സാമൂഹിക സുരക്ഷാ പെന്‍ഷന്‍: വിനിയോഗിക്കാത്ത തുക 10 ദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം

Deepthi Vipin lal

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പത്തു ദിവസത്തിനുള്ളില്‍ വിനിയോഗിക്കാത്ത തുക തിരികെ അടയ്ക്കുന്നുണ്ടെന്നു പഞ്ചായത്തു, സഹകരണ വകുപ്പുകള്‍ ഉറപ്പാക്കണമെന്നു ധനകാര്യ വകുപ്പ് നിര്‍ദേശിച്ചു.

കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ ( KSSPL ) അക്കൗണ്ടില്‍ നിന്നു പഞ്ചായത്തു ഡയരക്ടറുടെ ട്രഷറി, എസ്.ബി. അക്കൗണ്ടുകളിലേക്കു മാറ്റുന്ന തുകയില്‍ വിതരണം ചെയ്യാതെ ബാക്കിയാവുന്ന തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണു ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവ്. ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇനി പറയുന്നവയാണ് :

നിശ്ചിത സമയപരിധിക്കുശേഷം പണം തിരികെ അടയ്ക്കാനുള്ള സംവിധാനം മരവിപ്പിക്കുകയും തിരിച്ചടവിന്റെ തുടര്‍ എന്‍ട്രികള്‍ നടത്താനാവാത്തവിധം സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തുകയും വേണം. പത്തു ദിവസത്തിനുശേഷം തുക തിരികെയടയ്ക്കാന്‍ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് മാനേജരുടെ അനുമതി ആവശ്യമായ സാഹചര്യത്തില്‍ ഓണ്‍ലൈനായേ തുക തിരിച്ചടയ്ക്കാന്‍ കഴിയൂ. ഓണ്‍ലൈന്‍ വഴി പണമടയ്ക്കാന്‍ അംഗീകാരം നല്‍കുന്നതിനുതകുംവിധത്തില്‍ KSSPL മാനേജര്‍ക്കു SEVANA യില്‍ പ്രവേശനാനുമതി നല്‍കണം.

ഒരു പ്രത്യേക മാസത്തേക്കുള്ള റീഫണ്ടിനായി ഒരു സ്ഥാപനത്തിനോ സഹകരണ സംഘത്തിനോ ഒന്നിലധികം എന്‍ട്രികള്‍ അനുവദിക്കില്ല. മുന്‍മാസത്തെ വിതരണം ചെയ്യാത്ത തുക തിരിച്ചടച്ചാലേ അടുത്ത മാസത്തേക്കുള്ള ഫണ്ട് വിതരണം സാധ്യമാകൂ. കാലതാമസത്തിനനുസരിച്ച് പ്രതിവര്‍ഷം 7.5 ശതമാനം പലിശയീടാക്കും. ഈ തുക ബന്ധപ്പെട്ട സഹകരണ സംഘത്തിന് അനുവദിക്കേണ്ട അടുത്ത ഗഡു ഇന്‍സെന്റീവില്‍ നിന്നു കിഴിവു ചെയ്യും. ഒരു മാസം ഒരു ദിവസത്തെ വൈകലുണ്ടായാലും ഒരു മാസത്തിനു തുല്യമായ പലിശയായിരിക്കും ഈടാക്കുക. വിനിയോഗിക്കാത്ത തുക തിരിച്ചടച്ച് സേവന സോഫ്റ്റ് വെയറില്‍ എന്‍ട്രികള്‍ പൂര്‍ത്തിയാക്കിയാലേ സഹകരണ സംഘങ്ങള്‍ക്കു പിന്നീട് ഇന്‍സെന്റീവ് അനുവദിക്കൂ.

സര്‍ക്കാര്‍ ധനസഹായമുപയോഗിച്ച് പെന്‍ഷന്‍ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോര്‍ഡുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ വിതരണം ചെയ്യാത്ത പെന്‍ഷന്‍തുക തിരിച്ചടയ്‌ക്കേണ്ടതും തൊട്ടടുത്ത മാസത്തെ പെന്‍ഷന്‍ പ്രൊപ്പോസലിനോടൊപ്പം മുന്‍മാസത്തെ പെന്‍ഷന്‍തുകയുടെ വിനിയോഗ സാക്ഷ്യപത്രം നല്‍കേണ്ടതുമാണ്. ഇങ്ങനെ സാക്ഷ്യപത്രം നല്‍കാത്ത ബോര്‍ഡുകള്‍ക്കു തുടര്‍ന്നുള്ള മാസങ്ങളില്‍ പെന്‍ഷന്‍തുക അനുവദിക്കില്ല.

വിതരണം ചെയ്യാത്ത പെന്‍ഷന്‍തുക യഥാസമയം തിരിച്ചടയ്ക്കാത്ത സഹകരണ സംഘങ്ങളുടെയും ക്ഷേമനിധി ബോര്‍ഡുകളുടെയും വിവരങ്ങള്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എല്ലാ മാസവും ഇരുപതിനുള്ളില്‍ ധനകാര്യ ( എസ്.എഫ്.സി – ബി ) വകുപ്പിനെ അറിയിക്കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. മരിച്ചവര്‍ക്കുള്ള പെന്‍ഷന്‍ കൈമാറ്റം ചെയ്യാതിരിക്കാന്‍ മരിക്കുന്നവരെ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നു ഒഴിവാക്കുന്ന നടപടി ഒട്ടും താമസമില്ലാതെ പൂര്‍ത്തിയാകുന്നുണ്ടെന്നു പഞ്ചായത്തു ഡയരക്ടര്‍ ഉറപ്പാക്കണമെന്നും ധനകാര്യവകുപ്പിന്റെ ഉത്തരവില്‍ ആവശ്യപ്പെടുന്നു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!