സേവനസമര്‍പ്പിതം ഈ സഹകാരി ജീവിതം

moonamvazhi
അനില്‍ വള്ളിക്കാട്

(2020 ജനുവരി ലക്കം)

അനുഭവ സമ്പത്താണ് എഴുപത്താറുകാരനായ പി.എ. ഉമ്മറിന്റെ കരുത്ത്. ജനങ്ങളോട് ഇഴുകിച്ചേര്‍ന്നുള്ളതാണ് അര നൂറ്റാണ്ടു നീണ്ട അദ്ദേഹത്തിന്റെ സഹകാരിജീവിതം.

ത്തായത്തിങ്കല്‍ അലി ഉമ്മര്‍ എന്ന പി.എ. ഉമ്മര്‍ ഇതുവരെ കൊണ്ടുനടന്നത് സഹകാരി ജീവിതം മാത്രം. കണ്ടതും കേട്ടതുമെല്ലാം സഹകരണ ചതുരത്തിലിട്ട്, എങ്ങനെ സാധാരണക്കാര്‍ക്കതു പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്ത സംസ്ഥാനത്തെ മികച്ച സഹകാരികളിലൊരാള്‍. അരനൂറ്റാണ്ടിന്റെ സഹകാരി ജീവിതത്തിന് ജന്മനാട് നല്‍കുന്ന സ്‌നേഹാദരം ഏറ്റുവാങ്ങാന്‍ അഞ്ചുനാള്‍ ശേഷിക്കെ, ഉമ്മര്‍ ഇതുവരെയുള്ള വഴിയാത്രകളിലെ മധുരോര്‍മകള്‍ വീണ്ടും നുകര്‍ന്നു. സഹകരണ രംഗത്തെ സ്വന്തം കാല്‍പ്പാടുകള്‍ പിന്തിരിഞ്ഞു നോക്കവെ, ഈ എഴുപത്തിയാറുകാരന്‍ ചെറുപ്പത്തിന്റെ ചുറുചുറുക്ക് വീണ്ടും എടുത്തണിഞ്ഞു.

ഇ.എം.എസ്സിന്റെ വഴി

ജനങ്ങളോട് ഇഴുകിച്ചേര്‍ന്നുള്ള പൊതുപ്രവര്‍ത്തനം എന്നത് ഇ.എം.എസ്സിനെ മനസ്സില്‍ കൊണ്ടുനടക്കുന്നത് കൊണ്ടാവാം എന്ന് ഉമ്മര്‍ കരുതുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ഇടത്തരം കര്‍ഷക കുടുംബമായ പത്തായത്തിങ്കല്‍ അലിയുടെയും പാത്തുമ്മയുടെയും എട്ടു മക്കളില്‍ ആറാമനായി 1943 മെയ് 21 ന് ജനനം. നാല് സഹോദരന്മാരും മൂന്നു സഹോദരിമാരും. കുടുംബത്തിലെ പ്രയാസങ്ങള്‍ മൂലം നാലാം ക്ലാസുവരെ മാത്രമേ ഉമ്മറിന് പഠിക്കാനായുള്ളു. അതിന്റെ ദുഃഖം മറക്കാന്‍ ജീവിതത്തിലെ എല്ലാ അനുഭവങ്ങളും അറിവിന്റെ ആവനാഴിയില്‍ നിറച്ചു.

1951 ല്‍ കമ്യൂണിസ്‌റ് പാര്‍ട്ടിയുടെ ദേശീയ നയപ്രഖ്യാപനത്തിനു ശേഷം രൂപം കൊണ്ട ചെര്‍പ്പുളശ്ശേരി സംഘത്തിന്റെ സെക്രട്ടറിയായിരുന്ന ജ്യേഷ്ഠന്‍ പി.എ.മുഹമ്മദിന്റെ രാഷ്ട്രീയ ധീരതകളാണ് ഉമ്മറിനെ പൊതുപ്രവര്‍ത്തനത്തിലേക്കു ആകര്‍ഷിച്ചത്. പ്രസിദ്ധമായ ഗോവ സമര പ്പോരാളിയായ മുഹമ്മദ്, 1965 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ യില്‍ നിന്നു. ഉമ്മറുള്‍പ്പടെ കുടുംബത്തിലെ മറ്റുള്ളവര്‍ ഇ.എം.എസ്സിന്റെ വഴിയിലേക്ക് നീങ്ങി. 1968 ല്‍ സി.പി.എമ്മില്‍ അംഗത്വമെടുത്ത ഉമ്മര്‍ 1980 മുതല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമാണ്.

