സെക്ഷൻ 80 (പി) – ഒരു പഠനം തുടരുന്നു.

adminmoonam

ആദായനികുതി സെക്ഷൻ 80 (പി) വിഷയത്തിലുള്ള ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു. സഹകരണ സംഘങ്ങളുടെ ചരിത്രമാണ് ഇന്നത്തെ ലേഖനത്തിൽ.

7. സഹകരണസംഘങ്ങളുടെ ചരിത്രം:

നിയമത്തിലെ ഒരു വകുപ്പിനെ കുറിച്ചു ചർച്ച ചെയ്യാൻ ആരംഭിക്കുമ്പോൾ, ആ വകുപ്പിന്റെ ചരിത്രവും അതിന്റെ കാതലായ മർമവും തേടിക്കണ്ടുപിടിക്കുന്നത് ഉപയോഗപ്രദമായിരിക്കും. നിയമത്തിലെ ഓരോ വ്യവസ്ഥക്ക് പിന്നിലും എന്തെങ്കിലും ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും ഉണ്ടാവും. ഓരോ നിയമവും ഉണ്ടാക്കുന്നത് മനുഷ്യർക്ക് വേണ്ടിയല്ലേ? അതുകൊണ്ട് ഓരോ നിയ മങ്ങൾക്കും അതിലെ വകുപ്പുകൾക്കും പിന്നിൽ എന്തെങ്കിലും ലക്ഷ്യങ്ങളും ആവശ്യതകളും കാണും. അത് അറിയാൻ അല്പം ചരിത്രം പഠിച്ചേ തീരു. Section 80P കോഓപ്പറേറ്റീവ് സൊസൈറ്റികൾക്കു വേണ്ടിയുള്ള വകുപ്പാണല്ലോ. അതുകൊണ്ടു തന്നെ ഞാൻ കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ ചരിത്രപരമായ ഒരു പര്യവേക്ഷണം നടത്താൻ പോകുന്നു.

8. തുടക്കം യൂറോപ്പിൽ

സഹകരണപ്രസ്ഥാനം ഉടലെടുത്തത് യൂറോപ്യൻ രാജ്യമായ ഇംഗ്ലണ്ടിലാണ് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. 1498 ജൂൺ 22 ന് സ്‌കോട് ലണ്ടിലെ അബർഡീനിൽ രൂപം കൊണ്ട ‘The Shores Porters Society’ യാണ് ലോകത്തിലെ ആദ്യത്തെ സഹകരണസംഘമെന്നു കണക്കാക്കപ്പെടുന്നു. പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ നടന്ന വ്യാവസായിക വിപ്ളവമാണ് വാസ്തവത്തിൽ ഇംഗ്ലണ്ടിലേയും ഫ്രാൻസിലെയും ജെർമനിയിലേയും സഹകരണപ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടിയത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഗ്രാമീണ വായ്പാസംഘങ്ങൾക്ക് തുടക്കം കുറിച്ച Friedrich Wilhelm Raiffeisen രൂപപ്പെടുത്തിയെടുത്ത ജർമ്മൻ മാതൃകയാണ് നാം ഇന്ത്യയിൽ സ്വീകരിച്ചത്. ജർമനിയിലെ ഗ്രാമീണ കർഷകർ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം കഠിനമായി യത്നിച്ചു.

9. യൂറോപ്യൻ മാതൃക ഇന്ത്യയിലും

ഇന്ത്യയിൽ 1876ൽ മദ്രാസ് പ്രസിഡൻസിയിൽ സംഭവിച്ച വൻക്ഷാമം നമ്മുടെ രാജ്യത്തെ ഇളക്കിമറിച്ചു. ഇതിനെത്തുടർന്ന് ഒരുകോടിയോളം ആളുകൾ, അതിലധികവും പാവപ്പെട്ട കർഷകർ മരിച്ചു. ഈ ദുരന്തം ആ കാലഘട്ടത്തിൽ മദ്രാസ് കളക്ടറായിരുന്ന Sir Frederic Nicolson, ICS-നെ ക്ഷാമകമ്മീഷനായുള്ള നിയമനത്തിന് വഴിയൊരുക്കി. കർഷകർ നേരിട്ടിരുന്ന പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച് അദ്ദേഹം തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടാണ് ആത്യന്തികമായി ‘The Cooperative credit Societies Act 1904’ പാസ്സാക്കുന്നതിൽ കലാശിച്ചത്. സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ആദ്യത്തെ ഇന്ത്യൻ നിയമമായിരുന്ന 1904ലെ ആക്ട് കർഷകർക്കുള്ള വായ്‌പയെ മാത്രം കൈകാര്യം ചെയ്യുന്നതായിരുന്നു. 1904 ആക്ടിൽ കുറെയേറെ ന്യുനതകളും ഉണ്ടായിരുന്നു; അത് Cooperative Societies Act 1912 പാസ്സാക്കുന്നതിലേക്കു കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചു.1919 ലെ മോൺടേഗ്-ചെംസ്‌ഫോർഡ് ആക്ട് പാസ്സായതിനു ശേഷം സഹകരണ സംഘങ്ങൾ പ്രാദേശികവിഷയ(provincial subject)മായി.

