അമുല്‍ ഡെയറി യൂണിയനും ബി.ജെ.പി.ക്ക്
ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ( GCMMF ) അംഗത്വമുള്ള പതിനെട്ട് മില്‍ക്ക് യൂണിയനുകളും ബി.ജെ.പി.യുടെ ആധിപത്യത്തിലായി. കോണ്‍ഗ്രസ്സിനു ഭൂരിപക്ഷമുണ്ടായിരുന്ന ഏക യൂണിയനായ ഖേര ജില്ലാ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയനും ചൊവ്വാഴ്ച പിടിച്ചെടുത്തതോടെയാണു ബി.ജെ.പി. ഗുജറാത്തിലെ ക്ഷീര സഹകരണസംഘം മേഖലയില്‍ എതിരില്ലാത്ത ശക്തിയായി മാറിയത്.
അമുല്‍ ഡെയറി എന്നറിയപ്പെടുന്ന ഖേര ജില്ലാ മില്‍ക്ക് യൂണിയന്‍ ഭരണസമിതിയില്‍ പതിമൂന്നു ഡയരക്ടര്‍മാരാണുള്ളത്. ഇവിടെ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നേടിയതോടെയാണു ബി.ജെ.പി.ക്കു പതിനെട്ടാമത്തെ യൂണിയനിലും ആധിപത്യം സ്ഥാപിക്കാനായത്. ഏതാണ്ട് 17 കൊല്ലം ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികളിലിരുന്ന കോണ്‍സ്സംഗങ്ങളായ രാംസിങ് പാര്‍മറും രാജേന്ദ്രസിങ് പാര്‍മറുമാണു തോറ്റത്. 2020 ല്‍ അമുല്‍ ഡെയറി യൂണിയനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പത്തു സീറ്റും കോണ്‍ഗ്രസ്സാണു നേടിയിരുന്നത്. ഇവരില്‍ ഏഴു പേരും പിന്നീട് പാര്‍ട്ടി വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നു. ഖേര ജില്ലാ ബി.ജെ.പി. പ്രസിഡന്റ് വിപുല്‍ പട്ടേലാണു പുതിയ ചെയര്‍മാന്‍. ഈയിടെ കോണ്‍ഗ്രസ്സില്‍ നിന്നു ബി.ജെ.പി.യിലേക്കു മാറിയ കാന്തി സോധ പാര്‍മറാണു പുതിയ വൈസ് ചെയര്‍മാന്‍.