സഹകരണ സംഘങ്ങൾ ബാങ്കുകളിൽ നിന്നും ഒരു കോടിക്കു മുകളിൽ പണമായി പിൻവലിക്കുമ്പോൾ 2 % ടി.ഡി.എസ് നൽകണമെന്ന ആദായ നികുതി വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് കോഴിക്കോട് ജില്ലാ ബാങ്ക് പൊതുയോഗം. ജില്ലാ സഹകരണ ബാങ്ക് ലാഭവിഹിതം15 %.

adminmoonam

സഹകരണ സംഘങ്ങൾ ബാങ്കുകളിൽ നിന്നും ഒരു സാമ്പത്തിക വർഷത്തിൽ ഒരു കോടിക്കു മുകളിൽ പണമായി പിൻവലിക്കുമ്പോൾ  സെപ്തംബർ മാസം മുതൽ 2 % ടി.ഡി.എസ് നൽകണമെന്ന ആദായ നികുതി വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ജില്ലാ സഹകരണ ബാങ്ക് പൊതുയോഗം ഐക്യകണ്ഠേന കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ജില്ലാ സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ ലാഭവിഹിതം 15 % പ്രഖ്യാപിച്ചു. ലാഭവിഹിതത്തിൽ നിന്നും കെയർ ഹോം പദ്ധതിയിലേക്ക് അംഗ സഹകരണ സംഘങ്ങൾ 4.85 കോടി നൽകാനും തീരുമാനിച്ചു.കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 2018- 2019 സാമ്പത്തിക വർഷത്തെ ലാഭമായ  29,28,18,571 രൂപ യിൽ നിന്നും അംഗ സംഘങ്ങൾക്ക്  15 % ലാഭവിഹിതം നൽകുന്നതിന് വാർഷിക പൊതുയോഗം തീരുമാനിച്ചു.  18,18,77,462 രൂപയാണ് ലാഭവിഹിതം. ഇതിന്റെ 4 % തുകയായ 4,85,00,657  രൂപ പ്രളയത്തിൽ വീട് തകർന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലേക്ക് സംഭാവന നൽകുന്നതാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം പ്രയാസപ്പെടുന്ന വായ്പക്കാർക്ക് 12.03 കോടി രൂപയുടെ പലിശ ഇളവ് ആനുകൂല്യമാണ് നൽകിയത്.    പ്രളയം, മരണം, മാരക രോഗം, മറ്റ് അവിചാരിത കാരണങ്ങളാൽ വായ്പാ തിരിച്ചടവിൽ വീഴ്ച വന്നതിനെ തുടർന്ന്  നിയമ നടപടികൾ നേരിടുന്ന വ്യക്തിഗത വായ്പകളിലും, പരിഗണന അർഹിക്കുന്ന സഹകരണ സംഘങ്ങളുടെ വായ്പകളിലും ഇളവ് അനുവദിച്ചുള്ള  ഒറ്റതവണ തീർപ്പാക്കൽ പദ്ധതിക്ക് തുടർന്നും അംഗീകാരം ലഭിക്കുവാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്ന  പ്രമേയവും അംഗീകരിച്ചു.

2020- 2021 സാമ്പത്തിക വർഷത്തേക്ക് 691 കോടി വരവും 660 കോടി ചിലവും 31 കോടി ലാഭവും പ്രതീക്ഷിക്കുന്ന ബജറ്റ് പൊതുയോഗം അംഗീകരിച്ചു. പണരഹിത സമ്പദ് വ്യവസ്ഥക്കൊപ്പം നീങ്ങുന്നതിന്  ബോധവൽക്കരണ ക്ലാസ്സുകൾ  ജില്ലാ സഹകരണ ബാങ്കിന്റെ സാമ്പത്തിക സാക്ഷരതാ സെന്ററിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം സംഘടിപ്പിക്കുന്നതാണ്.

ഏറാമല, പുറമേരി, നടക്കുത്താഴ, ചേവായൂർ പയ്യോളി, കരുവന്തിരുരുത്തി, കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ മനയത്ത് ചന്ദ്രൻ, വി.പി.കുഞ്ഞികൃഷ്ണൻ, ഇ.അരവിന്ദാക്ഷൻ, ജി.സി.പ്രശാന്ത് കുമാർ, പുനത്തിൽ ഗോപാലൻ മാസ്റ്റർ, കെ.എം.ബഷീർ, എൻ.സുബ്രഹ്മണ്യൻ, നാദാപുരം, പയ്യോളി അർബൺ സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ മുഹമ്മദ് ബക്കളത്ത്, ടി. ചന്തുമാസ്റ്റർ എന്നിവർ സംസാരിച്ചു.

സഹകരണ സംഘം ജോയിൻറ് റജിസ്ട്രാറും ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്ററുമായ വി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.  ജനറൽ മാനേജർ കെ.പി.അജയകുമാർ സ്വാഗതവും ഡപ്യൂട്ടി ജനറൽ മാനേജർ എൻ. നവനീത് കുമാർ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.