സഹകരണ മേഖലയിൽ സർഫാസി; മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും രണ്ട് നിലപാട്.
സഹകരണ മേഖലയിൽ സർഫാസി; മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും രണ്ട് നിലപാട്. സഹകരണ മേഖലയിലെ കിട്ടാക്കടം തിരിച്ചു പിടിക്കാൻ സർഫാസി നടപടിക്രമങ്ങൾ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് വിരുദ്ധമായി സഹകരണ മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കിട്ടാക്കടം പിടിക്കാൻ സർഫാസി നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ 1.7.19നു മറുപടി നൽകിയത്.
സംസ്ഥാന സഹകരണ ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചായിരുന്നു എം.എൽ.എയുടെ ചോദ്യം. 8945.78 കോടി രൂപ നിക്ഷേപവും നികുതി നൽകിയതിന് ശേഷം 58 കോടി രൂപ ലാഭവുമുണ്ടെന്ന് വ്യക്തമാക്കുന്ന മറുപടിയിൽ 2019 മാർച്ച് 31 വരെ ഒാഡിറ്റ് ചെയ്യപ്പെടാത്ത കണക്കനുസരിച്ച് 205.27 കോടി രൂപ കിട്ടാക്കടമുണ്ടെന്നും മറുപടി നൽകിയിട്ടുണ്ട്. ആകെ വായ്പയുടെ 3.16 ശതമാനമാണ് കിട്ടാക്കടം.
തുടർന്നാണ്, കിട്ടാക്കടം തിരിച്ച് പിടിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ചോദ്യം. ഇതിന് നൽകിയ മറുപടിയിൽ ഒറ്റത്തവണ തീർപ്പാക്കൽ, സർഫാസി, ആർബിട്രേഷൻ, എക്സിക്യൂഷൻ നടപടികൾ സ്വീകരിച്ചു വരുന്നതായാണ് എന്നുള്ള മറുപടി നൽകിയിരിക്കുന്നത്.
ഇതോടെ, സഹകരണ മേഖലയിലെ വായ്പ തിരിച്ചുപിടിക്കാൻ മുഖ്യമന്ത്രി സഭയിൽ പറഞ്ഞതാണോ വകുപ്പുമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞതാണോ സർക്കാർ നിലപാട് എന്ന ചോദ്യം ഉയരുകയാണ്.
[mbzshare]