 

ഇ.എം.എസ്സിനോടൊപ്പം പി. എ. ഉമ്മര്‍

സങ്കടം ചുരത്തിയ സഹകരണം

സഹകരണ രംഗത്തെ ആദ്യാനുഭവങ്ങള്‍ ഉമ്മറിന് കയ്‌പേറിയതായിരുന്നു. എന്നാല്‍, അതിന്റെ സങ്കടഭാരത്താല്‍ പിന്‍ചുവട് വെക്കാന്‍ ഉമ്മര്‍ നിന്നില്ല. സഹകരണ മേഖലയില്‍ പിന്നീട് ഉറച്ച വഴികള്‍ വെട്ടുന്നതിന് ഓരോ കയ്പും മധുരമുള്ളതായി. പത്തൊമ്പതാമത്തെ വയസ്സില്‍ പരിയാപുരത്തെ പാല്‍ സൊസൈറ്റിയില്‍ വെണ്ടറായി ജോലി ചെയ്തുകൊണ്ടാണ് ഉമ്മറിന്റെ കടന്നുവരവ്. അഞ്ചു വര്‍ഷത്തെ ജോലിപരിചയം തുണയാക്കി സ്വന്തമായി ഒരു ഡെയറി ഫാം തുടങ്ങി. ഉത്പാദിപ്പിക്കുന്ന പാല്‍ സംഭരിക്കാനും വില്‍ക്കാനുമുള്ള അക്കാലത്തെ പ്രയാസം മൂലം അമ്പതിനായിരത്തോളം രൂപയുടെ നഷ്ടത്തില്‍ പദ്ധതി അവസാനിപ്പിച്ചു. കടം വീട്ടാന്‍ കാലികളെ വിറ്റതിനു പുറമെ കൃഷി ഭൂമിയും നഷ്ടപ്പെടുത്തേണ്ടി വന്നു.

1973 ല്‍ ചെര്‍പ്പുളശ്ശേരി അര്‍ബന്‍ ബാങ്കില്‍ ഡയരക്ടറായി ചുമതലയേറ്റാണ് ഉമ്മര്‍ സഹകാരിജീവിതം തുടങ്ങുന്നത്. പിന്നീട് മൂന്നു പതിറ്റാണ്ട് ചെര്‍പ്പുളശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ ഉമ്മര്‍ തന്റെ സാന്നിധ്യം സഹകരണ കേരളത്തെ അറിയിച്ചു. രാജ്യത്തെ മികച്ച സഹകരണ ബാങ്കിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരം 2008 ല്‍ ചെര്‍പ്പുളശ്ശേരി ബാങ്കിനെ തേടിയെത്തി. ഇതിനിടക്ക് ജില്ലാ ബാങ്കിനെയും സംസ്ഥാന ബാങ്കിനെയുമൊക്കെ നയിച്ചു. കേരളത്തിലെ സഹകരണ സംവിധാനങ്ങളില്‍ ഉമ്മറിന്റെ കയ്യൊപ്പു പതിഞ്ഞ ഇടവും കാലവും ഏറെ തിളക്കമുള്ളതായിരുന്നു. പദവികള്‍ ഉയര്‍ന്നു പോകുമ്പോഴും നാട്ടിലും പരിസരത്തും വിവിധ മേഖലകളില്‍ സഹകരണ സ്ഥാപനങ്ങള്‍ ആരംഭിച്ച് ജനങ്ങളുമായുള്ള ഇഴയടുപ്പം കൂട്ടാനും ഉമ്മര്‍ ശ്രദ്ധിച്ചിരുന്നു.
ചെര്‍പ്പുളശ്ശേരി, കാറല്‍മണ്ണ എന്നിവിടങ്ങളിലെ ക്ഷീര സംഘങ്ങള്‍, നെല്ലായയിലും കുലുക്കല്ലൂരിലുമുള്ള ക്രെഡിറ്റ് വിപണന സംഘങ്ങള്‍ എന്നിവയുടെ തുടക്കക്കാരനാണ് ഉമ്മര്‍. ജില്ലയിലെ നെല്ല് സംസ്‌കരണ, വിപണന രംഗത്തെ പ്രമുഖ സഹകരണ സ്ഥാപനമായ ‘പാഡികോ’ യുടെ ആരംഭത്തിനും ഉമ്മറിന്റെ വിലപ്പെട്ട സംഭാവനകളുണ്ട്. ക്ഷീര സംഘം, ഭവന നിര്‍മാണ സംഘം തുടങ്ങി വ്യത്യസ്ത സഹകരണ സ്ഥാപനങ്ങളില്‍ സഹകാരിയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവജ്ഞാനം ഉമ്മറിന് എപ്പോഴും തുണയായി. പ്രൈമറി കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് മികച്ച സഹകരണ സംഘാടകനായും ഉമ്മര്‍ ഉയര്‍ന്നു.

