അജന്ത സഹകരണസ്റ്റുഡിയോ: ഒരു ഫ്‌ളാഷ് ബാക്ക്

[mbzauthor]

ആലുവയില്‍ കീഴ്്മാട്ട് പാട്ടത്തിനു കിട്ടിയ എട്ടര ഏക്കര്‍ പുറമ്പോക്കുഭൂമിയിലാണ്
ഇന്ത്യയില്‍ സഹകരണമേഖലയിലെ ആദ്യത്തെ സിനിമാസ്റ്റുഡിയോ 1960 ല്‍ സ്ഥാപിതമായത്. മന്ത്രിയായ കെ.ആര്‍. ഗൗരിയമ്മയാണു ഭൂമി അനുവദിച്ചത്. സിനീകോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന സഹകരണസംഘമാണ് അജന്ത സ്റ്റുഡിയോ സ്ഥാപിച്ചത്. കാട്ടുമങ്ക, കെടാവിളക്ക് എന്നിവ മുതല്‍ ഓളവും തീരവും, ഓപ്പോള്‍ തുടങ്ങിയ സിനിമകള്‍വരെ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

അജന്ത സ്റ്റുഡിയോ. പേരു കേട്ടാല്‍ ഇതൊരു സഹകരണസംരംഭമായിരുന്നു എന്നു തോന്നില്ല. എന്നാല്‍, ആയിരുന്നു. ഇന്ത്യയിലെത്തന്നെ ആദ്യത്തെ സിനിമാസഹകരണസംരംഭം. എറണാകുളം ജില്ലയില്‍ ആലുവയില്‍ കീഴ്മാട് ഗ്രാമപ്പഞ്ചായത്തിലെ കീരംകുന്ന് മലയന്‍കാട് പ്രദേശത്തെ ഗ്രാമശാന്തതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ പണ്ടു നിരവധി ചലച്ചിത്രങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ, ‘മലയാളസിനിമയുടെ സ്‌നാപകന്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആലപ്പി വിന്‍സന്റും ചലച്ചിത്രചരിത്രകാരന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണനും മുഖ്യഭാരവാഹികളായി രൂപവത്കരിച്ച സഹകരണസിനിമാസ്റ്റുഡിയോ സ്ഥിതി ചെയ്തിരുന്നിടത്ത് അത്തരമൊന്ന് അവിടെ ഉണ്ടായിരുന്നതിന്റെ ലാഞ്ഛനപോലും ഇന്നില്ല. ഇന്നിവിടം പട്ടികജാതിവകുപ്പിന്റെ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളാണ്. ആലുവ – കീഴ്മാട് റോഡില്‍ ഈ സ്‌കൂള്‍ നില്‍ക്കുന്ന ബസ്‌സ്‌റ്റോപ്പിന്റെ പേര് ഇപ്പോഴും അജന്ത എന്നാണ്. സമീപത്ത് ആലപ്പി വിന്‍സന്റും ഭാര്യ ട്രീസയും നല്‍കിയ മൂന്നു സെന്റില്‍ പ്രവര്‍ത്തിക്കുന്ന അജന്ത യുവചിത്ര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ്. ട്രീസയുടെ മരണശേഷം ക്ലബ്ബിന്റെ പേര് ട്രീസാവിന്‍സന്റ് സ്മാരക അജന്ത യുവചിത്ര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നാക്കിയിട്ടുണ്ട്.

സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതരുടെ സഹോദരനായിരുന്നു ആലപ്പി വിന്‍സന്റ്. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ‘ബാലനി’ല്‍ ശങ്കുവായി അഭിനയിച്ച അദ്ദേഹത്തിന്റെ ശബ്ദമാണു മലയാളസിനിമയില്‍ റെക്കോഡ് ചെയ്യപ്പെട്ട ആദ്യശബ്ദം. അതേപ്പറ്റി മുന്‍ എം.പി.യും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ ‘ആലപ്പി വിന്‍സന്റ്: മലയാളസിനിമയുടെ സ്‌നാപകന്‍’ എന്ന ജീവചരിത്രത്തില്‍ ഇങ്ങനെ പറയുന്നു: ‘ഗുഡ്‌ലക്ക് ടു എവരിബഡി’ എന്ന ആശംസയോടെ വിന്‍സന്റ് ബിയര്‍ഗ്ലാസ് കാലിയാക്കുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. മലയാളസിനിമ ആദ്യമായി സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു. അതു ലേഖനം ചെയ്യപ്പെട്ടതു വിന്‍സന്റിന്റെ ശബ്ദത്തില്‍. അതിനുവേണ്ടി ക്യാമറയില്‍ പതിഞ്ഞ മുഖവും അദ്ദേഹത്തിന്റെതുതന്നെ.”

