സഹകരണ വകുപ്പിന്റെ ‘കെയര്‍ ഹോം’ പദ്ധതിക്ക് സ്‌കോച് അവാര്‍ഡ്
സഹകരണ വകുപ്പിന്റെ അഭിമാന പദ്ധതിയായ ‘കെയര്‍ ഹോം’പദ്ധതി രാജ്യപുരോഗതിക്കായി വേറിട്ട പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരമായ സ്‌കോച് (SKOCH) അവാര്‍ഡിന് അര്‍ഹമായി.
കോ – ഓപ്പറേഷന്‍ വിഭാഗത്തില്‍ സില്‍വര്‍ മെഡലാണ് ലഭിച്ചത്. രാജ്യാന്തര പ്രശസ്തമായ ഒരു സ്വതന്ത്ര സംഘടനയായ സ്‌കോച് ദേശീയതലത്തിലാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ദേശീയ തലത്തില്‍ 100 ലധികം നോമിനേഷനുകളില്‍ നിന്നാണ് ഈ പുരസ്‌കാരം ലഭിച്ചത്. ആറു ഘട്ടങ്ങളിയി നടന്ന പ്രക്രിയയിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിച്ചത്. കെയര്‍ ഹോം പദ്ധതിയെക്കുറിച്ച് സഹകരണ സംഘം രെജിസ്ട്രാര്‍ ശ്രീ.അലക്‌സ് വര്‍ഗീസ് ഐഎഎസ് നടത്തിയ അവതരണം, അതിനു ശേഷം നടന്ന ജനകീയ വോട്ടെടുപ്പ്, വിദഗ്ധരടങ്ങുന്ന പാനല്‍ പരിശോധന, എന്നിങ്ങനെയുള്ള കടമ്പകള്‍ കടന്നാണ് സഹകരണ വകുപ്പിന് അഭിമാനകരമായ ഈ അവാര്‍ഡ് ലഭിക്കുന്നത്.
2018 ലെ പ്രളയ ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി സഹകരണ വകുപ്പ് തുടങ്ങിയ പദ്ധതിയാണ് കെയര്‍ ഹോം. ആദ്യ ഘട്ടത്തില്‍ 2000 വീടുകളാണ് നിര്‍മ്മിച്ച് നല്‍കാനാണ് തീരുമാനിച്ചത്. ഈ പദ്ധതിയില്‍ 2091 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. രണ്ടാം ഘട്ടത്തില്‍ ഭവന രഹിത ഭൂരഹിതര്‍ക്കായുള്ള ഫ്‌ളാറ്റ് സമുച്ചയ പദ്ധതി ആരംഭിച്ചു. തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 40 വീടുകളുള്ള ഫ്‌ളാറ്റ് സമുച്ചയം പണിതു നല്‍കി. ഇപ്പോള്‍ കണ്ണൂര്‍, പാലക്കാട്, കോട്ടയം എന്നീ ജില്ലകളില്‍ ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്.