സഹകരണ വകുപ്പിന്റെ ടീം ഓഡിറ്റ് തൃശൂര്‍ ജില്ലയിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി

moonamvazhi

സഹകരണ ഓഡിറ്റ് രീതി ശക്തിപ്പെടുത്താനായി പത്തനംതിട്ട ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി ടീം ഓഡിറ്റ് സംവിധാനം തൃശൂരിലേക്ക് വ്യാപിപ്പിക്കുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് ഇതിന് അനുമതി നല്‍കി ഉത്തരവിറക്കി. പൈലറ്റ് പ്രൊജക്ട് എന്ന രീതിയിലാണ് തൃശൂരിലും ടീം ഓഡിറ്റ് നടത്തുന്നത്.

ഒരു സംഘത്തില്‍ ഓരേ ഓഡിറ്റര്‍മാരെ തന്നെ പരിശോധന നടത്തുന്നത് ക്രമക്കേടുകള്‍ മറച്ചുവെക്കാന്‍ കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘങ്ങളില്‍ ടീം ഓഡിറ്റ് എന്ന രീതി സഹകരണ വകുപ്പ് സ്വീകരിച്ചത്. 2022 ആഗസ്റ്റിലാണ് പത്തനംതിട്ടയില്‍ ടീം ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനായി സഹകരണ ഓഡിറ്റര്‍മാരെ വിളിച്ചുചേര്‍ത്ത് പ്രത്യേക ക്ലാസ് നല്‍കിയിരുന്നു. വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് ഓഡിറ്റ് നടത്തിയത്. ഓരോ ഗ്രൂപ്പിനും ഓരോ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കുകയും ചെയ്തു.

നിലവിലെ ഓഡിറ്റ് ഫീസ്, ഓഡിറ്റ് കോസ്റ്റ് എന്നിവയൊന്നും മാറ്റാതെയുള്ള പരീക്ഷണമാണ് പത്തനംതിട്ടയില്‍ നടന്നത്. ഓഡിറ്റ് ഉദ്യോഗസ്ഥരെ ടീമാക്കി മാറ്റി വ്യക്തിഗത പരിശോധന ഒഴിവാക്കുന്ന പ്രായോഗിക ക്രമീകരണം മാത്രമാണ് ഒരുക്കിയത്. പത്തനംതിട്ടയില്‍ നടത്തിയ ടീം ഓഡിറ്റ് രീതി ഗുണകരമാണോയെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടില്ല. അത്തരമൊരു വിലയിരുത്തല്‍ നടത്താതെ സംസ്ഥാനത്താകെ ഈ രീതി നടപ്പാക്കുന്നത് ഗുണകരമാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, പത്തനംതിട്ടയില്‍ നടപ്പാക്കിയ അതേരീതിയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തൃശൂരും നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ അനുമതി.

ഓഡിറ്റ് ഫീസ്, ഓഡിറ്റ് കോസ്റ്റ് എന്നിവ സംബന്ധിച്ച് നിലവിലെ രീതി തുടരാമെന്ന വ്യവസ്ഥയോടെയാണ് രജിസ്ട്രാര്‍ സര്‍ക്കാരിനോട് അനുമതി തേടിയത്. തൃശൂരിലും ടീം ഓഡിറ്റിനുള്ള പ്രപ്പോസല്‍ തയ്യാറാക്കി സഹകരണ ഓഡിറ്റ് ഡയറക്ടര്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്.

ടീം ഓഡിറ്റ് സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിനായി അതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് പഠനം നടത്തി വിശകലനം ചെയ്യേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. അതിനാല്‍, മറ്റ് മാറ്റങ്ങള്‍ പിന്നീട് ഉത്തരവായി ഇറക്കും. ജീവനക്കാരുടെ പുനര്‍വിന്യാസം, പ്രവര്‍ത്തനത്തിലുള്ള ഷെഡ്യൂളും രീതിയും ഓഡിറ്റ് ചെലവുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ തുടര്‍ ഉത്തരവുകള്‍ പിന്നീട് പുറപ്പെടുവിക്കുമെന്നും സര്‍ക്കാര്‍ ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.