സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കു മൂന്നാംവഴിയുടെ സംഭാവന വിലപ്പെട്ടത് – കേരള ഗവര്‍ണര്‍
സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കു ‘ മൂന്നാംവഴി ‘ സഹകരണ മാസിക നല്കുന്ന സംഭാവന വിലപ്പെട്ടതാണെന്നു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിപ്രായപ്പെട്ടു.
‘ മൂന്നാംവഴി ‘ മാസികയുടെ ആഗസ്റ്റ് ലക്കം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്, ലാഡര്‍ എന്നിവയുടെ ഡയരക്ടറായ സി.ഇ. ചാക്കുണ്ണിയാണു ‘ മൂന്നാംവഴി ‘ യുടെ കോപ്പി ഗവര്‍ണര്‍ക്കു കൈമാറിയത്.
മാസിക തനിക്കു രാജ്ഭവനില്‍ എല്ലാ മാസവും ലഭിക്കുന്നുണ്ടെന്നു ഗവര്‍ണര്‍ പറഞ്ഞു. സഹകരണ മേഖലയെക്കുറിച്ചുള്ള പുതിയ പുതിയ കാര്യങ്ങള്‍ മാസികയിലൂടെ തനിക്കറിയാന്‍ കഴിയുന്നുണ്ട്. അതുപോലെ, കേരളത്തിലെ സഹകരണ മേഖല എവിടെ എത്തിനില്‍ക്കുന്നുവെന്നും അറിയാന്‍ സാധിക്കുന്നുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും പോലുള്ള സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ സഹകരണ മേഖല ദക്ഷിണേന്ത്യയിലാണു നല്ല നിലയില്‍ മുന്നേറുന്നത് – അദ്ദേഹം പറഞ്ഞു.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറുടെ സ്പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ കെ.ആര്. മോഹന്‍, ടി.പി. അഭിലാഷ് ( പി.ആര്.ഒ. ലാഡര്‍ ) എന്നിവരും പങ്കെടുത്തു.