സഹകരണ സംഘങ്ങളില്‍ തട്ടിപ്പ് നടത്തിയാല്‍ കുറ്റക്കാരുടെ സ്വന്ത് കണ്ടുകെട്ടാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സഹായം

moonamvazhi

സഹകരണ സംഘങ്ങളില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സഹകരണ വകുപ്പ്. കുറ്റക്കാരുടെ സ്വത്ത് വകകള്‍ തുടക്കത്തിലെ തന്നെ കണ്ടെത്തി ഇടപാട് തടയുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇങ്ങനെയുള്ളവരുടെ സ്വത്ത് കണ്ടെത്തുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പ് സഹായിക്കും. തിരുവനന്തപുരം ബി.എസ്.എന്‍.എല്‍. എന്‍ജിനീയറിങ് സഹകരണ സംഘത്തിലെ തട്ടിപ്പ് കേസില്‍ ഇത്തരമൊരു പരീക്ഷണം സഹകരണ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.

ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്‌സ് സഹകരണ സംഘത്തില്‍ കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയ രണ്ടു പേരുടെ വസ്തുക്കളുടെ വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് കൈമാറി. സംഘം മുന്‍ പ്രസിഡന്റ് ഗോപിനാഥ്, ക്ലാര്‍ക്ക് രാജീവ് എന്നിവരുടെയും ഇവരുടെ അടുത്ത ബന്ധുക്കളുടെയും പേരിലുള്ള വസ്തുക്കളുടെ വിവരങ്ങളാണ് റവന്യു, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ സഹായത്തോടെ സഹകരണ വകുപ്പ് തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ജില്ലയില്‍പ്പെട്ടതും ഇവര്‍ക്ക് അവകാശമുള്ളതുമായ പതിന്നാലിലധികം വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍വേ നമ്പര്‍ സഹിതമാണ് റിപ്പോര്‍ട്ട് രജിസ്ട്രാര്‍ക്ക് ചൊവ്വാഴ്ച കൈമാറിയത്.

ഇനി ഈ വസ്തുക്കള്‍ ഇവര്‍ക്ക് കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ സാധിക്കില്ല. ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്യുന്ന നടപടികളിലേക്ക് രജിസ്ട്രാര്‍ ഉടന്‍ നീങ്ങും. സഹകരണ വകുപ്പ് പ്രകാരം സാധാരണ രീതിയിലുള്ള നടപടികളുണ്ടായാല്‍ അതിന് കാലതാമസം ഉണ്ടാകും. മാത്രവുമല്ല, നിയമനടപടികളുടെ അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ കുറ്റക്കാരില്‍നിന്ന് അത് ഈടാക്കാന്‍ കഴിയാതെ വരുന്ന സ്ഥിതിയുമുണ്ടാകും. അവരുടെ പേരിലുള്ള സ്വത്തെല്ലാം വില്‍പന നടത്തുകയോ മറ്റാരുടെയെങ്കിലും പേരിലേക്ക് മാറ്റുകയോ ചെയ്യാനാകും. ഇത് തടയാനാണ് തുടക്കത്തിലെ മറ്റ് വകുപ്പുകളുടെ സഹായത്തോടെ സ്വത്ത് കണ്ടെത്തി ഇടപാടുകള്‍ മരവിപ്പിക്കുന്ന രീതി സഹകരണ വകുപ്പ് സ്വീകരിച്ചത്.

ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്‌സ് സഹകരണ സംഘത്തിന്റെ പരിധി സംസ്ഥാനമൊട്ടാകെയുള്ളതിനാല്‍ രജിസ്ട്രാര്‍ നേരിട്ടാകും ഇനി മറ്റ് നടപടികള്‍ കൈക്കൊള്ളുക. തട്ടിപ്പില്‍ പ്രധാനികളായ രാജീവിന്റെയും ഗോപിനാഥിന്റെയും പേരിലുള്ള മറ്റ് വസ്തുക്കളും കണ്ടെത്തും. സംഘത്തിലെ മറ്റ് ഭാരവാഹികള്‍ക്കും തട്ടിപ്പില്‍ ഉത്തരവാദിത്വമുള്ളതിനാല്‍ ഇവരുടെ പേരിലുള്ള വസ്തുവിവരങ്ങളും ശേഖരിക്കുന്നുണ്ട്.

അന്വേഷണ കമ്മിഷന്‍ നല്‍കിയ പ്രഥമ റിപ്പോര്‍ട്ടില്‍ 130 കോടിയുടെ തിരിമറിയുണ്ടെന്ന് വ്യക്തമാക്കുന്നു. ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്യുന്നതിനാണ് പ്രഥമ റിപ്പോര്‍ട്ട് കൈമാറിയത്. തിരിമറിയുടെ വ്യാപ്തി ഇനിയും കൂടും. കാരണം നിക്ഷേപ വിവരങ്ങള്‍ അറിയിക്കാന്‍ 23 വരെ സമയമുണ്ട്. ഏകദേശം 200 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംഘം ഓഫീസില്‍ പോലീസെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത്. സംഘം ഭാരവാഹികള്‍, ക്ലാര്‍ക്ക് എന്നിവര്‍ക്കെതിരേ കൂടുതല്‍ നടപടികളാവശ്യപ്പെട്ട് ഹൈക്കോടതിയിലും നിക്ഷേപകരില്‍ ഒരാള്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News