ആരും കാണാത്ത അകലക്കാഴ്ചകള്‍

പാലക്കാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കെ, 2007 ഒക്ടോബറില്‍ കൊച്ചിയില്‍ നടന്ന ആറാമത് സഹകരണ കോണ്‍ഗ്രസ്സില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് പി.എ.ഉമ്മര്‍ പറഞ്ഞു: ‘കേരളത്തിലെ സഹകരണ ക്രെഡിറ്റ് മേഖലയുടെ ശക്തി നിലനിര്‍ത്തുന്നതിന് പ്രാഥമിക സഹകരണ ബാങ്കുകളുടെയും ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഒരു കൂട്ടായ്മ അനിവാര്യമാണ്. കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഫ് കേരള എന്ന ആശയം ഫലവത്താകുന്നതോടെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും’ . പന്ത്രണ്ട് വര്‍ഷം മുമ്പ് ഉമ്മര്‍ ചൂണ്ടിക്കാട്ടിയത് ‘കേരള ബാങ്ക്’ എന്ന നിലയില്‍ ഉടലെടുത്തു കഴിഞ്ഞു.

ഏതു സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോഴും അത് നാടിനും നാട്ടാര്‍ക്കും പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ഉമ്മറിന്റെ പ്രധാന കാഴ്ചപ്പാട്. പാലക്കാട് ജില്ലക്ക് കൂടുതല്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം വന്നപ്പോള്‍, കെ.എസ്.ആര്‍.ടി.സി.യെ ഉമ്മര്‍ സമീപിച്ചു. പാലക്കാട് നിന്നു വിവിധ സ്ഥലങ്ങളിലേക്ക് 33 റൂട്ടുകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഉമ്മര്‍ അനുമതി വാങ്ങിച്ചു. ഡീസല്‍ പണം പോലും നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി. ഞെരുങ്ങുന്ന കാലം. ബസ്സുകള്‍ വാങ്ങിത്തന്നാല്‍ ഓടിക്കാമെന്നായി ഗതാഗത മന്ത്രി. 33 പുതിയ ബസ്സുകള്‍ വാങ്ങാന്‍ മൂന്നരക്കോടി രൂപ ജില്ലാ ബാങ്ക് വായ്പ നല്‍കി. ബസ്സുകള്‍ ഓടിത്തുടങ്ങി. ദിവസ വരുമാനത്തില്‍ നിന്ന് കൃത്യമായ തുക പാലക്കാട് ഡിപ്പോയില്‍ നിന്നടച്ച് കെ.എസ്.ആര്‍.ടി.സി. കടം തീര്‍ക്കുകയും ചെയ്തു.

‘പോലീസുകാര്‍ക്ക് മാത്രമായെന്തിനാണ് മോട്ടോര്‍ സൈക്കിള്‍ വായ്പ ഏര്‍പ്പെടുത്തിയത്?’ – ഉമ്മറിനോട് ഈ ചോദ്യമുയര്‍ത്തിയത് പദ്ധതി ഉദ്ഘാടനത്തിനെത്തിയ പോലീസ് മേധാവി. ഉമ്മര്‍ പറഞ്ഞു: ‘ രാവും പകലുമില്ലാതെ ജനസേവനം നടത്തുന്നവരാണവര്‍. നേരം വൈകിയാല്‍ വീട് ചേരാന്‍ സ്വന്തം വാഹനം വേണ്ടി വരും. പോലീസുകാര്‍ക്ക് ദിവസവും വീട്ടിലെത്താന്‍ കഴിയുന്നത് സേനക്കും നല്ലതാണ്’. മറുപടി ഐ.ജി.ക്ക് ഇഷ്ടപ്പെട്ടു. 400 ഇരുചക്ര വാഹനങ്ങളാണ് വനിതകളുള്‍പ്പടെയുള്ള പോലീസുകാര്‍ക്ക് നല്‍കിയത്. വായ്പാ തിരിച്ചടവ് ഓരോരുത്തരുടെയും ശമ്പളത്തില്‍ നിന്ന് പിടിച്ച് പോലീസ് സഹകരണ സംഘം വഴി ജില്ലാ ബാങ്കില്‍ അടയ്ക്കാന്‍ ഐ.ജി. നിര്‍ദേശം നല്‍കി. ഇത്രയും വാഹനം ഒരുമിച്ചു വാങ്ങിയതിന്റെ ഇളവ് പോലീസുകാര്‍ക്ക് ലഭിക്കുകയും ചെയ്തു.