സഹകരണരംഗത്തെ
ആദ്യ സ്റ്റുഡിയോ

ഉദയാ പിക്‌ചേഴ്‌സിലെ പ്രവര്‍ത്തനത്തിനും മലയാളിയായ നടന്‍ എം.ജി. രാമചന്ദ്രന്‍ എന്ന എം.ജി.ആറുമൊത്തു ‘ജനോവ’ എന്ന മലയാളസിനിമയിലെ അഭിനയത്തിനുമൊക്കെ ശേഷമാണു സഹകരണമേഖലയില്‍ സിനിമാസ്റ്റുഡിയോ സ്ഥാപിച്ചാലോ എന്നു വിന്‍സന്റിനു തോന്നിയത്. 1955 കാലത്താണ് ആലോചനകള്‍ തുടങ്ങിയത്. അടുത്ത സുഹൃത്തായ കമ്യൂണിസ്റ്റുനേതാവ് ടി.വി. തോമസ് പ്രോത്സാഹിപ്പിച്ചു. അങ്ങനെ ദി കേരള സിനി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ‘ രൂപവത്കരിച്ചു. ‘സിനീകോ’ എന്നായിരുന്നു ചുരുക്കപ്പേര്‍. ആലപ്പി വിന്‍സന്റ് പ്രസിഡന്റും ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ സെക്രട്ടറിയുമായി. എബ്രഹാം ആലക്കാപ്പള്ളി, എസ്.പി. പിള്ള, പോള്‍ കല്ലുങ്കല്‍, പ്രമുഖ നടി മിസ് കുമാരിയുടെ പിതാവ് കെ.ജെ. തോമസ്, ഹര്‍ഷന്‍പിള്ള, കെ.എന്‍. കരുണാകരന്‍പിള്ള തുടങ്ങിയവരായിരുന്നു പ്രമുഖ ഓഹരിയുടമകള്‍. പിന്നീട് പി. ഭാസ്‌കരനെയും കലാമണ്ഡലം ഗംഗാധരനെയും പോലുള്ള പല പ്രമുഖരും ഓഹരിയെടുത്തു. 10 രൂപയുടെ ഓഹരിയായിരുന്നു അംഗത്വഫീസ്. 100 രൂപയുടെവരെ ഓഹരി പലരും എടുത്തു. കലാപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളുമായിരുന്നു ഏറെയും.

സ്റ്റുഡിയോ സ്ഥാപിക്കാന്‍ സഹകരണസംഘം പലേടത്തും സ്ഥലം അന്വേഷിച്ചു. സുഹൃത്തും 1951 ല്‍ ഇറങ്ങിയ ‘രക്തബന്ധം’ സിനിമയുടെ നിര്‍മാതാവുമായിരുന്ന കൊട്ടാരപ്പറമ്പില്‍ കെ.എന്‍. കരുണാകരന്‍പിള്ളയാണു കീഴ്മാട്ടെ സ്ഥലം കാണിച്ചത്. (ആദ്യകാല ബസ് സര്‍വീസ് ഉടമയും ആലുവയിലെ പഴയ പങ്കജം ടാക്കീസ് ഉടമയുമായിരുന്ന കരുണാകരന്‍പിള്ള അന്നത്തെ പ്രമുഖ നടീനടന്‍മാര്‍ അംഗങ്ങളായിരുന്ന ആലുവയിലെ ആദ്യ നാടകസമിതിയായ ജയഭാരത് തിയേറ്റേഴ്‌സിന്റെയും ഉടമയായിരുന്നു. സമിതി അവതരിപ്പിച്ച ‘രക്തബന്ധം’ നാടകത്തിന്റെ ഇതിവൃത്തമാണു പിന്നീടു സിനിമയാക്കിയത്. പില്‍ക്കാലത്തു ‘നളിനി’ എന്ന സിനിമ ചിത്രീകരണം ആരംഭിച്ചെങ്കിലും മുടങ്ങിപ്പോയി. 1963 ല്‍ അദ്ദേഹം ശോഭനാപരമേശ്വരന്‍നായരുമായി ചേര്‍ന്നു ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ എന്ന സിനിമ നിര്‍മിച്ചിരുന്നു). കീഴ്മാട്ടെ സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കായിരുന്നു. 1957 ല്‍ കമ്യൂണിസ്റ്റുമന്ത്രിസഭ അധികാരത്തില്‍ വന്നു. ടി.വി. തോമസ് വ്യവസായമന്ത്രിയായി. വിന്‍സന്റും കൂട്ടരും സ്ഥലം പതിച്ചുകിട്ടാന്‍ അപേക്ഷിച്ചു. ടി.വി. തോമസ് ശിപാര്‍ശ ചെയ്തു. പക്ഷേ, ആലപ്പുഴയിലെ ഭൂവുടമയ്ക്ക് ആലുവയില്‍ എന്തിനു ഭൂമി എന്നു റവന്യൂമന്ത്രി കെ.ആര്‍. ഗൗരിയമ്മ ചോദിച്ചു. സഹകരണമേഖലയില്‍ ഇന്ത്യയിലെ ആദ്യ സിനിമാസംരംഭം തുടങ്ങാനാണെന്നു പറഞ്ഞപ്പോള്‍ ഗൗരിയമ്മയും സമ്മതിച്ചു. എട്ടരയോളം ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിച്ചു.

