സഹകരണ സംഘങ്ങളിലെ ചിട്ടിക്കും എം.ഡി.എസ്സിനും ഏകീകൃത രീതി

Deepthi Vipin lal

വാര്‍ഷിക സ്റ്റോക്കിന് ചട്ടം തയ്യാറാക്കുക, ചിട്ടി-എം.ഡി.എസ്. തുടങ്ങിയവയ്ക്ക് എല്ലാ സഹകരണ സംഘങ്ങള്‍ക്കും ഏകീകൃത രീതി നടപ്പാക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് ഓഡിറ്റ് മാന്വല്‍ പരിഷ്‌കരണ റിപ്പോര്‍ട്ടിലുള്ളത്. കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കുന്നതിനൊപ്പം ഏകീകൃത അക്കൗണ്ടിങ് രീതിയും തട്ടിപ്പ് തടയാന്‍ ഫോറന്‍സിക് ഓഡിറ്റും റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളാണ്.

സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് സംബന്ധിച്ച മാര്‍ഗരേഖ സമഗ്രമായി പരിഷ്‌കരിച്ച് സഹകരണ ഓഡിറ്റ് മാന്വലിന്റെ മൂന്നാം ഭാഗമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. 1983-ല്‍ ഓഡിറ്റ് മാന്വല്‍ പ്രസിദ്ധീകരിച്ചശേഷം ആദ്യമായാണ് സഹകരണ ഓഡിറ്റ് മാന്വല്‍ പരിഷ്‌ക്കരിക്കുന്നത്. കേരളത്തിലെ സഹകരണ മേഖലയുടെ ഘടനാ സ്വഭാവം പരിഗണിച്ച് മൂന്ന് ഭാഗങ്ങളായാണ് മാന്വല്‍ പരിഷ്‌ക്കരിച്ചത്. എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമായ ഓഡിറ്റ് മാര്‍ഗരേഖ ഒന്നാം ഭാഗത്തിലും, വായ്പാ മേഖലയുടെ ഓഡിറ്റ് സംബന്ധിച്ച മാര്‍ഗരേഖ രണ്ടാം ഭാഗത്തിലും, വായ്പേതര സഹകരണസംഘങ്ങളുടെ ഓഡിറ്റ്, വിവിധ ബോര്‍ഡുകളുടേയും സഹകരണയൂണിയന്റേയും ഓഡിറ്റ് സംബന്ധിച്ച മാര്‍ഗരേഖ എന്നിവ മൂന്നാം ഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പത്ത് നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്. സഹകരണ സംഘങ്ങള്‍ക്കെല്ലാം പ്രയോജനകരമായ വിധത്തില്‍ അവയുടെ അക്കൗണ്ടിങ് സമ്പ്രദായത്തെ ഏകീകൃതവും സുതാര്യവുമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പൊതുവായ ഒരു അക്കൗണ്ടിങ് മാന്വല്‍ തയ്യാറാക്കി അംഗീകരിക്കുക, കമ്പ്യൂട്ടര്‍വല്‍ക്കൃത സഹകരണ ബാങ്കുകളുടെ ഓഡിറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി ഓഡിറ്റര്‍മാര്‍ക്ക് സമഗ്രപരിശീലനം നല്‍കുക, കമ്പ്യൂട്ടര്‍വല്‍ക്കരിച്ച സഹകരണ സ്ഥാപനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ് നടപ്പിലാക്കുക, സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ തടയുന്നതിനായി ഫോറന്‍സിക് ഓഡിറ്റ് നടപ്പില്‍ വരുത്തുക, സഹകരണസംഘത്തിലെ പ്രവര്‍ത്തനസ്വഭാവമനുസരിച്ച് ഓരോതരം സഹകരണ സംഘങ്ങള്‍ക്കും പ്രത്യേകമായ ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുക, പണാപഹരണം, ക്രമക്കേട് എന്നിവ സംബന്ധച്ച നടപടി ക്രമങ്ങളുടെ തുടര്‍നടപടികളും സംബന്ധിച്ച് വ്യക്തത വരുത്തുക, ഗ്രാന്റ്, സബ്സിഡി ബില്‍ഡിങ് റികൂപ്മെന്റ് ഫണ്ട് എന്നിവയുടെ അക്കൗണ്ടിങ് സംബന്ധിച്ച് വ്യക്തമായ നയം രൂപീകരിക്കുക, സഹകരണസംഘങ്ങളിലെ വാര്‍ഷിക സ്റ്റോക്ക് പരിശോധന സംബന്ധിച്ച വ്യക്തമായ ചട്ടങ്ങള്‍ രൂപീകരിക്കുക, ചിട്ടി/ എം.ഡി.എസ്/ എം.ബി.എസ് എന്നിവയുടെ അക്കൗണ്ടിംഗില്‍ സംസ്ഥാനത്തൊട്ടാകെ ഏകീകൃത രീതി നടപ്പിലാക്കുക., ഓഡിറ്റര്‍മാര്‍ക്ക് കാലികമായ തുടര്‍ പരിശീലനം നല്‍കുക- എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

റിട്ടയര്‍ഡ് അഡിഷ്ണല്‍ രജിസ്ട്രാര്‍ ജോസ് ഫിലിപ്പ് ചെയര്‍മാനായ ഏഴംഗ വര്‍ക്കിങ് ഗ്രൂപ്പാണ് ഓഡിറ്റ് മാന്വല്‍ പരിഷ്‌കരണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. .ഉദയഭാനു കണ്ടേത്ത്, (റിട്ടയര്‍ഡ് സീനിയര്‍ ഓഡിറ്റ് ഓഫീസര്‍), എം.എസ്. മുകുന്ദന്‍ നായര്‍ ( എഫ്.സി.എ), .അനില്‍ കുമാര്‍ പരമേശ്വരന്‍ (എഫ്.സി.എ), ആര്‍.കെ.മേനോന്‍ (ഡയക്ടര്‍, ഐ.സി.എം തിരുവനന്തപുരം), അഞ്ജന.എസ് (ജോയിന്റ് ഡയറക്ടര്‍-കണ്‍വീനര്‍) എന്നിവരാണ് സമിതി അംഗങ്ങള്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!