സാമ്പത്തിക പ്രതിസന്ധി : ഇന്ത്യന്‍ കോഫി ഹൗസ് ദീര്‍ഘകാല വായ്പക്ക് സര്‍ക്കാരിനെ സമീപിച്ചു

Deepthi Vipin lal

കോവിഡ് ലോക്ഡൗണില്‍ വില്‍പ്പനയില്‍ വന്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കോഫി ഹൗസ് സൊസൈറ്റികള്‍ പ്രതിസന്ധിയിലായി. തൃശ്ശൂര്‍ ആസ്ഥാനമായുള്ള സൊസൈറ്റിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. രണ്ടു മാസമായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. പി.എഫ്, ജി.എസ്.ടി, ഗ്രാറ്റ്വിറ്റി ബാധ്യതകള്‍ 12 കോടി രൂപ കവിഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാല വായ്പ അനുവദിക്കണമെന്നു സൊസൈറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


55 കോഫീഹൗസുകളുള്ള തൃശ്ശൂര്‍ സൊസൈറ്റിയാണ് ജീവനക്കാരുടെ എണ്ണത്തിലും വ്യാപാരത്തിലും മുന്നില്‍. 2300 ജീവനക്കാരാണ് സൊസൈറ്റിക്ക് കീഴില്‍ ഉള്ളത്. മാസം 10 കോടി വരെ വരുമാനം. 2017ല്‍ വാര്‍ഷിക വരുമാനം 126 കോടി രൂപയില്‍ എത്തി. പ്രളയകാലത്ത് നഷ്ടം നേരിട്ടെങ്കിലും കഴിഞ്ഞ വര്‍ഷം വ്യാപാരം തിരിച്ചു പിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണില്‍ വരുമാനത്തില്‍ 60 കോടിയുടെ ഇടിവുണ്ടായി.

മാര്‍ച്ചില്‍ വീണ്ടും വരുമാനം എട്ടരക്കോടിക്ക് അടുത്തെത്തി. വീണ്ടും ലോക്ഡൗണ്‍ വന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ചാണ് നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ ഏപ്രില്‍ ,മെയ് മാസങ്ങളില്‍ ശമ്പളം നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് സര്‍ക്കാര്‍ സഹായം തേടുന്നത്.

കണ്ണൂര്‍ സൊസൈറ്റിക്ക് 31 ബ്രാഞ്ചുകളാണ് ഉള്ളത്. 78 കോടി വരെ വാര്‍ഷിക വരുമാനം ഉണ്ടായിരുന്ന സൊസൈറ്റിയില്‍ വരുമാനം പകുതിയില്‍ താഴെ ആയി. എങ്കിലും
ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published.