സഹകരണ സംഘം രജിസ്ട്രാറുടെ നടപടിക്കെതിരെ സംഘം ചിലവിൽ കോടതിയിൽ പോകാൻ പാടില്ലെന്ന് ഉത്തരവ്.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ഭരണസമിതി ക്കെതിരെയോ ജീവനക്കാർക്കെതിരെയോ സഹകരണ നിയമപ്രകാമോ ചട്ടപ്രകാമോ സംഘം നിയമാവലി പ്രകാമോ സഹകരണ സംഘം രജിസ്ട്രാർ സ്വീകരിക്കുന്ന നടപടിക്കെതിരെ സഹകരണ സംഘം ചിലവിൽ കേസുകൾ നടത്താൻ പാടില്ലെന്ന് സഹകരണ സംഘം രജിസ്ട്രാർ പി.കെ.ജയശ്രീ ഉത്തരവിട്ടു. സംഘങ്ങൾക്കു മേൽ കൈക്കൊള്ളുന്ന നടപടികൾ മേൽ അപ്പീൽ അപേക്ഷ സമർപ്പിക്കുന്നത് ഉൾപ്പെടെ സ്വീകരിക്കാൻ സഹകരണ നിയമത്തിൽ തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്രകാരമുള്ള നിയമാനുസൃത മാർഗ്ഗങ്ങൾ മുഖേന തുടർ നടപടികൾ സ്വീകരിക്കുന്നതിന് പകരം സംഘം ഫണ്ട് ചെലവഴിച്ച് കോടതിയെ സമീപിക്കുന്നതിനും കേസ് നടത്തിപ്പിനായി വലിയതോതിൽ സംഘം ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രജിസ്ട്രാർ ഉത്തരവിൽ പറയുന്നു.

സഹകരണ നിയമത്തിലും ചട്ടത്തിലും കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരാനുള്ള അധികാരം സംസ്ഥാന നിയമസഭയിലും സംസ്ഥാന സർക്കാരിലും നിക്ഷിപ്തമാണെന്നതിനാൽ ഇതിനെതിരെ കോടതിയിൽ സമീപിക്കുന്നത് ഫണ്ട് ദുർവിനിയോഗം ആയി കണക്കാക്കും. സംഘങ്ങളിലെ ഇത്തരത്തിലുള്ള ചെലവുകൾ നിയന്ത്രിക്കണമെന്നും ഉത്തരവിൽ പറയുന്നു.അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിനായി സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള അധികാരമുപയോഗിച്ച് കോടതിയെ സമീപിക്കാൻ പാടില്ലെന്ന് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ടു. ഈ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾക്കെതിരെ സഹകരണ നിയമത്തിലെ വകുപ്പ് 32, 68 എന്നീ നിയമങ്ങളനുസരിച്ച് നടപടി എടുക്കും.ഭരണസമിതി തീരുമാനം ഇല്ലാതെ കോടതിയെ സമീപിച്ചാൽ സംഘം സെക്രട്ടറിക്കെതിരെ സഹകരണ നിയമം വകുപ്പ് 66b പ്രകാരം തുടർ നടപടി സ്വീകരിക്കും. ദുർ ചിലവുകൾ ഓഡിറ്റർമാർ സസൂക്ഷ്മം പരിശോധിക്കണമെന്നും അത് കണ്ടെത്തിയാൽ ആയത് ബന്ധപ്പെട്ടവർക്കുമേൽ ചുമത്തി ഓഡിറ്റ് പൂർത്തീകരിക്കുകയും ചെയ്യണം.

സംഘങ്ങളുടെ കേസ് നടത്തിപ്പ് ചെലവുകൾ വകുപ്പിലെ ഭരണവിഭാഗം പ്രത്യേകം പരിശോധന നടത്തണമെന്നും ദുർ ചെലവുകൾ കണ്ടെത്തി തുടർ നടപടി കൈക്കൊള്ളണമെന്നും രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു. ജില്ലയിലെ ജോയിന്റ് രജിസ്റ്റർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ഉറപ്പുവരുത്തണമെന്നും രജിസ്ട്രാറുടെ ഇന്ന് ഇറങ്ങിയ ഉത്തരവിൽ പറയുന്നു.

കേരള ബാങ്കിനെതിരെ സഹകരണസംഘങ്ങൾ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് രജിസ്ട്രാർ ഇപ്പോൾ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നു സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!