അന്തര്‍ദേശീയ കാന്‍സര്‍ സമ്മേളനം സമാപിച്ചു
കോഴിക്കോട്ടെ എം.വി.ആര്. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നു ദിവസമായി നടന്നുവന്ന അന്തര്‍ദേശീയ കാന്‍സര്‍ സമ്മേളനം (CANCON) ഞായറാഴ്ച സമാപിച്ചു. വിവിധ സെഷനുകളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സംഗ്രഹം പുസ്തകമായി പ്രകാശനം ചെയ്തുകൊണ്ടാണ് സമ്മേളനത്തിന് തിരശ്ശീല വീണത്.
രോഗം ബാധിച്ച അവയവത്തില്‍ നിന്നു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കാന്‍സര്‍ പടരുന്നത് എങ്ങനെ തടയാം എന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം.
ക്വിസ് മത്സരം : ഡോ. ആന്റണിയും
ഡോ. കാര്‍ത്തികേയനും ജേതാക്കള്‍
കാന്‍സര്‍ ചികിത്സയില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ ബാംഗ്ലൂരിലെ കിദ്വായ് മെമ്മോറിയല്‍ കാന്‍സര്‍സെന്ററില്‍ നിന്നുള്ള ഡോ. ആന്റണി , മദ്രാസ് മെഡിക്കല്‍ കോളേജിലെ ഡോ.കാര്ത്തികേയന് എന്നിവര്‍ വിജയികളായി . കാന്‍സര്‍ മേഖലയിലെ ഗവേഷണങ്ങള്ക്ക്ഹൈദരാബാദില് നിന്നുള്ള ഡോ. മധുനാരായണന്‍ , എം. വി. ആര്. കാന്‍സര്‍ സെന്ററിലെ ഡോ. ഉമ വി ശങ്കര്‍ , ഡോ. യാമിനി , മലബാര്‍ കാന്‍സര്‍ സെന്ററിലെഡോ. മനു പ്രസാദ് തുടങ്ങിയവര്‍ പുരസ്കാരത്തിന് അര്‍ഹരായി .
കാന്‍സറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എന്‍. ജി. ഒ. കളുടെ സമ്മേളനത്തിലും ചര്‍ച്ചകളിലും മുംബൈ, ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെയും കേരളത്തിലെയും സന്നദ്ധ സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. കാന്‍സര്‍ ചികിത്സകന്റെ കാഴ്ച്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായി രോഗവുമായി ബന്ധപ്പെട്ടു സമൂഹത്തില്‍ സ്ഥിരമായി ഇടപെടുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ അനുഭവങ്ങളാണ് ചര്‍ച്ച ചെയ്തത്.
കാന്‍സറിനെയും അതുയര്‍ത്തുന്ന സാമൂഹിക- സാമ്പത്തിക- കുടുംബപ്രശ്നങ്ങളെക്കുറിച്ചും പ്രശ്നങ്ങള്‍ അതിജീവിക്കാന്സ്വീകരിക്കേണ്ട ഇടപെടലുകളെക്കുറിച്ചുമായിരുന്നു ചര്‍ച്ചകള്‍.
നമ്മുടെ നാട്ടിലെ കാന്‍സര്‍ ചികിത്സകരല്ലാത്ത ഡോക്ടര്‍മാര്‍ക്ക് വേണ്ടി
പ്രത്യേക സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും നടന്നു .
വൈകുന്നേരം നടന്ന സമാപന സമ്മേളനം എം.വി.ആര്. കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. നാരായണന്‍കുട്ടി വാരിയര്‍ ഉദ്ഘാടനം ചെയ്തു. കെയര്‍ ഫൌണ്ടേഷന് ഡയരക്ടര്‍ ടി. സിദ്ധിഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ജയേന്ദ്രന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സംഗ്രഹം പുസ്തകരൂപത്തില്‍ പ്രകാശനം ചെയ്തു.
സമ്മേളനത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. സജീവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.