കീഴ്മാട്ടെ പുറമ്പോക്കിലുണ്ടായിരുന്ന 16 കുടുംബങ്ങളെ പണം നല്‍കിയും സ്റ്റുഡിയോ തുടങ്ങുമ്പോള്‍ ജോലി കൊടുക്കാമെന്നു പറഞ്ഞും ഒഴിപ്പിച്ചു. സംഘത്തിനു സര്‍ക്കാര്‍ 36,000 രൂപ അനുവദിച്ചു. വിന്‍സന്റിന്റെ ആലപ്പുഴയിലെ സ്ഥലവും ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ചേര്‍ത്തലയിലെ സ്ഥലവും ഈടു നല്‍കി 14 ലക്ഷത്തോളം രൂപ വായ്പയുമെടുത്തിരുന്നു. അതൊക്കെകൊണ്ട് മതില്‍കെട്ടി. സ്ഥലവും വൃത്തിയാക്കി. ഓടിട്ട ചെറിയ കെട്ടിടവും ഷൂട്ടിങ് ഫ്‌ളോറിനായി ഓലമേഞ്ഞ വലിയ ഷെഡ്ഡും പണിതു. ആരിഫ്‌ളെക്‌സ് ക്യാമറയടക്കമുള്ള സ്റ്റുഡിയോ സാമഗ്രികളും സംഘടിപ്പിച്ചു. ചെന്നൈയിലെ ഗോള്‍ഡന്‍ സ്റ്റുഡിയോയില്‍ സൗണ്ട് എഞ്ചിനിയറായിരുന്ന എസ്.ഡി.വി. രാജ് വഴിയാണു സ്റ്റുഡിയോക്കുവേണ്ട യന്ത്രസാമഗ്രികള്‍ സംഘടിപ്പിച്ചത്. 1960 ഡിസംബര്‍ 28 നു മന്ത്രി കെ.എ. ദാമോദരമേനോന്‍ അജന്ത സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. വര്‍ക്കി ജോര്‍ജ് അഞ്ചേരില്‍ അധ്യക്ഷനായിരുന്നു. മിസിസ് കെ.എം. മാത്യു സ്വിച്ച് ഓണ്‍ ചെയ്തു. സ്റ്റുഡിയോസംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതു ഡോ. പി.ജെ. തോമസ് ആയിരുന്നു. അക്കാലത്തുതന്നെ ‘കാട്ടുമങ്ക’ എന്ന സിനിമയുടെ ചിത്രീകരണം ഇവിടെ തുടങ്ങിയിരുന്നു. വിന്‍സന്റാണു സ്വിച്ച് ഓണ്‍ ചെയ്തത്. വിന്‍സന്റിന്റെ, കാഞ്ഞിരപ്പള്ളിയിലും മറ്റുമുള്ള, ചില ധനികസുഹൃത്തുക്കള്‍ ഇവിടെ ‘വഴി തെറ്റിവന്ന മാലാഖ’ എന്ന സിനിമ ചിത്രീകരിക്കാനും ശ്രമിച്ചു. പക്ഷേ, ചിത്രീകരണം തുടങ്ങാനായില്ല.