ബാങ്ക് വായ്പ തിരിച്ചടക്കാനാവാതെ നിരവധി നെല്‍ക്കര്‍ഷകര്‍ പാലക്കാട് ജില്ലയില്‍ ആത്മഹത്യ ചെയ്ത കാലമുണ്ടായിരുന്നു. ആ ദുരന്തത്തിന്റെ വിറങ്ങലിപ്പുള്ള കുടുംബങ്ങള്‍ ഒത്തു കൂടിയ ഒരു കര്‍ഷക സെമിനാറില്‍ പ്രസംഗകനായി ഉമ്മറും പങ്കെടുത്തു. സെമിനാറില്‍ അവരുടെ ദീന രോദനം കേട്ട ഉമ്മര്‍, ജില്ലാ സഹകരണ ബാങ്കിലേക്ക് ഇവരെ വിളിപ്പിച്ചു. 139 കര്‍ഷക കുടുംബങ്ങളുടെ വായ്പ എഴുതിത്തള്ളുന്നതിന് പ്രാഥമിക സംഘങ്ങള്‍ക്ക് ജില്ലാ ബാങ്ക് സഹായം നല്‍കി. തുടര്‍ന്ന് അഞ്ചു വര്‍ഷത്തേക്ക് പലിശരഹിത വായ്പ അനുവദിക്കാനും ജില്ലാ ബാങ്ക് തീരുമാനിച്ചു. ഒഴിവാക്കിയ പലിശത്തുക സര്‍ക്കാര്‍ അനുവദിച്ചു. ഇങ്ങനെ പാലക്കാട് ജില്ലയില്‍ തുടങ്ങിയ ‘പലിശരഹിത കാര്‍ഷിക വായ്പ പദ്ധതി’ പിന്നീട് സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തു.

കച്ചവട മേഖലയില്‍ ഒരു ലക്ഷം രൂപ വരെ പരസ്പര ജാമ്യത്തില്‍ വായ്പ നല്‍കി പാലക്കാട് ജില്ലാ ബാങ്ക് കേരളത്തിന് മാതൃകയായതും ഉമ്മര്‍ പ്രസിഡന്റായിരുന്ന കാലത്താണ്. ‘വീട്ടു മുറ്റത്തൊരു ബാങ്ക്’ എന്ന നിലയില്‍ വനിതാ കൂട്ടായ്മയിലൂടെ ഏത് അത്യാവശ്യ ഘട്ടങ്ങളിലും വായ്പ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയത് കൊള്ളപ്പലിശക്കാരെ പ്രതിരോധിക്കാനായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹച്ചെലവിലേക്ക്, ജനന സമയത്തുതന്നെ ചെറിയ സമ്പാദ്യം തുടങ്ങി വിവാഹപ്രായമാകുമ്പോള്‍ ആ തുകയും വായ്പത്തുകയും ചേര്‍ത്തു നല്‍കുന്ന പദ്ധതിയും തുടങ്ങി. വിദ്യാഭ്യാസ വായ്പ, പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങി സേവനത്തിന്റെ പുതിയ സഹായ വഴികള്‍ പലതും ഉമ്മറിന്റെ ഭരണ കാലത്താണ് ജില്ലാ ബാങ്ക് വെട്ടിത്തുറന്നത്. പിന്നീടതില്‍ പലതും കേരളമാകെ ഏറ്റെടുക്കുകയും ചെയ്തു.