10. സ്വാതന്ത്രത്തിനു ശേഷം

1950 ജനുവരി 26ന് നമ്മുടെ ഭരണഘടന അംഗീകരിക്കപ്പെട്ടതിനുശേഷം അത് പ്രധാനമായും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ രണ്ടാം ലിസ്റ്റിൽ മുപ്പത്തിരണ്ടാം വിഭാഗത്തിനു കീഴിൽ ഒരു സ്റ്റേറ്റ് വിഷയമായി(state list- see Entry 32 of list II of the seventh schedule to the constitution) . യൂണിയൻ ലിസ്റ്റിലെ(Union list) നാല്പത്തിനാലാം വിഭാഗത്തിലുള്ള, ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തന മേഖലയുള്ള സഹകരണസംഘങ്ങൾക്കു ബാധകമായ ‘The Multi-state cooperative societies Act 2002’-ഉം ഇതോടൊപ്പം സമാന്തരമായി നിലവിലുണ്ട്. (see entry 44 of the List I of the seventh schedule to the constitution).

സഹകരണപ്രസ്ഥാനം വളരെയേറെ ജനപ്രീതി നേടികഴിഞ്ഞു; അത് വെറും കാർഷികവായ്പയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ഇപ്പോൾ നമുക്ക് വ്യാവസായിക, ഭവന,വാണിജ്യ, വിപണന,നിർമാണ, ഉപഭോക്തൃ, തൊഴിലാളി സഹകരണ സംഘങ്ങളുണ്ട്. പ്രസ്ഥാനം ഏറെ വർഷങ്ങളായി കൂടുതൽ കരുത്താർജിക്കുകയും ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ കാര്യങ്ങളിലും ഊന്നിയുള്ള പ്രവർത്തനങ്ങളിലൂടെ ഭാവിയിൽ വർദ്ധിതവീര്യം ആർജ്ജിക്കുകയും ചെയ്യും.

11. Sir Frederic Nicolson – ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പിതാവ്

ചരിത്ര വിവരണം അവസാനിപ്പിക്കും മുമ്പ് , ഇന്ത്യൻ ‘സഹകരണപ്രസ്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന Sir Frederic Nicolson എന്ന വ്യക്തിയെപ്പറ്റി വായനക്കാരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹമാണ് cooperative societies Act 1904 പാസാക്കിയതിന്റെ പിന്നിലെ ചാലകശക്തി. മേലെ സൂചിപ്പിച്ചതുപോലെ, അദ്ദേഹം ഒരു ICS ഉദ്യോഗസ്ഥനും കോയമ്പത്തൂർ കളക്ടറുമായിരുന്നു. വിരമിച്ചശേഷം, അദ്ദേഹം തമിഴ്‌നാട്ടിലെ കൂനൂരിൽ സ്ഥിരതാമസമാക്കി. ‘Surrendon’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ വസതി ഇപ്പോൾ ‘Salvation Army’ യുടെ ഗസ്റ്റ് ഹൌസ് ആക്കി മാറ്റിയിരിക്കുന്നു. നിങ്ങൾക്ക് അവിടെ തങ്ങാൻ താല്പര്യമുണ്ടെങ്കിൽ, Trip advisor തുടങ്ങിയവയിലൂടെ താമസിക്കാൻ മുറികൾ ബുക്ക് ചെയ്യാവുന്നതാണ്. നൂറ്റാണ്ട് പഴക്കമുള്ള ‘Coonoor Urban Cooperative Bank’ ൽ അംഗമായിരുന്ന നിക്കോൾസൺ പ്രാദേശികവിഷയങ്ങളിൽ സജീവമായി ഭാഗഭാക്കായിരുന്നു. 18-6-1936 ൽ തൊണ്ണൂറാം വയസ്സിൽ മരിച്ച അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത് കൂനൂരിലെ ടൈഗർ ഹിൽ സെമിത്തേരിയിലാണ്.
തുടരും………

Leave a Reply

Your email address will not be published.