ആദ്യസിനിമ
പൊളിഞ്ഞു

സംഗീതപഠനം കഴിഞ്ഞകാലത്തു മകന്‍ യേശുദാസിനെ അഗസ്റ്റിന്‍ജോസഫ് ആലപ്പി വിന്‍സന്റിനു പരിചയപ്പെടുത്തിയത് അജന്തയില്‍ വച്ചാണ്. ഇതിനടുത്ത വീട്ടിലാണു വിന്‍സന്റ് താമസിച്ചിരുന്നത്. ഇതിനിടെ, 1957 ല്‍ സംഘം ‘കെടാവിളക്ക്’ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. എം.കെ.ആര്‍. നമ്പ്യാരായിരുന്നു സംവിധായകന്‍. സത്യന്‍, മിസ് കുമാരി, മുത്തയ്യ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. പക്ഷേ, ചിത്രം പൂര്‍ത്തിയാക്കാനായില്ല. നിര്‍മാണം കുറെയേറെ പുരോഗമിച്ചപ്പോള്‍ സ്റ്റുഡിയോയില്‍ തീപ്പിടിത്തമുണ്ടായി. ചിത്രീകരിച്ചുവച്ചിരുന്നതത്രയും കത്തിനശിച്ചു. ഇതു സംഘത്തെ സാമ്പത്തികബുദ്ധിമുട്ടിലാക്കി. ഇതെപ്പറ്റി സെബാസ്റ്റ്യന്‍ പോള്‍ എഴുതിയിട്ടുള്ളതിങ്ങനെ: ” കെടാവിളക്ക് എന്ന പേരില്‍ ഒരു സിനിമ നിര്‍മിക്കാനാണു സൊസൈറ്റി ആദ്യം തീരുമാനിച്ചത്. സത്യന്‍, കുമാരി, മുത്തയ്യ തുടങ്ങിയവരാണ് അഭിനേതാക്കള്‍. തിരുവനന്തപുരത്തെ ശ്രീകൃഷ്ണ സ്റ്റുഡിയോയിലായിരുന്നു നിര്‍മാണം. നിര്‍മാണത്തിനിടയില്‍ സ്റ്റുഡിയോ കത്തിപ്പോയി. ചെയ്തതത്രയും പാഴായെന്നു മാത്രമല്ല സൊസൈറ്റി സാമ്പത്തികമായി പ്രയാസത്തിലാവുകയും ചെയ്തു. ”

മലയാളസിനിമയുടെ അന്നത്തെ പരിമിതികള്‍ മുലം അജന്തയ്ക്കു പ്രതീക്ഷിച്ച ബിസിനസ് ലഭിച്ചുമില്ല. അക്കാലത്തു മലയാളസിനിമയ്ക്കു തമിഴ്‌നാട്ടിലെ സിനിമാ വ്യവസായസ്ഥാപനങ്ങളെയും അവിടത്തെ സാങ്കേതികവിദഗ്ധരെയും അമിതമായി ആശ്രയിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. കെടാവിളക്കും മറ്റും പൂര്‍ത്തിയാക്കാനുമായില്ല. തുടര്‍പ്രവര്‍ത്തനത്തിനു പണം പ്രശ്‌നമായി. വിന്‍സന്റിന്റെയും ഗോപാലകൃഷ്ണന്റെയും സ്ഥലങ്ങള്‍ ഈടു നല്‍കി എടുത്തിരുന്ന വായ്പ തിരിച്ചടക്കാനായില്ല. ജപ്തിഭീഷണി നേരിട്ടു. തുടര്‍ന്നു രണ്ടു സ്ഥലവും ഒരു ധനികനെ ഏല്‍പ്പിക്കാന്‍ ധാരണയായി. കടം വീട്ടാനുള്ള തുക അദ്ദേഹം നല്‍കി. ഈ സ്ഥലങ്ങളിലെ ആദായം അദ്ദേഹം എടുത്തിട്ട് കടംവീട്ടാന്‍ നല്‍കിയ തുകയ്ക്കുള്ള ആദായം കിട്ടിക്കഴിഞ്ഞാല്‍ സ്ഥലങ്ങള്‍ വിട്ടുനല്‍കാമെന്നായിരുന്നു ധാരണ. ഇതനുസരിച്ചു പിന്നീടു ഗോപാലകൃഷ്ണനു സ്ഥലം തിരിച്ചുകിട്ടി. പക്ഷേ, വിന്‍സന്റിനു കിട്ടിയില്ല. ആ സ്ഥലം വ്യവഹാരത്തിലേക്കും മറ്റും നീണ്ടു. ഒടുവില്‍ സ്ഥലം തിരിച്ചുകിട്ടാതെപോയെന്നു സെബാസ്റ്റിയന്‍ പോള്‍ ജീവചരിത്രത്തില്‍ പറയുന്നു.