പി.എ. ഉമ്മറിനെ ആദരിക്കാന്‍ ചേര്‍ന്ന ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരിച്ചടിയിലും തിളക്കം

വൈദ്യുതി മേഖലയില്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് സഹായമെന്ന നിലയില്‍ നൂറു കോടി രൂപ പ്രാഥമിക ബാങ്കുകള്‍ വഴി നല്‍കുന്നതിന് ജില്ലാ ബാങ്ക് വായ്പ അനുവദിച്ചു. ഈ തുക സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപിച്ചത് വലിയൊരു കുറ്റമായി നബാര്‍ഡ് കണ്ടു. ഇതേത്തുടര്‍ന്ന് ജില്ലാ ബാങ്കിന്റെ വായ്പാവഴികള്‍ മരവിപ്പിച്ചു. ഇതിനെതിരെ നബാര്‍ഡ് മേധാവികള്‍ക്ക് ഉമ്മര്‍ കത്തെഴുതി. വൈദ്യുതി രംഗത്തെ വികസനവും നാടിന്റെ ആവശ്യമാണെന്നും അതിനു മുന്നിട്ടിറങ്ങിയ സര്‍ക്കാരിനെ വായ്പ നല്‍കി സഹായിച്ചതാണെന്നും ബോധ്യപ്പെടുത്തിയതോടെ മരവിപ്പ് നടപടികള്‍ പിന്‍വലിച്ചു. തീര്‍ന്നില്ല, മികച്ച പ്രവര്‍ത്തനത്തിന് ജില്ലാ ബാങ്കിന് പുരസ്‌കാരം നല്‍കി നബാര്‍ഡ് ആദരിക്കുകയും ചെയ്തു.
സംസ്ഥാന സഹകരണ ക്ഷേമ വികസന ഫണ്ട് ബോര്‍ഡില്‍ ചെയര്‍മാനായിരിക്കെ സഹകരണ ബാങ്കുകള്‍ക്കായി അഞ്ചു വര്‍ഷത്തേക്ക് ഡെവലപ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി ഉമ്മര്‍ കരുതുന്നു. ഇത് നടപ്പാക്കിത്തുടങ്ങിയതോടെ, നഷ്ടത്തിലായിരുന്ന പല സംഘങ്ങളും ഉയിര്‍ത്തെഴുന്നേറ്റുവെന്ന് പറയുന്നു. കാര്‍ഷിക വായ്പയില്‍ 292 കോടി രൂപയുടെ വളര്‍ച്ച ജില്ലാ സഹകരണ ബാങ്കിന് നേടിക്കൊടുത്തതില്‍ മുഖ്യ പങ്കു വഹിച്ച ഉമ്മറിനെ സഹകരണ ബാങ്കുകളിലെ കാര്‍ഷിക വായ്പയുടെ വിതരണവും വിനിയോഗവും വര്‍ധിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ പഠിച്ച് സമര്‍പ്പിക്കാനായി രൂപവത്കരിച്ച കമ്മിറ്റിയുടെ ചെയര്‍മാനായി സര്‍ക്കാര്‍ നിയോഗിച്ചു. 2008 ല്‍ ഇതിന്റെ റിപ്പോര്‍ട്ട് ഉമ്മര്‍കമ്മിറ്റി സര്‍ക്കാരിന് കൈമാറി. കാല്‍ നൂറ്റാണ്ട് പഴക്കമുണ്ടായിരുന്ന സഹകരണ ഓഡിറ്റ് മാന്വല്‍ പരിഷ്‌കരിക്കുന്നതിനുള്ള കമ്മിറ്റിയിലെ അംഗമായും ഉമ്മര്‍ പ്രവര്‍ത്തിച്ചു. റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയിലെ ബാങ്കിങ് പ്രാവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ ജര്‍മനി, നെതര്‍ലാന്‍ഡസ്് എന്നീ രാജ്യങ്ങളില്‍ ഉമ്മര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

