സഹകരണ വകുപ്പിനെതിരെ എംപ്ലോയീസ് ഫ്രണ്ട്: ഇന്ന് ജില്ലാതലങ്ങളിൽ പ്രതിഷേധ ധർണ.

[mbzauthor]

ബി.ആർ ആക്ട് ഓഡിനൻസ് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സഹകരണ മന്ത്രിയും വകുപ്പും ഒരക്ഷരം പോലും മിണ്ടാത്ത സാഹചര്യത്തിൽ ആരോപണങ്ങളുമായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് രംഗത്ത്‌. കേരള ബാങ്ക് എന്ന പിടിവാശിക്ക് വേണ്ടി കേരളത്തിലെ സഹകരണ മേഖലയെ ഈ സർക്കാരും വകുപ്പും ചേർന്ന് ഒറ്റിക്കൊടുത്തു എന്നാണ് പ്രധാന ആരോപണം. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ ചില സ്ഥാപിത താൽപര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് സംഘടന ആരോപിക്കുന്നു. കേരള ബാങ്കുമായി ബന്ധപ്പെട്ട് ആർബിഐ മുന്നോട്ടുവച്ച 19 നിർദ്ദേശങ്ങളിൽ പതിനെട്ടാമത്തെ നിർദ്ദേശം മേലിൽ രജിസ്റ്റർ ചെയ്യുന്ന സംഘങ്ങൾ ബാങ്ക് എന്ന പേര് വെച്ച് രജിസ്റ്റർ ചെയ്യരുത് എന്നതായിരുന്നു. ഈ നിർദ്ദേശം വന്ന ഉടൻ അന്നത്തെ സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചിരുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ കൂട്ടിവായിക്കേണ്ടതാണെന്ന് സംഘടന പറയുന്നു.

സർവീസ് സഹകരണ ബാങ്കുകളെ, മികച്ച സേവനങ്ങൾ നൽകുന്ന ആധുനിക ബാങ്ക് ആക്കി മാറ്റുകയാണ് കേരളബാങ്ക് രൂപീകരണത്തോടെ നടക്കാൻ പോകുന്നതെന്ന് സർക്കാരും വകുപ്പും ആവർത്തിച്ച് പറഞ്ഞു. എന്നാൽ ഇപ്പോൾ പാക്സ് കൾക്ക് ബാങ്ക് എന്ന പേര് ഇല്ല, ചെക്ക് നൽകാൻ അനുമതിയില്ല, തുടങ്ങി ആശങ്കകൾ എല്ലാം നിലനിൽക്കുമ്പോഴും വകുപ്പ് മന്ത്രിയോ വകുപ്പോ ഒരു അക്ഷരം മിണ്ടാത്തത് സഹകാരികളോടും സഹകരണമേഖലയോടുമുള്ള വഞ്ചനയാണെന്ന് സംഘടന പറയുന്നു.

വൈദ്യനാഥൻ കമ്മീഷൻ റിപ്പോർട്ടും 1200 കോടി രൂപയുടെ സാമ്പത്തിക സഹായവും അന്ന് വേണ്ടെന്നു വെപ്പിച്ചു, എന്നാൽ ഇന്ന് സഹായവും ഇല്ല ബാങ്ക് പോലും നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടും അനങ്ങാപ്പാറ നയമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ ജനകീയ സമരം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സംഘടന മെമ്പർമാരെ അറിയിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലാ തലങ്ങളിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ അധികാരികളെയും ഒപ്പം പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുന്നതും സർക്കാരിന്റെ മുഖംമൂടി വലിച്ചു കീറുന്നതും ആകണമെന്ന് സംസ്ഥാന പ്രസിഡന്റ്‌ ജോഷ്വാ മാത്യു, ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങാപള്ളി, ട്രഷറർ പി.കെ. വിനയകുമാർ എന്നിവർ ജില്ലാ കമ്മറ്റികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.