അജന്ത
പ്രൊഡക്ഷന്‍സ്

കുറച്ചുകാലം സ്റ്റുഡിയോ അടഞ്ഞുകിടന്നു. പിന്നെ സംഘം നിലനിര്‍ത്തിക്കൊണ്ടുതന്നെ 1963 അവസാനം വിന്‍സന്റ് സാമ്പത്തികശേഷിയുള്ള ചില സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ അജന്ത പ്രൊഡക്ഷന്‍സ് രൂപവത്കരിച്ചു. കുമരകം ചാക്കോച്ചന്‍, പള്ളിവാതുക്കല്‍ അപ്പച്ചന്‍, മുന്‍മന്ത്രി ടി.എം. വര്‍ഗീസിന്റെ മകന്‍ ടി.വി. വര്‍ഗീസ് എന്നിവരായിരുന്നു പങ്കാളികള്‍. അവര്‍ സര്‍ക്കാര്‍അനുമതിയോടെ സ്റ്റുഡിയോയും സ്ഥലവും ഏഴു വര്‍ഷത്തേക്കു പാട്ടത്തിനെടുത്തു. കൂടുതല്‍ ആധുനികമായ സാമഗ്രികളും വാങ്ങി. സാങ്കേതികവിദഗ്ധരെയും ലഭ്യമാക്കി. ഇതിനൊക്കെക്കൂടി ”മൊത്തം 64 ലക്ഷം രൂപ മുടക്കിയതായി വിന്‍സന്റിന്റെ ഒരു നോട്ടുപുസ്തകത്തില്‍ കാണുന്നുണ്ട്” എന്നു സെബാസ്റ്റ്യന്‍ പോള്‍ ജീവചരിത്രത്തില്‍ കുറിച്ചിട്ടുണ്ട്.

അക്കാലത്തെ നിരാശയും അതിനിടയിലും മൊട്ടിട്ട പ്രതീക്ഷയും വിന്‍സന്റ് ഒരു ലേഖനത്തില്‍ പങ്കുവച്ചിട്ടുണ്ട്. മലയാളസിനിമയുടെ രജതജൂബിലിയുടെ ഭാഗമായി 1964 ജനുവരി ലക്കം ‘സിനിമാമാസിക’യില്‍ എഴുതിയതാണ് ആ ലേഖനം. സഹകരണ സിനിമാസ്റ്റുഡിയോയെ മലയാളസിനിമാചരിത്രത്തിലെ മൂന്നാമത്തെ നാഴികക്കല്ല് എന്നാണ് അതില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹം ഇങ്ങനെ എഴുതി: ”കേരളത്തിലെ കലാകാരന്‍മാര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും കൂടുതല്‍ അവകാശവും സ്വാതന്ത്ര്യവും കിട്ടത്തക്കവിധത്തില്‍ അവരുടേതായി സഹകരണാടിസ്ഥാനത്തില്‍ ഒരു സ്റ്റുഡിയോ ആരംഭിച്ചതാണു മലയാളസിനിമാചരിത്രത്തിലെ മൂന്നാമത്തെ നാഴികക്കല്ല്. കേരളത്തിന്റെ മധ്യഭാഗമായ ആലുവയില്‍ പ്രകൃതിരമണീയമായ ഒരു കുന്നിന്‍ചെരുവില്‍ ആശകളും വാഗ്ദാനങ്ങളും മൊട്ടിട്ടുകൊണ്ട് അജന്താ സ്റ്റുഡിയോ ഉടലെടുത്തു. എന്റെ സാഹസികമായ പരിശ്രമം വിജയത്തിലെത്തിയില്ല. തോല്‍വി അറിഞ്ഞിട്ടില്ലാത്ത ഞാന്‍ ആദ്യമായി നിരാശനായി. ജീവിതംമുഴുവന്‍ പരീക്ഷണങ്ങളുമായി കഴിയുക സാധ്യമല്ലല്ലോ?. സാമ്പത്തികമായി താങ്ങാനാവാത്ത ഭാരം. കേരളത്തിലെ കലാകാരന്‍മാര്‍ക്കോ സര്‍ക്കാരിനോ പ്രതീക്ഷിച്ച സഹകരണവും സാമ്പത്തികസഹായവും നല്‍കാന്‍ കഴിഞ്ഞില്ല. പരിതസ്ഥിതികളുടെ സമ്മര്‍ദംമൂലം ഞാന്‍ സ്റ്റുഡിയോ ദീര്‍ഘകാല പാട്ടത്തിനെടുത്തതു കഴിഞ്ഞമാസം ഗവണ്‍മെന്റ് അംഗീകരിച്ചു. ചില നല്ല പ്രതീക്ഷകളുണ്ട്. ഏറ്റവും ലാഭകരമായി നല്ലൊരു ചിത്രം അജന്തയില്‍ ഉടനെ നിര്‍മിക്കണമെന്നു കരുതുന്നു. ചെറിയൊരു സാമ്പത്തികസഹകരണമുണ്ടെങ്കില്‍ ആത്മാര്‍ഥമായ പരിശ്രമത്തിന്റെയും നിസ്വാര്‍ഥമായ കലാസേവനത്തിന്റെയും പ്രതീകമായി അജന്ത സ്റ്റുഡിയോ വിരാജിക്കും. എന്റെ കലാജീവിതത്തിലുണ്ടായിട്ടുള്ള കയ്‌പേറിയ എല്ലാ അനുഭവങ്ങളും ഞാന്‍ മറക്കുന്നു. സത്യവും സ്ഥിരോത്സാഹവും വിജയിക്കും. കേരളത്തിലെ അര്‍ധപട്ടിണിക്കാരായ കലാകാരന്‍മാരുടെ പേരില്‍ ഈ സ്ഥാപനം വിട്ടുകൊടുക്കാനാണ് എന്റെ ആഗ്രഹം. ആരുടെയും നന്ദിവാക്കുകളും പ്രശംസാപത്രങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ആരോടും വിരോധവുമില്ല.” ”സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആരുമില്ലാത്ത ഞാന്‍ മുഴുവന്‍ സമയവും ഈ സ്ഥാപനത്തിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. അന്ധകാരം മാറി. സൂര്യോദയം കണ്ടുതുടങ്ങി” എന്നു പറഞ്ഞുകൊണ്ടാണു ലേഖനം അവസാനിപ്പിക്കുന്നത്.

