അറിഞ്ഞില്ലേ; പുതിയ മുന്‍ഗണനാ പട്ടികയിലും സഹകരണ ജീവനക്കാരില്ല
ഇടത് അനുകൂല സംഘടനകളടക്കം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സഹകരണ സംഘം ജീവനക്കാരെ കോവിഡ് വാക്സിന്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പുതിയ 11 വിഭാഗങ്ങളെയാണ് മുന്‍ഗണന പട്ടികയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തപാല്‍ വകുപ്പ് ജീവനക്കാരും മൂല്യനിര്‍ണയ ഡ്യൂട്ടിയിലുള്ള അധ്യാപകരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സഹകരണ സംഘം ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല.
സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗം, എഫ്.സി.ഐ, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് സ്റ്റാഫുകള്‍ , എസ്.എസ്.എല്‍.സി., എച്ച്.എസ്.ഇ., വി.എച്ച്.എസ്.ഇ. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്സിനേഷന്‍ നിര്‍ബന്ധമുള്ളവര്‍, കടല്‍ യാത്രക്കാര്‍ എന്നീ 11 വിഭാഗങ്ങളിലുള്ളവരേയാണ് വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
32 വിഭാഗങ്ങളിലുള്ളവരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും കൂടുതല്‍ വിഭാഗക്കാരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യമുയര്‍ന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനതല കമ്മിറ്റി യോഗം കൂടി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 11 വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തിയത്.
ബാങ്ക് ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിലും സഹകരണ ബാങ്ക്-സംഘം ജീവനക്കാരുണ്ടാകില്ലെന്നാണ് ഇതുവരെയുള്ള സൂചന. ജീവനക്കാരുടെ എണ്ണം കൂടുതലാണ് എന്നതാണ് ഇതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന അനൗദ്യോഗിക വിശദീകരണം. വാക്സിന്‍ ക്ഷാമമുള്ളതിനാല്‍ കൂടുതല്‍ പേരെ മുന്‍ഗണന പട്ടികയിലുള്‍പ്പെടുത്തുന്നത് ഉചിതമാവില്ലെന്നും വിശദീകരിക്കുന്നു.
ഇപ്പോള്‍ സമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം വീണ്ടും തുടങ്ങാനിരിക്കുകയാണ്. ഭക്ഷ്യോല്‍പന്ന നിര്‍മ്മാണ-വിതരണ മേഖലയിലടക്കം സഹകരണ സംഘങ്ങള്‍ നിര്‍ബന്ധമായും പ്രവര്‍ത്തിക്കേണ്ടതുണ്ട്. സമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുടെ ജീവന് പരിഗണന നല്‍കണമെന്നാണ് സഹകരണ ജീവനക്കാരുടെ ആവശ്യം. അല്ലാതെ സര്‍ക്കാര്‍ ചോദിച്ചപ്പോഴെല്ലാം ഒരു ഉപാധിയുമില്ലാതെ ശമ്പളവും കൂലിയും നല്‍കിയതിന്റെ പ്രത്യുപകാരമല്ല. വാക്സിന്‍ ചലഞ്ചില്‍ രണ്ടുദിവസത്തെ ശമ്പളം നല്‍കിയതിന്റെ അനുകമ്പയുമല്ല. കൂടെ നിന്നവര്‍ വീണു മരിക്കുന്നതിന്റെ വേദനയില്‍നിന്ന് സംഘടന നേതാക്കള്‍ ആവശ്യപ്പെടുന്നത് മരുന്ന് നല്‍കുന്നതിനുള്ള പരിഗണനയാണ്. അത് ഇനിയെങ്കിലും സര്‍ക്കാര്‍ കേള്‍ക്കുമെന്ന പ്രതീക്ഷയിലാണ് സഹകരണ ജീവനക്കാര്‍.