സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് ഒരുങ്ങാം

[mbzauthor]

യൂണിയന്‍ പബ്ലിക് സര്‍വീസസ് കമ്മീഷന്‍ നടത്തുന്ന 2020 ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ഒക്‌ടോബര്‍ നാലിനു നടക്കും. ലോക്ഡൗണിനെത്തുടര്‍ന്ന് മെയ് 31 ന് നടത്താനിരുന്ന പരീക്ഷയാണ് പുതുക്കിയ തീയതിയില്‍ നടക്കുക. സിവില്‍ സര്‍വീസസ് പരീക്ഷ പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി നടക്കും. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഫോറിന്‍ സര്‍വീസ്, പോലീസ് സര്‍വീസ്, റവന്യൂ സര്‍വീസ് ്തുടങ്ങി പതിനേഴോളം കേഡറുകളിലെ 796 തസ്തികകളിലേക്കുള്ള സെലക്ഷന്‍ നിര്‍ണയിക്കുന്ന പരീക്ഷയാണിത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷയെഴുതാനുള്ള യോഗ്യതയും പ്രിലിമിനറി പരീക്ഷയാണ്. സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ 2021 ജനുവരി എട്ടിനും ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ ഫെബ്രുവരി 28 നും നടക്കും. പ്രതിവര്‍ഷം 10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്രിലിമിനറി എഴുതുന്നത്. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയില്‍ തെറ്റായ ഉത്തരത്തിന് നെഗറ്റീവ്് മാര്‍ക്കിംഗ് രീതി നിലവില്‍വരും. അപേക്ഷ ഓണ്‍ലൈനായി www.upsc.gov.in ലൂടെ അയക്കാം. എല്ലാ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി 32 വയസ്സാണ്. ഒ.ബി.സി. യില്‍പ്പെട്ടവര്‍ക്ക് മൂന്നു വര്‍ഷവും പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും വയസ്സിളവുണ്ട്.

പ്രിലിമിനറിയും മെയിനും

പ്രിലിമിനറി പരീക്ഷയില്‍ 200 മാര്‍ക്കിന്റെ രണ്ടു പേപ്പറുകളുണ്ട്. 200 മാര്‍ക്കിന്റെ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ആദ്യ പേപ്പറും സിവില്‍ സര്‍വീസസ് അഭിരുചി പരീക്ഷ ( CSAT ) യുടെ രണ്ടാമത്തെ പേപ്പറുമുണ്ട്. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ 100 ചോദ്യങ്ങളുണ്ടാകും. അഭിരുചി പരീക്ഷ രണ്ടാം പേപ്പറില്‍ 80 ചോദ്യങ്ങളുണ്ടാകും. ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്, ജ്യോഗ്രഫി, ഹിസ്റ്ററി, ഇന്ത്യന്‍ ഇക്കണോമി, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എന്‍വിറോണ്‍മെന്റ് ആന്‍ഡ് ഇക്കോളജി , ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നിവയില്‍ നിന്നും ചോദ്യങ്ങളുണ്ടാകും. ഇടഅഠ-അഭിരുചി പേപ്പറില്‍ റീസണിങ് , അനലിറ്റിക്കല്‍, റീഡിങ് കോംപ്രിഹെന്‍ഷന്‍, ഡിസിഷന്‍ മേയ്ക്കിങ് വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ ഒന്നില്‍ രണ്ടു മാര്‍ക്കിന്റെ 100 ചോദ്യങ്ങളും പേപ്പര്‍ രണ്ടില്‍ രണ്ടര മാര്‍ക്കിന്റെ 80 ചോദ്യങ്ങളുമുണ്ടാകും. പ്രിലിമിനറി പരീക്ഷ മാര്‍ക്കനുസരിച്ചാണ് മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത നേടുന്നത്.

മെയിന്‍ പരീക്ഷ മൊത്തം 1750 മാര്‍ക്കിന്റെതാണ്. മെയിന്‍ പരീക്ഷയില്‍ ഒമ്പതു പേപ്പറുകളുണ്ടാകും. ഇംഗ്ലീഷും ഏതെങ്കിലും പ്രാദേശിക ഭാഷയും ഉള്‍പ്പെടുന്ന രണ്ട് യോഗ്യതാ പേപ്പറുകളുമുണ്ടാകും. ഇന്റര്‍വ്യൂ 275 മാര്‍ക്കിന്റേതാണ്. മൊത്തം 2025 മാര്‍ക്കിലാണ് ഫൈനല്‍ മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത്.

വിദ്യാര്‍ഥിയുടെ താല്‍പര്യത്തിനനുസരിച്ച് ഓപ്ഷണല്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ചിട്ടയോടെ തയാറെടുക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. പ്രിലിമിനറിയില്‍ മികച്ച വിജയം കൈവരിക്കാന്‍ സിലബസ്സിനനുസരിച്ച് തയാറെടുക്കണം. മലയാളം, ഇംഗ്ലീഷ് പത്രങ്ങള്‍ പതിവായി വായിക്കണം. 10 വര്‍ഷത്തെ മാതൃകാ ചോദ്യങ്ങളും പഴയചോദ്യങ്ങളും കണ്ടെത്തി പഠിയ്ക്കാന്‍ ശ്രമിക്കണം.

( കോഴിക്കോട്ടെ യു.എല്‍.സി.സി.എസ്. എഡ്യുക്കേഷന്‍ ഡയരക്ടറും ലോകബാങ്ക് കണ്‍സള്‍ട്ടന്റുമായ ലേഖകന്‍ വെറ്ററിനറി സര്‍വകലാശാല മുന്‍ ഡയരക്ടറാണ് )

[mbzshare]

Leave a Reply

Your email address will not be published.