അര്‍ബന്‍ ബാങ്കിലെ പ്യൂണ്‍-വാച്ച്മാന്‍മാര്‍ക്ക് ഒരധിക ശമ്പളനിരക്ക് കൂടി
സഹകരണ അര്‍ബന്‍ ബാങ്കുകളുടെ ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകത പരിഹരിച്ചു. സംഘടനകളുടെ പരാതിയും ഹൈക്കോടതിയുടെ നിര്‍ദ്ദേശവും പരിഗണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറങ്ങി. പ്യൂണ്‍-വാച്ച് മാന്‍ തസ്തികകളുടെ നാലാമത്തെ ഹയര്‍ഗ്രേഡിന്റെ ശമ്പള നിരക്ക് പുതുക്കി നിശ്ചയിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
2015-ലാണ് അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവിറങ്ങിയത്. 2013മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു പരിഷ്‌കാരം. ജീവനക്കാര്‍ക്ക് അര്‍ഹമായ ഹയര്‍ ഗ്രേഡുകള്‍ക്കുള്ള സ്‌കെയില്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് പരിഹരിക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. അതനുസരിച്ച് 2016 ഫിബ്രവരിയില്‍ പുതിയ ഉത്തരവിറക്കി. ഇതുപ്രകാരം സ്‌പെഷല്‍ ഗ്രേഡ് അര്‍ബന്‍ ബാങ്കിലെ പ്യൂണ്‍ വാച്ച്മാന്‍ തസ്തികകളുടെ നാലാമത്തെ ഹയര്‍ഗ്രേഡ് ശമ്പളനിരക്ക് 11950-30850 ആയിരുന്നു. എന്നാല്‍, ഇതിലും തര്‍ക്കം തീര്‍ന്നില്ല. പുതിയ ശമ്പളസ്‌കെയിലിനേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരുണ്ടായതോടെ സ്തംഭനാവസ്ഥയായി. ഇങ്ങനെവരുമ്പോള്‍ ശമ്പള സ്‌കെയിലിന്റെ പരമാവധി തുകയില്‍ ശമ്പളം നിശ്ചയിക്കണമെന്നും അധികമായി വരുന്ന തുക ‘പേഴ്‌സണല്‍ പേ’ ആയി നിലനിര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കി. ഈ ‘പേഴ്‌സണല്‍ പേ’ ശമ്പള നിര്‍ണയം, ലീവ് സാലറി, ക്ഷാമബത്ത, പെന്‍ഷന്‍ എന്നിവയ്ക്ക് കണക്കാക്കാമെന്നും നിശ്ചയിച്ചു.
എന്നാല്‍, 30 വര്‍ഷത്തിലധികമായി സേവനകാലയളവുള്ളവര്‍ക്ക് ശമ്പള നിരക്കിന്റെ പരിധി കഴിഞ്ഞാല്‍ അടുത്ത സ്‌റ്റേജ് നിശ്ചയിക്കാനാവുന്നില്ലെന്നായിരുന്നു അടുത്ത പ്രശ്‌നം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനന്‍ രജിസ്ട്രാര്‍ക്ക് നിവേദനം നല്‍കി. ഒപ്പം ഹൈക്കോടതിയെയും സമീപിച്ചു. രണ്ടുമാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ഫിബ്രവരിയില്‍ യൂണിയന്‍ പ്രതിനിധികളെയടക്കം രജിസ്ട്രാര്‍ നേരില്‍ കേട്ടു. ഇതനുസരിച്ച് നിലവിലെ സ്‌കെയിലില്‍ അധിക ഇന്‍ക്രിമെന്റ് കൂടി ചേര്‍ത്ത് പുതിയ ശമ്പള സ്‌കെയില്‍ അനുവദിക്കുന്നതാണ് ഉചിതമെന്ന് രജിസ്ട്രാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ പുതുയ ഉത്തരവിറക്കിയത്. നാലാമത്തെ ഹയര്‍ഗ്രേഡ് അനുവദിക്കുമ്പോള്‍ 11950-30850 എന്ന സ്‌കെയിലിനേക്കാള്‍ കൂടുതല്‍ ശമ്പളമുണ്ടാകുമ്പോഴുള്ള സ്തംഭനം ഒഴിവാക്കാനായി 11950-35200 എന്ന പുതിയ സ്‌കെയില്‍ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.
[mbzshare]