മുഹമ്മദ് സര്‍ക്കാര്‍ എന്ന വ്യവസായി അജന്തയില്‍ ‘അവള്‍’ എന്ന സിനിമ നിര്‍മിച്ചതോടെയാണു സ്ഥാപനത്തിനു ജീവന്‍ വച്ചതെന്നു സമീപവാസിയായ ‘ദേശാഭിമാനി’ മുന്‍ലേഖകന്‍ ഒ.വി. ദേവസ്സി ഓര്‍ക്കുന്നു. രാംപിള്ള, തോട്ടുംമുഖം വൈ.എം.സി.എ. സെക്രട്ടറിയും കീഴ്മാട് പഞ്ചായത്തംഗവുമായിരുന്ന ഡബ്ലിയു.ഒ. ജോര്‍ജ് തുടങ്ങിയവരും സ്റ്റുഡിയോയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. വീനസ്, സത്യ, അരുണാചലം സ്റ്റുഡിയോകളിലും ഈ സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. 1967 ജൂണ്‍ 30 നു സിനിമ ഇറങ്ങി. പി.എം. അബ്ദുള്‍ അസീസ് അസീസ് എന്ന പേരില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ഉഷാനന്ദിനി ആദ്യമായി അഭിനയിച്ച ചിത്രവും. ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള മങ്കട രവിവര്‍മ ആദ്യമായി ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയും ഇതുതന്നെ.

എം.ടി. വാസുദേവന്‍നായര്‍, പി.എന്‍. മേനോന്‍, കെ.എസ്. സേതുമാധവന്‍, പി.ജെ. ആന്റണി തുടങ്ങിയവരുടെതടക്കം നിരവധി സിനിമകള്‍ക്ക്, മറ്റു പല സ്റ്റുഡിയോകള്‍ക്കൊപ്പം, ഇവിടം വേദിയായിട്ടുണ്ട്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു തിരക്കഥാരചനയിലും സംവിധാനത്തിലും ബിരുദം നേടിയ ജോണ്‍ ശങ്കരമംഗലവും ഛായാഗ്രഹണത്തില്‍ ബിരുദം നേടിയ അശോക് കുമാറും അരങ്ങേറ്റം കുറിച്ച ‘ജന്‍മഭൂമി’ അജന്തയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ‘റോസി’, ‘കബനീനദി ചുവന്നപ്പോള്‍’ തുടങ്ങിയവയും ഇവിടെ ചിത്രീകരിച്ചു. വിന്‍സന്റ് ആയിരുന്നു പലതിന്റെയും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. സത്യനും പ്രേംനസീറും ഷീലയും ശാരദയുമൊക്കെ ചിത്രീകരണത്തിന് ഇവിടെ വരുമായിരുന്നു. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത് താന്‍ നായകനായി അഭിനയിച്ച് 1970 ല്‍ ഇറങ്ങിയ ‘ഓളവും തീരവും’ എന്ന സിനിമയുടെ ചില ജോലികള്‍ ഇവിടെ ചെയ്തതിന്റെയും സെറ്റുകള്‍ ഇട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിന്റെയും ഓര്‍മ സിനിമാനടന്‍ മധു പങ്കുവയ്ക്കുകയുണ്ടായിട്ടുണ്ട്.