അനുഭവം ഗുരു

നെല്ലായയിലെ മുഹമ്മദിന്റെ കുടുംബത്തിന് ഉമ്മര്‍ ദൈവത്തിന്റെ ആള്‍രൂപമാണ്. ഗള്‍ഫില്‍ ജോലിചെയ്തു സമ്പാദിച്ചതും കടം വാങ്ങിയതും ചേര്‍ത്തുള്ള തുകക്ക് നെല്ലായയിലെ മുഹമ്മദ് സാമാന്യം വലിയൊരു വീടുണ്ടാക്കി. നിര്‍ഭാഗ്യവശാല്‍ മുഹമ്മദിന് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടു. സ്വകാര്യ പണമിടപാടുകാരില്‍ നിന്നു കടം വാങ്ങിയ തുക തിരിച്ചടക്കാനായില്ല. പലിശ കയറിക്കയറി പത്തുലക്ഷമായപ്പോള്‍ പണമിടപാടുകാരന്‍ വീട് തീറെഴുതി വാങ്ങി. പ്രവാസിക്കും കുടുംബത്തിനും വീടൊഴിയേണ്ടി വന്നു. ഇവര്‍ കോയമ്പത്തൂരില്‍ വാടകക്ക് താമസിക്കവെ, ഉമ്മറിനെ വന്നു കണ്ടു. ജീവിതാധ്വാനത്തിന്റെ വിയര്‍പ്പു വീണ വീട് തിരിച്ചു കിട്ടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഉമ്മര്‍ ഇരു കൂട്ടരെയും ഒരുമിച്ചിരുത്തി. പതിമൂന്നു ലക്ഷം തന്നാല്‍ തിരിച്ചു കൊടുക്കാമെന്ന് സ്വകാര്യ പണമിടപാടുകാരന്‍. ഒടുവില്‍ പത്തര ലക്ഷത്തിനുറപ്പിച്ചു. കടക്കെണിയില്‍ നിന്നു കച്ചവടക്കാരെയും പൊതുജനങ്ങളെയും രക്ഷിക്കാന്‍ ജില്ലാ സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ‘ടേക്ക് ഓവര്‍ ലോണ്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വീണ്ടെടുത്ത് പ്രവാസിക്ക് നല്‍കി. അതിനിടക്ക് ഗള്‍ഫിലെ തൊഴിലുടമ പ്രവാസിയുടെ മക്കള്‍ക്ക് ജോലി നല്‍കി. അവര്‍ ബാങ്ക് വായ്പയുടെ തിരിച്ചടവ് കൃത്യമാക്കി. തിരിച്ചു കിട്ടിയ വീട്ടിലേക്കുള്ള പുനഃപ്രവേശം ഉമ്മറിന്റെ സാന്നിധ്യത്തിലല്ലാതെ നടത്തില്ലെന്ന് ഗൃഹനാഥക്ക് നിര്‍ബന്ധം. ഗൃഹപ്രവേശച്ചടങ്ങിന് ചെന്നപ്പോള്‍, മൂത്ത സഹോദരിയോളം പ്രായമുള്ള വീട്ടമ്മ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞത് ഉമ്മറിനിപ്പോഴും മറക്കാനാവുന്നില്ല. അവരുടെ ആനന്ദക്കണ്ണീരിന്റെ നനവോര്‍മയില്‍ ഉമ്മര്‍ പറഞ്ഞു: ‘അനുഭവമാണ് എന്റെ അധ്യാപകന്‍’.

ജീവിക്കാന്‍ മറന്ന സഹകാരി

പൊതുപ്രവര്‍ത്തിനപ്പുറം സ്വകാര്യ ജീവിതം എങ്ങനെയെന്ന് ചോദിച്ചാല്‍ ഉമ്മര്‍ ഒന്ന് അമര്‍ത്തിച്ചിരിക്കും. സഹകരണ സംവിധാനം മെച്ചപ്പെട്ടതാക്കണം. പാര്‍ട്ടി പ്രവര്‍ത്തനം കൃത്യതയുള്ളതാകണം. ഉമ്മറിന് ഇതില്‍ വിട്ടുവീഴ്ചയില്ല. ജില്ലാ ബാങ്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാവിലെ നേരത്തെ വീട്ടില്‍ നിന്നിറങ്ങും. ദിവസവും ഏതെങ്കിലുമൊരു ശാഖയില്‍ മിന്നല്‍ സന്ദര്‍ശനം. ജീവനക്കാരെ കര്‍മനിരതരാക്കാന്‍ ഇതുപകരിച്ചുവെന്ന്, ഉമ്മര്‍. സംസ്ഥാന ബാങ്കില്‍ പ്രസിഡന്റായിരിക്കെ ഞായറാഴ്ച മാത്രം വീട്ടിലെത്തും. അതും പൊതു പരിപാടികളില്ലെങ്കില്‍. പാര്‍ട്ടിയിലും, ഏല്പിച്ച ഉത്തരവാദിത്തങ്ങള്‍ വിപുലവും കൃത്യവുമായി ചെയ്തു. 1991 ലെ ജില്ലാ കൗണ്‍സിലില്‍ വികസന കാര്യ സമിതി ചെയര്‍മാനായും ഉമ്മര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയിഷയാണ് ഉമ്മറിന്റെ ഭാര്യ. സലിം (ചെര്‍പ്പുളശ്ശേരി അര്‍ബന്‍ ബാങ്ക്), ഷാജി, ഷാബു, ഷീജ എന്നിവര്‍ മക്കളും.
‘ആനന്ദിക്കാന്‍ ഇതെല്ലാം ധാരാളം. പഴയ നാലാം ക്ലാസുകാരന്റെ അറിവും അധ്വാനവും ജനങ്ങള്‍ കൈനീട്ടി സ്വീകരിച്ചുവല്ലോ’. ജനസേവനത്തിന്റെ സന്തോഷഗോപുരത്തിലിരുന്ന് ഉമ്മര്‍ വീണ്ടും കണ്ണടച്ചു ചിരിച്ചു.

