സഹകാരി സമൂഹം ഊരാളുങ്കലിനൊപ്പം – സി.എന്‍. വിജയകൃഷ്ണന്
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേരള സഹകരണ ഫെഡറേഷന് ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് അഭിപ്രായപ്പെട്ടു. കേരളത്തിലെ താനടക്കമുള്ള സഹകാരി സമൂഹം ഒറ്റക്കെട്ടായി ഊരാളുങ്കലിനൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്തു വകുപ്പ് 809 കോടി രൂപയുടെ കരാര്‍ നല്‍കിയത് അന്വേഷിക്കണമെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടതായുള്ള പത്രവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വിജയകൃഷ്ണന്.
വാഗ്ഭടാനന്ദ ഗുരുദേവന് തുടങ്ങിവെച്ച ഊരാളുങ്കല്‍ സൊസൈറ്റി ഏഷ്യയിലെതന്നെ ഏറ്റവും നല്ല തൊഴിലാളി സഹകരണ സംഘമാണ്. പി.ഡബ്ള്യൂ.ഡി, നാഷണല്‍ ഹൈവേ, വാട്ടര്‍ അതോറിറ്റി, ഗ്രാമവികസനം, ഹാര്‍ബര്‍ എന്‍ജിനിയറിങ്, കെ.എസ്.യു.ഡി.പി., ഇറിഗേഷന്‍ വകുപ്പുകളില്‍ നിന്നും ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നും കേരളത്തിലുടനീളം പ്രവൃത്തികള്‍ ഏറ്റെടുത്ത് വിശ്വസ്തതയോടെയും സമയബന്ധിതമായും പണി പൂര്‍ത്തിയാക്കുന്ന സംഘമാണിത്. ഇന്ത്യന്‍ ഐ.ടി. രംഗത്തും കേരളത്തിലെ കരകൗശല സമ്പത്ത് പരിപോഷിപ്പിക്കുന്ന കാര്യത്തിലും സംഘത്തിന്റെ പ്രവൃത്തികള്‍ മാതൃകാപരമാണ് . ഏറ്റെടുക്കുന്ന പദ്ധതികളെല്ലാം ഗുണമേډയോടെയും കൃത്യസമയത്തും പൂര്‍ത്തിയാക്കുന്ന സഹകരണ സംഘം എന്നതും മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഊരാളുങ്കലില്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണമായിട്ടുണ്ട്. സഹകരണ മേഖല വിസ്മയം തീര്‍ക്കുന്ന കാലഘട്ടത്തില്‍ ഉയരുന്ന ഈ ആരോപണങ്ങള്‍ക്കെതിരെ സഹകാരി സമൂഹം ഒറ്റക്കെട്ടായി ഊരാളുങ്കലിനൊപ്പമാണ് – വിജയകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.