അമുലിന്റെ മുന്‍വര്‍ഷത്തെ വിറ്റുവരവ് 55,055 കോടി രൂപ
അമുല്‍ ബ്രാന്‍ഡില്‍ പാലും ക്ഷീരോല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് ( GCMMF ) മുന്‍ സാമ്പത്തികവര്‍ഷം 55,055 കോടി രൂപയുടെ വിറ്റുവരവു നേടി. 2023 മാര്‍ച്ച് 31 നവസാനിച്ച 2022-23 വര്‍ഷത്തെ സ്ഥാപനത്തിന്റെ വളര്‍ച്ചനിരക്ക് 18.5 ശതമാനമാണ്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കു ഡിമാന്റ് വര്‍ധിച്ചതാണു ഈ വളര്‍ച്ചനിരക്കു കൂടാന്‍ കാരണം.
ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലെ 36 ലക്ഷത്തിലധികം ക്ഷീര കര്‍ഷകരാണു GCMMF ലെ 18 ക്ഷീര യൂണിയനുകളില്‍ അംഗങ്ങളായുള്ളത്. ഈ യൂണിയനുകളെല്ലാംകൂടി ഒരു ദിവസം ശരാശരി 270 ലക്ഷം ലിറ്റര്‍ പാലാണു സംഭരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ പാല്‍-പാലുല്‍പ്പന്നാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി GCMMF 98 ക്ഷീരസംഭരണശാലകളാണു നിര്‍മിച്ചിട്ടുള്ളത്. പാല്‍ സംഭരണത്തില്‍ ലോകത്തെ മുന്‍നിരയിലുള്ള 20 കമ്പനികളില്‍ GCMMF എട്ടാം സ്ഥാനത്താണ്.
ഇന്ത്യയിലെ വന്‍കിട ഭക്ഷണ-പാനീയ എഫ്.എം.സി.ജി. ( വേഗം വിറ്റഴിയുന്ന ഉപഭോക്തൃ സാധനങ്ങള്‍ ) ബ്രാന്‍ഡുകളിലൊന്നായി അമുല്‍ മാറിക്കഴിഞ്ഞു. ലോകത്തെങ്ങുമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് 13 വ്യത്യസ്ത രുചികളിലുള്ള ഐസ്‌ക്രീമുകള്‍ അമുല്‍ പുറത്തിറക്കിയിട്ടുണ്ട്. 2025 ആകുമ്പോഴേക്കും ഒരു ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണു തങ്ങള്‍ ലക്ഷ്യമിടുന്നതെന്നു GCMMF ചെയര്‍മാന്‍ ശ്യാമള്‍ഭായ് പട്ടേല്‍ പറഞ്ഞു. വില്‍പ്പനയില്‍ ഓരോ വര്‍ഷവും ഇരുപതു ശതമാനത്തിലധികം വളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ട്.
