അകാലത്തില്‍ മറഞ്ഞ സഹകരണപ്രതിഭ

[mbzauthor]
വി.എന്‍. പ്രസന്നന്‍

 

(2021 ജനുവരി ലക്കം)

ഓര്‍മ

62,000 അംഗങ്ങളുള്ള പള്ളുരുത്തി മണ്ഡലം സഹകരണ ബാങ്കില്‍ നിന്നു ജീവനക്കാരനായി വിരമിച്ച ശേഷം പ്രസിഡന്റായി ചുമതലയേറ്റ ടി.കെ. വത്സന്‍ കുറഞ്ഞ കാലം കൊണ്ട് ചെയ്തുതീര്‍ത്ത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആരിലും മതിപ്പുളവാക്കും.

പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്കിനെ ശതാബ്ദിവര്‍ഷത്തില്‍ നയിച്ച സഹകരണ പ്രതിഭയായിരുന്നു ഈയിടെ അകാലത്തില്‍ പൊലിഞ്ഞ ടി.കെ. വത്സന്‍. 2020 ഡിസംബര്‍ ഒന്നിന് 61-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. സി.പി.എം. എറണാകുളം ജില്ലാ കമ്മറ്റിയംഗവും പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു പള്ളുരുത്തി കോണം തിരുമംഗലത്തു വീട്ടില്‍ ടി.കെ. വത്സന്‍. കരള്‍രോഗത്തെത്തുടര്‍ന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. താന്‍ ജീവനക്കാരനായിരുന്ന ബാങ്കില്‍നിന്നു വിരമിച്ചശേഷം അതിന്റെ പ്രസിഡന്റായി പ്രാഗത്ഭ്യം തെളിയിച്ചയാളാണു വത്സന്‍. 2017 ല്‍ മാത്രം ബാങ്കിന്റെ നേതൃത്വത്തിലേക്കു വന്ന വത്സന്‍ കുറഞ്ഞകാലം കൊണ്ട് ശ്രദ്ധേയമായ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണു സഹകാരിയെന്ന നിലയില്‍ നടത്തിയത്.

എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ ( സി.ഐ.ടി.യു ) എറണാകുളം ജില്ലാ സെക്രട്ടറി, കെ.എസ്.കെ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ്, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ സംഘടനയുടെ ജില്ലാ സെക്രട്ടറി, കേരള സഹകരണ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയരക്ടര്‍ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ശതാബ്ദിസ്മാരകമായി 13 വീടുകള്‍

പള്ളുരുത്തി മണ്ഡലം സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്രദമായ നിരവധി പദ്ധതികള്‍ വത്സന്‍ നടപ്പാക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബാങ്ക് ആരംഭിച്ച പച്ചക്കറിക്കൃഷി വ്യാപകശ്രദ്ധ പിടിച്ചുപറ്റി. സ്ത്രീകള്‍ക്കു തൊഴിലും വരുമാനവും ലഭിക്കുന്ന ‘ധനശ്രീ’ സ്ത്രീശാക്തീകരണ വായ്പാപദ്ധതി നടപ്പാക്കിയത് വത്സനാണ്. നൂറുകണക്കിനു സ്ത്രീകള്‍ക്ക് ഇതിലൂടെ വരുമാനം ലഭിച്ചു. ബാങ്കംഗങ്ങള്‍ക്കായി അപകട ഇന്‍ഷൂറന്‍സ് പദ്ധതിയും നടപ്പാക്കി. ബാങ്കിന്റെ ശതാബ്ദിസ്മാരകമായി 13 നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചുനല്‍കുന്ന പദ്ധതി നടപ്പാക്കിവരവെയാണ് വത്സന്റെ മരണം.

ഈയിടെ കേരള ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കല്‍ ഫേസ്ബുക്കില്‍ എഴുതിയ അനുസ്മരണം ഇങ്ങനെ: ”വത്സാ, ഒടുവില്‍ നിന്നെ ഞാന്‍ കാണുന്നത് കാക്കനാടുവച്ചാണ്. കേരള ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി നീ നേരിട്ടു വരുമെന്നു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. അതീവ ഗൗരവമേറിയ ഒരു ശസ്ത്രക്രിയ കഴിഞ്ഞു പൂര്‍ണവിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സന്ദര്‍ഭത്തിലായിരുന്നല്ലോ നീ വന്നത്. എല്ലാ നിമിഷങ്ങളിലും കണ്ണു നിറയാതെ, മറ്റുള്ളവര്‍ കണ്ടാല്‍ നാണക്കേടാവുമെന്നു കരുതി പിടിച്ചുനിന്നിട്ടുള്ള എനിക്ക് ചേതനയറ്റ്, ചിരിയില്ലാതെ, മുഷ്ടിചുരുട്ടാതെ, മുദ്രാവാക്യങ്ങളില്ലാതെ, നീണ്ടുനിവര്‍ന്നു കിടക്കുന്ന നിന്റെ മുമ്പില്‍ കണ്ണീരടക്കാനായില്ലെടാ. ‘

