സഹകരണ മേഖലയിലെ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണം 

moonamvazhi

കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍  സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച കേരള സംവാദം സെമിനാര്‍ പരമ്പര സമാപിച്ചു.  സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് സെമിനാര്‍ വിലയിരുത്തി. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍  കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി  സഹകരണ മേഖലയെയും പൊതുമേഖലയെയും തകര്‍ക്കാന്‍  ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം ആ നീക്കം നടത്തുന്നത്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും കക്ഷി രാഷ്ട്രീയം മറന്ന് ഒന്നിച്ചാണ് ആ നീക്കത്തെ എതിര്‍ത്തതെന്നും എം.മെഹബൂബ് പറഞ്ഞു. എല്ലാ മേഖലകളില്‍ നിന്നും പ്രതിസന്ധികള്‍ വരുമ്പോള്‍ ആന്തരിക കരുത്ത് കൂട്ടുകയാണ് പരിഹാരമെന്ന് തിരുവനന്തപുരം ഐ.സി.എം ഡയറക്ടര്‍ എം.വി.ശശികുമാര്‍ പറഞ്ഞു. സഹകരണ മേഖല സര്‍ക്കാര്‍ അടക്കമുള്ള ഏജന്‍സികളെ ആശ്രയിക്കുന്ന മനോഭാവം കുറച്ചു കൊണ്ടുവരണം. സ്വാതന്ത്ര്യം, സ്വയംഭരണാവകാശം എന്നീ തത്വങ്ങള്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കണം. സഹകരണ മേഖലയെ സജീവമാക്കാന്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ രംഗത്തെ അട്ടിമറിക്കാന്‍ കേന്ദ്ര ഭരണകൂടം ഇടപെടലുകള്‍ നടത്തുന്നതായി പ്രമുഖ സഹകാരി ഐ.മൂസ പറഞ്ഞു.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ മേഖലയിലൂടെ സാധാരണക്കാരുടെ പണം കൊള്ളയടിച്ച് ജനകീയ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. സഹകരണ പ്രസ്ഥാനം തകര്‍ന്നാല്‍ സാധാരണക്കാരുടെ ആശ്രയം തകരുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ വെല്ലുവിളികള്‍ ചെറുത്തുനില്‍പ്പോടെ നേരിടണമെന്ന് സമൂഹ് പ്രസിഡന്റ് ജോബി ജോണ്‍ പറഞ്ഞു. വലിയ കോര്‍പ്പറേറ്റുകളെ ചെറുത്തുനിന്നാണ് കേബിള്‍ ടിവി അസോസിയേഷന്‍ വളര്‍ന്നതെന്നും അത് മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാണെന്നും ജോബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.  കോ-ഓപ്പറേറ്റീവ് ആക്ടിവിസ്റ്റ് എസ്. വിജയകുമാര്‍ മോഡറേറ്ററായിരുന്നു. സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.രാജന്‍, സംസ്ഥാന സെക്രട്ടറി നിസാര്‍ കോയാപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.