‘ചിത്രാപൗര്‍ണമി’ സിനിമാവാരികയുടെ പത്രാധിപരായിരിക്കെ സെബാസ്റ്റ്യന്‍ പോള്‍ പലവട്ടം ഇവിടെ വന്നിട്ടുണ്ട്. അതെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ളതിങ്ങനെ: ” പി.ജെ. ആന്റണി സംവിധാനം ചെയ്ത ‘പെരിയാര്‍’ സിനിമയുടെ ചിത്രീകരണവേളയിലാണു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ആ സ്റ്റുഡിയോയില്‍ ഞാന്‍ ആദ്യമെത്തിയതും ആലപ്പി വിന്‍സന്റിനെ പരിചയപ്പെട്ടതും. പിന്നീട്, കുറെക്കാലം ഞാന്‍ അജന്തയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. സ്റ്റുഡിയോയുടെ അടുത്തുള്ള അന്ധവിദ്യാലയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമയെടുക്കാനുള്ള രചനയും ഇതരപ്രാരംഭജോലികളും ഞങ്ങള്‍ പൂര്‍ത്തിയാക്കിയതാണ്. വിന്‍സന്റിനു വളരെ പ്രിയങ്കരമായിരുന്ന ആ പദ്ധതി നടന്നില്ല.” കശുമാവുകള്‍ ധാരാളമുണ്ടായിരുന്ന അവിടത്തെ പഴയ ഓടുകെട്ടിടവും നടീനടന്‍മാരുടെ വരവും ചെറുപ്പത്തില്‍ കണ്ടകാര്യം പരമ്പരാഗതമണ്‍പാത്രനിര്‍മാണം നടത്തുന്ന കീഴ്മാട് ഖാദിഗ്രാമ വ്യവസായസഹകരണസംഘത്തിന്റെ പ്രസിഡന്റ് പി.എ. ഷാജഹാന്റെയും ഓര്‍മയിലുണ്ട്.

അവസാനചിത്രം
ഓപ്പോള്‍

കേരളത്തിലെ മറ്റു സിനിമാസ്റ്റുഡിയോകളും ചെന്നൈയിലെ സ്റ്റുഡിയോകളും കൂടുതല്‍ ആധുനികീകരിച്ചപ്പോള്‍ സാമ്പത്തികപരിമിതിമൂലം അജന്തയ്ക്ക് അതിനായില്ല. സൗണ്ട് മിക്‌സിങ്, ലബോറട്ടറി സൗകര്യങ്ങള്‍ മിക്ക സ്റ്റുഡിയോകളിലും വന്നു. അജന്തയില്‍ ഒടുവില്‍ ചിത്രീകരിച്ചതു കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ‘ഓപ്പോള്‍’ ആണ്. വിന്‍സന്റിന്റെ അവസ്ഥയറിഞ്ഞ് സേതുമാധവന്‍ തന്റെ സിനിമയുടെ ചിത്രീകരണത്തിന്റെ കുറച്ചുഭാഗം അജന്തയിലാക്കുകയായിരുന്നു. അതെക്കുറിച്ചു സംഘത്തിന്റെ സ്ഥാപകസെക്രട്ടറിയായിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ മകന്‍ സാജു ചേലങ്ങാട്ട് എഴുതുന്നു: ” ആരും തിരിഞ്ഞുനോക്കാതെ അജന്തയുടെ വളപ്പില്‍ ജീവിതം തള്ളിനീക്കുന്ന വിന്‍സന്റിനെ കാണാന്‍ അപൂര്‍വംപേര്‍ എത്തുമായിരുന്നു. ഒരിക്കല്‍ വിന്‍സന്റിന്റെ കഥയറിഞ്ഞ് സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ തന്റെ സിനിമ ഓപ്പോളിന്റെ ചിത്രീകരണത്തിന്റെ കുറെഭാഗം അജന്തയിലാക്കി. അതാകട്ടെ, അജന്തയിലെ അവസാനചിത്രീകരണവുമായി.” ബാലന്‍ കെ. നായര്‍ക്കു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഓപ്പോള്‍ 1981 ലാണ് ഇറങ്ങിയത്.

