സഹകരണ സംഘങ്ങളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നവംബര്‍ 30 വരെ നീട്ടി

Deepthi Vipin lal

വായ്പക്കാര്‍ക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ നവകേരളീയം കുടിശ്ശിക നിവാരണം 2021 ‘ എന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സര്‍ക്കാര്‍ നവംബര്‍ 30 വരെ വീണ്ടും നീട്ടി.

2021 ആഗസ്റ്റ് 16 നാരംഭിച്ച പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 30 നു അവസാനിച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 30 നു കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടുകയുണ്ടായി. അതാണിപ്പോള്‍ വീണ്ടും ഒരു മാസത്തേക്കുകൂടി നീട്ടിയത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ഇടപാടുകാര്‍ക്ക് ഇനി നവംബര്‍ 30 വരെ ലഭിക്കും. സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വായ്പാ കുടിശ്ശികയുള്ളവര്‍ക്കു പലിശയിലും പിഴപ്പലിശയിലും ഇളവുകള്‍ നല്‍കുന്നതിനാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക കുറയ്ക്കുന്നതിനും കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് ഇവയെ പരമാവധി കുടിശ്ശികരഹിത സ്ഥാപനങ്ങളാക്കി മാറ്റുന്നതിനും കോവിഡ് കാരണം ജീവിതം ദുസ്സഹമായിരിക്കുന്ന വായ്പക്കാര്‍ക്ക് ആശ്വാസം പകരുന്നതിനുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കോവിഡ് കാരണം സഹകാരികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കാലാവധി നീട്ടണമെന്നു വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നേരത്തേ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടിയത്. ഇപ്പോള്‍ വീണ്ടും ഒരു മാസത്തേക്കുകൂടി നീട്ടി.

ക്യാമ്പയിനിന്റെ പുരോഗതി റിപ്പോര്‍ട്ട് സംഘം തലത്തില്‍ പ്രൊഫോര്‍മ നാലിലും താലൂക്കു തലത്തില്‍ പ്രൊഫോര്‍മ അഞ്ചിലും ജില്ലാ തലത്തില്‍ പ്രൊഫോര്‍മ ആറിലും ആര്‍ബിട്രേഷന്‍ കേസുകളുടെ അവലോകനം പ്രൊഫോര്‍മ ഏഴിലും എക്‌സിക്യൂഷന്‍ കേസുകളുടെ അവലോകനം പ്രൊഫോര്‍മ എട്ടിലും സംഘംതല കമ്മിറ്റിയും ജില്ലാതല കമ്മിറ്റിയും അനുവദിച്ചിട്ടുള്ള ഇളവുകള്‍ പ്രൊഫോര്‍മ പത്തിലും തയാറാക്കി അതതു തലത്തില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി ജോ. രജിസ്ട്രാര്‍മാര്‍ ( ജനറല്‍ ) ഡിസംബര്‍ പത്തിനകം സഹകരണ സംഘം രജിസ്ട്രാര്‍ക്കു തപാലിലും [email protected] എന്ന ഇ മെയിലിലും സമര്‍പ്പിക്കണമെന്നു സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റിക്കു സമര്‍പ്പിക്കേണ്ട അപേക്ഷകള്‍ പ്രൊഫോര്‍മ ഒമ്പതിലാണു തയാറാക്കേണ്ടത്. ഇവ സര്‍ക്കുലര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പരിശോധന നടത്തി അനുബന്ധ രേഖകളോടെ അര്‍ഹരായവരുടെ പട്ടിക സഹിതം സംഘം രജിസ്ട്രാര്‍ക്കു അയക്കണം.

Leave a Reply

Your email address will not be published.