സഹകരണ മേഖലയ്ക്ക് കേന്ദ്രസർക്കാർ പ്രത്യേക മൂലധന പര്യാപ്ത മാനദണ്ഡങ്ങൾ കൊണ്ടുവരുന്നു.

adminmoonam

സഹകരണമേഖലയ്ക്ക് കടിഞ്ഞാൺ ഇടുന്നതിന്റെയും വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന്റെയും പേര് പറഞ്ഞു പ്രത്യേക മൂലധന പര്യാപ്ത മാനദണ്ഡങ്ങൾ കേന്ദ്ര ധനമന്ത്രാലയം വൈകാതെ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് വ്യക്തമായ സൂചന കേന്ദ്ര ഫിനാൻസ് സെക്രട്ടറി രാജീവ് കുമാർ നൽകിക്കഴിഞ്ഞു. രണ്ടുമാസത്തിനകം ഇത് സംബന്ധിച്ച് മാർഗനിർദേശം ഉണ്ടാകുമെന്നാണ് അറിയുന്നത്. ആദ്യഘട്ടത്തിൽ അർബൻ ബാങ്കുകൾക്കും മള്ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുകൾക്കുമാണ് മൂലധന പര്യാപ്ത സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ കണ്ടുവരുന്നതെങ്കിലും വൈകാതെ സഹകരണമേഖലയിൽ ഒന്നടങ്കം ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് ഗൗരവമായ ആലോചനയിലാണ് ധനമന്ത്രാലയം. പഞ്ചാബ് -മഹാരാഷ്ട്ര സഹകരണബാങ്കിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ മറപിടിച്ചാണ് നിയന്ത്രണങ്ങളും നിബന്ധനകളും കൊണ്ടുവരുന്നത് എങ്കിലും ആത്യന്തികമായി സഹകരണമേഖലയുടെ നിയന്ത്രണത്തിലേക്ക് ആണ് കേന്ദ്രസർക്കാരും ധനമന്ത്രാലയവും കൈവെക്കുന്നത് എന്ന് കരുതുന്ന സഹകാരികളും കുറവല്ല. വൈകാതെ അത് സംഭവിക്കുമെന്നാണ് സഹകാരികളുടെ ഉറച്ച വിശ്വാസം. സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾക്കും യോഗ്യത നിർണയിക്കുന്നത് വഴി പലരും ഈ മേഖലയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. സാങ്കേതിക പരിജ്ഞാനതിനൊപ്പം പരിചയസമ്പത്തിന്റെയും പിൻബലംകൂടിയുള്ളവർകേ വരുംകാലങ്ങളിൽ ഭരണസമിതി അംഗങ്ങൾ ആക്കാൻ കഴിയൂ. നിർദ്ദിഷ്ട മൂലധന പര്യാപ്ത മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ഭരണസമിതി അംഗങ്ങളുടെ യോഗ്യത നിർബന്ധമാക്കുന്നതും വഴി സഹകരണ മേഖലയിൽ ഒരു പൊളിച്ചെഴുത്താണ് ധനമന്ത്രാലയം ലക്ഷ്യമിടുന്നത്.

ബാങ്കിംഗ് റെഗുലേറ്ററി ആക്ട് ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രാലയം ഇതിൽ എന്തെല്ലാം ഭേദഗതികളാണ് കൊണ്ടുവരുന്നതെന്ന് വരുംദിവസങ്ങളിൽ കണ്ടുതന്നെ അറിയണം. സഹകരണ മേഖലയുടെ കടിഞ്ഞാൺ സഹകരണ സംഘം രജിസ്ട്രാറിൽനിന്നും സംസ്ഥാന സർക്കാരുകളിൽ നിന്നും പതിയെ പതിയെ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ വരാനുള്ള സാധ്യത അതിവിദൂരമല്ല.

Leave a Reply

Your email address will not be published.