അജന്തയുടെ ഏഴു കൊല്ലത്തെ പാട്ടക്കാലാവധി കഴിഞ്ഞപ്പോള്‍ രണ്ടു കൊല്ലംകൂടി നീട്ടിക്കൊടുത്തു. അതുകഴിഞ്ഞു സംഘത്തിനു പുതിയ ഭരണസമിതി വന്നു. അവര്‍ സ്റ്റുഡിയോ തിരികെ ഏറ്റെടുത്തു. സംഘത്തിന്റെ സാമ്പത്തികബാധ്യതകളാലാവാം, അവര്‍ക്കു മരങ്ങളടക്കം വില്‍ക്കേണ്ടിവന്നു. സെബാസ്റ്റ്യന്‍ പോള്‍ അക്കാലം വിവരിക്കുന്നു: ” ഏഴു കൊല്ലത്തെ ലീസ് ഒമ്പതുകൊല്ലം നീണ്ടു. അതുകഴിഞ്ഞപ്പോള്‍ സൊസൈറ്റിയുടെ പുതിയ ഭരണസമിതി സ്റ്റുഡിയോ തിരിച്ചേറ്റെടുത്തു. യന്ത്രസാമഗ്രികള്‍ ഒഴികെ കെട്ടിടങ്ങളും ഒരു കാറും രണ്ടു ടൈപ്പ്‌റൈറ്ററുകളും സമിതിക്കു വിട്ടുകൊടുത്തു. അവര്‍ അതെല്ലാം വിറ്റു. മരങ്ങള്‍ വെട്ടിവിറ്റു. ആ കലാക്ഷേത്രം വീണ്ടും മൊട്ടക്കുന്നായി മാറി. ക്യാമറ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ വിന്‍സന്റിന്റെ പാര്‍ട്ണര്‍മാരും വിറ്റു. എല്ലാറ്റിനും സാക്ഷിയായി അടുത്തുള്ള കൊച്ചുവീട്ടില്‍ വിന്‍സന്റ് ഒതുങ്ങിക്കഴിഞ്ഞു.” 1992 ജൂലായ് 12 ന് അദ്ദേഹം അന്തരിച്ചു.

സംഘം സ്ഥാപകസെക്രട്ടറിയായിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ശേഖരത്തില്‍ അജന്ത സ്റ്റുഡിയോയെ സംബന്ധിച്ചു കാര്യമായി ഒന്നുമില്ല. വിസ്മൃതനായ ജെ.സി. ദാനിയേലിനു മലയാളസിനിമയുടെ പിതാവ് എന്ന അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രയത്‌നിച്ച ചലച്ചിത്രചരിത്രകാരനും ചരിത്രമൂല്യമുള്ള പഴയകാലരേഖകളും പ്രസിദ്ധീകരണങ്ങളും ശ്രദ്ധാപൂര്‍വം സൂക്ഷിച്ചിരുന്നയാളുമായിട്ടും അജന്തയെപ്പറ്റി അദ്ദേഹം മൗനം അവലംബിച്ചു; നിരാശമായ ആ അധ്യായം ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടില്ലെന്നോണം. 2010 ജൂണ്‍ നാലിന് അദ്ദേഹം അന്തരിച്ചു. അദ്ദേഹം അജന്തയുടെ കാര്യം മന:പൂര്‍വം മറക്കാന്‍ ശ്രമിച്ചതായാണു തനിക്കു തോന്നിയിട്ടുള്ളതെന്നാണു മകന്‍ സാജു ചേലങ്ങാട്ട് അജന്ത സ്റ്റുഡിയോയെക്കുറിച്ചു 10 വര്‍ഷം മുമ്പ് ഒരു വാര്‍ത്ത എഴുതിയ ‘ദി ഹിന്ദു’ പത്രത്തിലെ ലേഖകന്‍ കെ. പ്രദീപിനോടു പറഞ്ഞത്.

സംഘം പ്രവര്‍ത്തനം നിലച്ചശേഷം സര്‍ക്കാര്‍ സ്ഥലം തിരിച്ചെടുത്തു. പിന്നെ യു.പി. ടോമി എന്നൊരാള്‍ ഇവിടം പാട്ടത്തിനെടുത്തു മള്‍ബറി കൃഷി നടത്തിയതായി ഒ.വി. ദേവസ്സി പറഞ്ഞു. പക്ഷേ, ജലസേചനസൗകര്യമില്ലാതിരുന്നതിനാല്‍ കൃഷി വിജയിച്ചില്ല. 1998 ല്‍ കെ. രാധാകൃഷ്ണന്‍ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-വര്‍ഗക്ഷേമമന്ത്രിയായിരിക്കെ, ഇവിടെ കെട്ടിടങ്ങള്‍ പണിതു പട്ടികജാതി-വര്‍ഗവിദ്യാര്‍ഥികള്‍ക്കുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആരംഭിച്ചു. (അതുവരെ സ്‌കൂള്‍ ആലുവ യു.സി. കോളേജിനടുത്തു വാടകക്കെട്ടിടത്തിലായിരുന്നു) ഇവിടെനിന്നു ജയിച്ചശേഷം ഉപരിപഠനം നടത്തിയവരില്‍ ഡോക്ടറായയാളും സിവില്‍ സര്‍വീസ് നേടിയയാളും ഒക്കെയുണ്ട്.

(മൂന്നാംവഴി സഹകരണ മാസിക 2023 ജനുവരി ലക്കം)

[mbzshare]

Leave a Reply

Your email address will not be published.