സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ 12% വരെ പലിശ: നിക്ഷേപകരുടെ വിശദാംശങ്ങൾ നൽകുന്നവർക്ക് മോഹന വാഗ്ദാനം : ആശങ്കയുമായി സഹകരണ മേഖല.

adminmoonam

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ 12% വരെ പലിശ വാഗ്ദാനംചെയ്ത് പരസ്യങ്ങൾ എത്തി. നിക്ഷേപകരുടെ വിശദാംശങ്ങൾ നൽകുന്ന സഹകരണബാങ്ക് മാനേജർമാർക്ക് മോഹന വാഗ്ദാനങ്ങൾ ആണ് ഇത്തരം സ്ഥാപനങ്ങൾ നൽകുന്നത്. ഈ രീതി തുടർന്നാൽ ആറുമാസംകൊണ്ട് സഹകരണ മേഖലയിലെ നിക്ഷേപം പകുതിയിൽ താഴെ ആകുമെന്ന ആശങ്കയിലാണ് സഹകാരികൾ.

കെ എസ് എഫ് ഇ യും ട്രഷറിയും ഉയർന്ന പലിശ നിരക്ക് പ്രഖ്യാപിച്ചപ്പോൾ തന്നെ സഹകരണബാങ്കുകളിൽ നിന്നും വലിയതോതിൽ നിക്ഷേപങ്ങൾ പിൻവലിക്കുന്നതായി മൂന്നാംവഴി റിപ്പോർട്ട് ചെയ്തിരുന്നു. ട്രഷറിയും കെഎസ്എഫ്ഇ യും 8.5%ഉം 9% ഉം പലിശ നൽകുന്നതാണ് സഹകരണ മേഖലയിൽ നിന്നും പണം പിൻവലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. സഹകരണ മേഖലയിൽ ഇപ്പോൾ 7.25 മുതൽ 7.75% വരെയാണ് നിക്ഷേപങ്ങൾക്കുള്ള പലിശ. അതിനിടയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി പ്രമുഖ മലയാളം ദിനപത്രങ്ങളിൽ മുത്തൂറ്റ്, കെ.എൽ.എം പോലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പരസ്യം വന്നിരിക്കുന്നത്. ഈ സ്ഥാപനങ്ങളിൽ 11 മുതൽ 12 ശതമാനം വരെയാണ് നിക്ഷേപങ്ങൾക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപം ലക്ഷ്യം വെച്ചാണ് ഇവർ പലിശനിരക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നും കുറഞ്ഞ പലിശ നൽകുന്ന സഹകരണ മേഖലയിൽ നിന്നും താരതമ്യേന വിശ്വാസം ആർജിച്ച ഈ സ്ഥാപനങ്ങൾ 11 മുതൽ 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുമ്പോൾ 50 ശതമാനത്തിലധികം നിക്ഷേപകർ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കപ്പെടും എന്ന കണക്കുകൂട്ടലിലാണ് ഇവർക്കുള്ളതെന്നും പ്രമുഖ സഹകാരിയും തിരുവനന്തപുരം പട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ എം.പി. സാജു പറഞ്ഞു. ഒപ്പം ന്യൂതന മാർക്കറ്റിംഗ് രീതിയും. അതിനായി സഹകരണ ബാങ്കുകളിലെ മാനേജർമാരെ തന്നെയാണ് ഇവർ ലക്ഷ്യമിടുന്നത്. ജില്ലയിലെ സഹകരണബാങ്ക് മാനേജർമാരെ ഈ സ്ഥാപനങ്ങളിൽ നിന്നും ഇന്ന് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. തങ്ങളുടെ സഹകരണബാങ്കുകളിൽ നിന്നും നിക്ഷേപം പിൻവലിക്കുന്നവരുടെയും നിക്ഷേപങ്ങളുടെ കാലാവധി കഴിയാറായവരുടെയും ഫോൺ നമ്പറുകളും പേരുകളും നൽകിയാൽ നിക്ഷേപത്തിന് കമ്മീഷൻ നൽകാമെന്ന് വരെ ഇത്തരം സ്ഥാപനങ്ങളിൽ നിന്നുള്ളവർ പറഞ്ഞതായി സാജു പറഞ്ഞു . സഹകരണ വകുപ്പിൽ നിന്നും വിരമിച്ച വരെയും അവരുടെ ബന്ധങ്ങളെയും ഇത്തരം സ്ഥാപനങ്ങൾ നല്ലപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത സർക്കാർ തുറന്നു കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തിൽ പലിശ കുറച്ച വിഷയത്തിൽ സഹകാരികൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ടില്ലെങ്കിലും നിരവധിതവണ വകുപ്പ് മന്ത്രിയുടെയും വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. എന്നാൽ ഇതുവരെയും പലിശനിരക്ക് വർധിപ്പിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല. എന്നാൽ സഹകരണ സംഘം രജിസ്ട്രാറുടെ പലിശ കുറച്ചു കൊണ്ടുള്ള ഉത്തരവിനു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രധാന മലയാള ദിനപത്രങ്ങളിൽ ഒന്നാമത്തെ പേജിൽ ഇത്തരം സ്ഥാപനങ്ങളുടെ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്തുള്ള പരസ്യം വന്നതിൽ പല സഹകാരികളും സംശയം ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!