സഹകരണ മേഖലയെ തകര്‍ക്കരുത്: കെ. സി. ഇ. എഫ്
കേന്ദ്ര -കേരള സര്‍ക്കാരുകള്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പല നിയമങ്ങളും സഹകരണ സംഘങ്ങള്‍ക്കും ജീവനക്കാര്‍ക്കും എതിരാണെന്നും അവ പുന :പരിശോധിക്കാന്‍ തയ്യാറാവണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സഹകരണ മേഖലക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക, ജീവനക്കാരുടെ പ്രൊമോഷന്‍ തടയുന്ന ചട്ടം ഭേദഗതി പിന്‍വലിക്കുക, കുടിശ്ശികയായ ഒരുവര്‍ഷത്തെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഇന്‍സെന്റീവ് അടിയന്തിരമായി കളക്ഷന്‍ ഏജന്റുമാര്‍ക്ക് നല്‍കുക, സഹകരണ പെന്‍ഷന്‍ വെല്‍ഫയര്‍ ബോര്‍ഡുകളില്‍ സംഘടനക്കുണ്ടായിരുന്ന അംഗത്വം പുന:സ്ഥാപിക്കുക, പെന്‍ഷന്‍ ഇന്‍സെന്റീവ് പകുതിയായി വെട്ടികുറക്കാനുള്ള സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡിസംബര്‍ 21ന് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്താനും യോഗം തീരുമാനിച്ചു.
തിരൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗമായി തെരഞ്ഞെടുത്ത സംസ്ഥാന കൗണ്‍സിലര്‍ അരൂണ്‍ ശ്രീരാജിന് സ്വീകരണം നല്‍കി. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. രാമദാസ് അധ്യക്ഷത വഹിച്ചു. സബാദ് കരുവാരകുണ്ട്, അബ്ദുള്‍ അസീസ് കുറ്റിപ്പുറം, രവീന്ദ്രനാഥ് തേഞ്ഞിപ്പലം, കെ. പ്രീതി, സമദ് എടപ്പറ്റ, അരൂണ്‍ ശ്രീരാജ്, പി. പി. ഷിയാജ്, അനീഷ് മൂത്തേടം, രവികുമാര്‍ ചീക്കോട്, ബൈജു വളാഞ്ചേരി, ഫൈസല്‍ പന്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.