സാമൂഹ്യ സുരക്ഷാ പെൻഷൻ – മസ്റ്ററിംഗ് നിർബന്ധമാക്കി. അനർഹർ പെൻഷൻ വാങ്ങുന്നതുവഴി 29 കോടി രൂപ നഷ്ടം
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുമ്പോൾ അഞ്ച് ശതമാനത്തിലധികം അനർഹർ പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനു മസ്റ്ററിംഗ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ഇനിമുതൽ സഹകരണസംഘങ്ങൾ പെൻഷൻ വിതരണം ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കരകുളം പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 5 ശതമാനത്തിലധികം അനർഹർ പെൻഷൻ കൈപ്പറ്റിയതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്ത് 46,89,419 പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ഇതിൽ 5 ശതമാനം പേർഎന്നത് 2,34,470 വരും. ഇതുവഴി 29 കോടി രൂപ അനർഹർ കൈപ്പറ്റുന്നു എന്നാണ് കണ്ടെത്തൽ. ഇത് തടയുന്നതിനായി നിലവിൽ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കൾക്കും ബയോമെട്രിക് മസ്റ്ററിംഗ് നടത്താൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ജീവൻ രേഖ എന്ന സോഫ്റ്റ്വെയർ തയ്യാറാക്കിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ മുഖാന്തരം മാസ്റ്ററിങ് സൗജന്യമായി നടത്താം.
കോർപ്പറേഷൻ-മുനിസിപ്പൽ പ്രദേശങ്ങളിലെ ഗുണഭോക്താക്കൾക്ക് ഈ മാസം 30 വരെ മസ്റ്ററിംഗ് നടത്താൻ സമയം അനുവദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ ഗുണഭോക്താക്കൾ ഈ മാസം 18 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ മസ്റ്ററിംഗ് നടത്തണം. ക്ഷേമനിധി ബോർഡുകളിലെ ഗുണഭോക്താക്കൾക്ക് ഈ മാസം 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. കിടപ്പു രോഗികളായ ഗുണഭോക്താക്കൾ ഡിസംബർ ഒന്നുമുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കണം. ഇവരുടെ വീടുകളിലേക്ക് അക്ഷയകേന്ദ്രങ്ങളിൽ നിന്നുള്ളവർ എത്തി മസ്റ്ററിംഗ് നടത്തും. അടുത്ത മാസം അഞ്ചിനകം സംസ്ഥാനത്തെ മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂർത്തീകരിക്കണം. നടത്താത്ത ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ നൽകില്ലെന്ന് സർക്കാർ അറിയിച്ചു.