സഹകരണ സംഘങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ട ഫീസുകള്‍ വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക: കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍

Deepthi Vipin lal

സഹകരണ സംഘങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ട ഫീസുകള്‍ വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക എന്ന ആവശ്യവുമായി കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സഹകരണ വകുപ്പ് മന്ത്രിക്കും സഹകരണ വകുപ്പ് സെക്രട്ടറിക്കും നിവേദനം നല്‍കി.

സംഘങ്ങള്‍ സര്‍ക്കാറിലേക്ക് നല്‍കേണ്ട ഫീസുകള്‍ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ആര്‍ബിട്രേഷന്‍,ഓഡിറ്റ്, ഇലക്ഷന്‍ തുടങ്ങിയവയുടെ ഫീസുകള്‍ അഞ്ച് മടങ്ങാണ് വര്‍ധിപ്പിച്ചത്. അതുപോലെ വായ്പ തിരിച്ചടവില്ലാതെ വരുമ്പോള്‍ സംഘങ്ങള്‍ ഫയല്‍ ചെയ്യുന്ന ആര്‍ബിട്രേഷന്‍ കേസുകള്‍ക്ക് പരമാവധി 5000 എന്നത് 7.5 ശതമാനമായി വര്‍ദ്ധിപ്പിച്ചു. (ഉദാഹരണത്തിന് 10 ലക്ഷം രൂപ യുമായി ബന്ധപ്പെട്ട കേസ് ഫയല്‍ ചെയ്യുമ്പോള്‍ 75,000 രൂപയായി വര്‍ധിപ്പിച്ചു.)

നോട്ട് നിരോധനവും രണ്ടു പ്രളയങ്ങളും കോവിഡും സഹകരണ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. വായ്പ തിരിച്ചടവ് ഇല്ലാത്തതിനാല്‍ മിക്ക സംഘങ്ങളും ഭീമമായ നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് . അത്തരം ഘട്ടത്തിലാണ് സര്‍ക്കാറിലേക്ക് നല്‍കേണ്ട ഫീസുകളും വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചത്. ആയതിനാല്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കുവാനുളള തീരുമാനം പിന്‍വലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍.സി. സുമോദ് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.