സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം- സഹകരണ മേഖല ആശങ്കയിൽ, കളക്ഷൻ ഏജന്റ്മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സംഘടനകൾ.

adminmoonam

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം- സഹകരണ മേഖല ആശങ്കയിൽ. കളക്ഷൻ ഏജന്റ്മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിൽ നിൽക്കുന്ന സാഹചര്യത്തിൽ മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണത്തിന് സുരക്ഷിതമായ മാർഗ്ഗം സർക്കാർ നിർദേശിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അടുത്ത ദിവസങ്ങളിൽ പെൻഷൻ വിതരണം സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ, സംസ്ഥാനത്തെ പതിനായിരത്തിൽ അധികം വരുന്ന ഡെപ്പോസിറ്റ് കളക്ഷൻ ഏജന്റ്മാർ വഴിയാണ് പ്രധാനമായും പെൻഷൻ വിതരണം ചെയ്യുന്നത്. പെൻഷൻ ഉപഭോക്താക്കൾ ബഹുഭൂരിപക്ഷവും വയോജനങ്ങൾ ആയതിനാൽ തന്നെ പരസഹായത്തോടെ വിരലടയാളം രേഖപ്പെടുത്തിയാണ് പെൻഷൻ നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ രീതിക്ക് മാറ്റം വരുത്തി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് കലക്ഷൻ ഏജന്റ് മാരുടെയും സഹകാരികളുടെയും അഭ്യർത്ഥന.

വേതനം ലഭിക്കുമെങ്കിലും സ്വന്തംആരോഗ്യ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും നോക്കേണ്ട സമയമാണല്ലോ ഇത്.മനഃസാക്ഷിയും ജോലിയോടുള്ള പ്രതിബന്ധതയും കൊണ്ടാണ് പറ്റില്ല എന്ന് പറയാതെ ഈ സമയത്തും ഇവർ പെൻഷൻ വിതരണത്തിന് ഇറങ്ങുന്നത്. സർക്കാർ ഇത് കാണാതെ പോകരുത് എന്നാണ് സാധാരണ ഏജന്റമാരുടെ അഭ്യർത്ഥന.

നിലവിൽ പല ജില്ലകളിലും സഹകരണ ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ പലരും കോറന്റയിനിലും സഹകരണ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയുമാണ്. നിലവിൽ തുടർന്നുവരുന്ന പെൻഷൻ വിതരണ രീതി സാമൂഹ്യ വ്യാപനം വർധിപ്പിക്കുമെന്ന് എല്ലാവർക്കും അറിയാം എന്ന് ആരോഗ്യ പ്രവർത്തകർ അടക്കം സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ പെൻഷൻ വിതരണത്തിന് സെൽഫി ഫോട്ടോയോ അല്ലെങ്കിൽ സമാനമായ മറ്റു മാർഗങ്ങളോ അവലംബിക്കണമെന്ന് കലക്ഷൻ ഏജന്റ് മാരുടെ പ്രബല സംഘടനയായ കോ.ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. ലോക് ഡൗൺ തുടങ്ങിയതിനുശേഷം കളക്ഷൻ ഏജന്റ് മാരുടെ വരുമാനം പകുതിയിൽ താഴെയായി. സഹകരണ സംഘങ്ങളും പ്രതിസന്ധിയിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ, ബെവ്‌കോ ജീവനക്കാർക്ക് ഉൾപ്പെടെ നൽകിയതുപോലെ ഇടക്കാലാശ്വാസം സർക്കാർ നേരിട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക് ഡൗൺ ഉള്ള സ്ഥലങ്ങളിൽ പോലും അധികാരികളുടെ നിർദ്ദേശപ്രകാരം അതീവ ജാഗ്രതയോടെ ചില സഹകരണ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും സഹകാരികൾ പറയുന്നു. ഒരാളിലൂടെ ഒരു പ്രദേശത്തെ സമൂഹം മുഴുവനും പ്രതിസന്ധിയിലാക്കുന്നത് തടയാൻ സർക്കാർ ഇടപെടണം എന്നാണ് സഹകാരികളുടെ പക്ഷം. സഹകരണ ബാങ്കുകളിൽ പ്രതിദിനം നൂറുകണക്കിന് പേരാണ് ഇടപാടുകൾക്കായി എത്തുന്നത്. ഇത് ഗൗരവപൂർവ്വം സർക്കാർ പരിഗണിക്കണമെന്നും സഹകാരികൾ പറയുന്നു.

Leave a Reply

Your email address will not be published.

Latest News