ഉമ്മറിന്റെ സഹകരണ വഴികള്‍

  1962: പരിയാപുരം ക്ഷീരസംഘത്തില്‍ വെണ്ടര്‍.

♦  1967: സ്വന്തം ഡെയറി ഫാം തുടങ്ങി.

♦  1973: ചെര്‍പ്പുളശ്ശേരി അര്‍ബന്‍ ബാങ്കില്‍ ഡയരക്ടര്‍ – 14 വര്‍ഷം.

1976: പെരിന്തല്‍മണ്ണ ഭൂപണയ ബാങ്കില്‍ ഡയരക്ടര്‍ – 3 വര്‍ഷം.

♦  1977: ചെര്‍പ്പുളശ്ശേരി സര്‍വീസ് സഹകരണ ബാങ്കില്‍ ഡയരക്ടര്‍ – 31 വര്‍ഷം. അതില്‍ 20 വര്‍ഷം പ്രസിഡന്റ്.

♦  1986: പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ ഡയരക്ടര്‍ – 22 വര്‍ഷം. അതില്‍ 15 വര്‍ഷം പ്രസിഡന്റ്.

♦  2000: സംസ്ഥാന സഹകരണ ഡവലപ്‌മെന്റ് ബോര്‍ഡില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ – 13 വര്‍ഷം ഇടവിട്ട്.

♦  2001: സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് – 2 വര്‍ഷം.

2009: ചെര്‍പ്പുളശ്ശേരി സഹകരണ ആശുപത്രിയില്‍ വൈസ് ചെയര്‍മാന്‍, ചെയര്‍മാന്‍ – 10 വര്‍ഷം.

♦  ഇതിനു പുറമെ സംസ്ഥാന കേരഫെഡില്‍ ഇടവിട്ട് 12 വര്‍ഷവും ക്ഷീരസംഘത്തിലും ഭവന നിര്‍മാണ സംഘത്തിലും 3 വര്‍ഷം വീതവും ഡയരക്ടര്‍.

സഹകരണ രംഗത്തെ സവിശേഷ പ്രവര്‍ത്തനങ്ങള്‍

♦  നെല്‍ക്കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ.

  മരണാനന്തരം ഒന്നേ കാല്‍ ലക്ഷം രൂപ വരെയുള്ള കടം റദ്ദാക്കല്‍.

 കടക്കെണിയില്‍ നിന്നു രക്ഷപ്പെടുത്തിക്കൊണ്ടുള്ള ടേക്ക് ഓവര്‍ ലോണ്‍ പദ്ധതി.

പാലക്കാട്ടെ ബസ് ഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി.ക്കു
മൂന്നരക്കോടി രൂപയുടെ വായ്പ.

അട്ടപ്പാടിയിലെ എല്ലാ കൃഷിക്കാര്‍ക്കുമായി പരസ്പര ജാമ്യത്തില്‍ വായ്പ.

 സഹകരണ ബാങ്കുകളില്‍ നീതി സ്റ്റോര്‍ തുടങ്ങാനുള്ള ആശയം സര്‍ക്കാരിന് മുന്‍പില്‍ വെച്ചു.

വീട്ടു മുറ്റത്തൊരു ബാങ്ക് എന്ന പദ്ധതി പ്രാവര്‍ത്തികമാക്കി.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ പ്രാഥമിക തലം മുതല്‍ സംസ്ഥാന തലം വരെയുള്ളവരുടെ സ്ഥിതിവിവരക്കണക്കുകള്‍ ക്രോഡീകരിച്ച് പുസ്തകം തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!