ഹരിതം സഹകരണത്തിലൂടെ കോഴിക്കോട് 9000 കശുമാവിൻ തൈകൾ
ഹരിതം സഹകരണം രണ്ടാം ഘട്ടത്തിന് കോഴിക്കോട് ജില്ലയിലെ സഹകാരി സമൂഹം പിന്തുണ പ്രഖ്യാപിച്ചു. ജൂൺ 6 ന് കോഴിക്കോട് നടന്ന ജില്ലാ തല ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ കെ.ഉദയഭാനു, പ്രാഥമിക സഹകരണ സംഘം അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.രമേശ് ബാബുവിന് കശുമാവിൻ തൈ നൽകികൊണ്ട് നിർവഹിച്ചു.
കേരള സർക്കാറിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണ നൽകികൊണ്ട് അഞ്ചു ലക്ഷം വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുക എന്ന ദൗത്യം ലാണ് ഹരിതം സഹകരണം എന്ന പേരിൽ സഹകരണ വകുപ്പ് ഏറ്റെടുത്തത്. കേരളത്തിലെ പരിസ്ഥിതി സംതുലനാവസ്ഥ നിലനിർത്തുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി അഞ്ച് വർഷം കൊണ്ട് അഞ്ചു ലക്ഷം വൃക്ഷ തൈകൾ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നട്ട് സംരക്ഷിക്കാനാണ് സഹകരണ വകുപ്പ് ലക്ഷ്യം വെച്ചിട്ടുള്ളത്. “തീം ട്രീസ് ഓഫ് കേരള ” എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതിയിലൂടെ പ്ലാവ് , കശുമാവ് , തെങ്ങ് , മാവ് , പുളി എന്നീ മരങ്ങളാണ് വെച്ചു പിടിപ്പിക്കുന്നത്. 2018 ൽ പ്ലാവിൻ തൈകൾ നടുകയുണ്ടായി . 2019 ൽ അഞ്ച് ലക്ഷം കശുമാവിൻ തൈകൾ നടുന്നതിന് ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു . കോഴിക്കോട് ജില്ലയിൽ സഹകരണ സംഘങ്ങളിലൂടെ 2019 ജൂൺ 30 നുള്ളിൽ 9000 കശുമാവിൻ തൈകളാണ് വെച്ചു പിടിപ്പിക്കുന്നത്.
കെ.ഡി.സി.ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പ്രാഥമിക സഹകരണ സംഘം അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അഡ്വ.ജി.സി.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏറാമല സഹകരണ ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ, സഹകരണ വകുപ്പ് അസിസ്റ്റൻറ് രജിസ്‌ട്രാർമാരായ എ.കെ.അഗസ്തി , എൻ.എം.ഷീജ, വി.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.