കോവിഡ് കാലത്തുപോലും വലിയ തോതിലുള്ള ജനക്ഷേമപ്രവര്‍ത്തനങ്ങളാണ് വത്സന്റ നേതൃത്വത്തില്‍ പള്ളുരുത്തി മണ്ഡലം സഹകരണ ബാങ്ക് നടത്തിയത്. ബാങ്ക് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഏഴായിരം മാസ്‌ക്കുകള്‍ സൗജന്യമായി വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാങ്കിന്റെ വകയായി 50 ലക്ഷം രൂപ കൈമാറി. സുഭിക്ഷ കേരളം പദ്ധതിയില്‍ കോവിഡ് കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ ‘നാടാകെ കൃഷിയിലേക്ക്, പി.എം.എസ്.സി. ബാങ്കും നാടിനൊപ്പം’ എന്ന മുദ്രാവാക്യവുമായി ബാങ്ക് നേരത്തേതന്നെ സജീവമാക്കിയിരുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. മണ്ണും ജൈവവള മിശ്രിതവും നിറച്ച പതിനായിരത്തോളം ഗ്രോബാഗുകളാണു തൈകളോടൊപ്പം മിതമായ വിലയ്ക്ക് അംഗങ്ങള്‍ക്കു വിതരണം ചെയ്തത്.

ഓണക്കാലത്ത് നിരവധി പലവ്യഞ്ജന സാധനങ്ങള്‍ അടങ്ങിയ ഒാണക്കിറ്റ് അംഗങ്ങള്‍ക്ക് സൗജന്യമായി നല്‍കി. ഇതിനു പുറമെ, കൊച്ചി നഗരസഭയിലെ ഒമ്പത്, പത്ത് സര്‍ക്കിളുകളിലെ മുഴുവന്‍ ശുചീകരണത്തൊഴിലാളികള്‍ക്കും സൗജന്യമായി ഓണക്കിറ്റ് നല്‍കി. കോവിഡ് കാലത്ത് പതിനായിരം രൂപ ബാങ്ക് അംഗങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കി. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത നൂറോളം കൃഷിഗ്രൂപ്പുകളിലെയും അഞ്ഞൂറോളം വനിതാ സ്വയംസഹായ സംഘങ്ങളിലെയും ധനശ്രീ ഗ്രൂപ്പുകളിലെയും അംഗങ്ങള്‍ക്കും വ്യക്തികള്‍ക്കും കൃഷി ആരംഭിക്കാന്‍ ഗ്രോ ബാഗ്, പച്ചക്കറിത്തൈകള്‍, വളം, ജൈവ കീടനാശിനികള്‍, കൃഷി ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ 5000 രൂപ പലിശരഹിത വായ്പ നല്‍കി. സാന്ത്വനസ്പര്‍ശം പദ്ധതിയില്‍ നിര്‍ധനരായ ബാങ്ക് അംഗങ്ങളില്‍ പ്രമേഹം, രക്തസമ്മര്‍ദം എന്നിവയ്ക്കു ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു മാസത്തെ മരുന്നു സൗജന്യമായി നല്‍കി. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത 30 വിദ്യാര്‍ഥികള്‍ക്കു ടെലിവിഷന്‍ നല്‍കി. ഇക്കഴിഞ്ഞ സപ്റ്റംബറിലാണ് ശതാബ്ദി ഭവനങ്ങളില്‍ ആറാമത്തെതിന് വത്സന്‍ തറക്കല്ലിട്ടത്.

1919 ല്‍ സ്ഥാപിതമായ ഈ സഹകരണ സംഘത്തിന്റെ ശതാബ്ദി 2019 ല്‍ കൊണ്ടാടിയപ്പോള്‍ നേതൃത്വം വഹിച്ചത് വത്സനായിരുന്നു. 62,000 ത്തില്‍പ്പരം അംഗങ്ങളുള്ള ബാങ്കാണിത്. ശതാബ്ദി സ്മാരകമായി നിര്‍മിച്ചുനല്‍കുന്ന 13 വീടുകളില്‍ ആദ്യത്തേത് പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിക്കഴിഞ്ഞു. മറ്റു വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓരോ വീടിനും എട്ടു ലക്ഷം രൂപയാണ് ചെലവ്. ഇത് പൂര്‍ണമായും ബാങ്ക് സൗജന്യമായി നല്‍കുന്നു.

സ്വയംസഹായ ഗ്രൂപ്പിനു അഞ്ചു ലക്ഷം വരെ

വത്സന്‍ പ്രസിഡന്റായശേഷം ബാങ്ക് ആരംഭിച്ച പ്രമുഖ പദ്ധതിയാണു സ്ത്രീശാക്തീകരണ വായ്പയായ ‘ധനശ്രീ’. സ്ത്രീകളുടെ സ്വയംസഹായഗ്രൂപ്പുകള്‍ രൂപവത്കരിച്ചു ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യിച്ചാണ് വായ്പ നല്‍കുന്നത്. അഞ്ചു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നുണ്ട്. 2018 ആഗസ്റ്റിലെ കൊടുംപ്രളയത്തിന് ഇരയായവരെയും വത്സന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി ഉദാരമായി സഹായിച്ചു. രണ്ടു കോടിയില്‍പ്പരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. വിഷരഹിത പച്ചക്കറി ഉല്‍പ്പാദനം, മത്സ്യക്കൃഷി പ്രോത്സാഹനം എന്നീ രംഗങ്ങളിലും വത്സന്റെ നേതൃത്വത്തില്‍ പി.എം.എസ്.സി. ബാങ്ക് സജീവമായി. വ്യക്തികളും സ്വാശ്രയഗ്രൂപ്പുകളും പച്ചക്കറിക്കൃഷി നടത്തുന്നതിനു പുറമെ ബാങ്ക് നേരിട്ടും ജൈവക്കൃഷി നടത്തുന്നുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.