മൊകോക്ചുങ്ങിലെ ആവോ ട്രേഡിങ് സഹകരണസംഘവും. രണ്ടും അസം സര്‍ക്കാരിനു കീഴിലാണു രജിസ്റ്റര്‍ ചെയ്തത്. ഇവയുടെ പ്രവര്‍ത്തനത്തിനായി അസം സര്‍ക്കാര്‍തന്നെ സഹകരണ ഉദ്യോഗസ്ഥരെയും വിട്ടുകൊടുത്തു. 1963 ല്‍ സംസ്ഥാനപദവി കിട്ടിയപ്പോഴാണു സ്വന്തമായൊരു സഹകരണനിയമത്തെക്കുറിച്ച് നാഗാലാന്റ് ആലോചിച്ചത്. 1966 ല്‍ കൃഷിവകുപ്പിനെ രണ്ടായി വിഭജിച്ചു സഹകരണവകുപ്പുണ്ടാക്കുകയും ചെയ്തു. ഓരോ ഗ്രാമത്തിലും ഒരു സഹകരണസംഘം എന്നതാണു സംസ്ഥാനത്തിന്റെ പ്രഖ്യാപിതലക്ഷ്യം.

2023 ജനുവരി 31 ന്റെ കണക്കനുസരിച്ച് നാഗാലാന്റില്‍ ഇപ്പോള്‍ 8,877 സഹകരണസംഘങ്ങളാണുള്ളത്. സംസ്ഥാനതലത്തില്‍ ഏഴ് അപക്‌സ് സംഘങ്ങളുമുണ്ട്. ഇതിലൊന്നു സംസ്ഥാന സഹകരണ ബാങ്കാണ്. കൊഹിമ, ദിമാപൂര്‍, മൊകോക്ചുങ് ജില്ലകളിലായി മൂന്നു മില്‍ക്ക് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൊത്തം സംഘങ്ങളില്‍ 3812 എണ്ണവും മള്‍ട്ടി പര്‍പ്പസ് സഹകരണസംഘങ്ങളാണ്. രണ്ടാംസ്ഥാനത്തു കാര്‍ഷികാനുബന്ധ സഹകരണസംഘങ്ങളാണ് – 530 എണ്ണം. കൈത്തറി സഹകരണസംഘങ്ങള്‍ – 480, കാര്‍ഷിക സഹകരണസംഘങ്ങള്‍ – 451, മീന്‍പിടിത്ത സഹകരണസംഘങ്ങള്‍ – 382, പന്നിവളര്‍ത്തല്‍ സഹകരണസംഘങ്ങള്‍- 349, ക്ഷീരോല്‍പ്പാദന സംഘങ്ങള്‍ – 180, ഉപഭോക്തൃ സഹകരണസംഘങ്ങള്‍- 165, മാര്‍ക്കറ്റിങ് സംഘങ്ങള്‍ – 82, ഭവനനിര്‍മാണ സംഘങ്ങള്‍ – 37, തേയിലോല്‍പ്പാദക സഹകരണസംഘങ്ങള്‍ – 36 എന്നിങ്ങനെയാണു സംഘങ്ങളുടെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Latest News