സഹകരണ ബാങ്കുകള്‍ മുഖേന മൈക്രോ ഫിനാന്‍സ് പദ്ധതി തുടങ്ങും

[email protected]

പലിശക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് മോചനം നല്‍കാന്‍ ഗ്രാമപ്രദേശങ്ങളില്‍ സഹകരണ ബാങ്കുകള്‍ മുഖേന മൈക്രോ ഫിനാന്‍സ് പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വയ്യാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് ചിറ്റാറില്‍ നിര്‍മിച്ച പുതിയ ശാഖാ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പക്കാരായ ഇടപാടുകാര്‍ സഹകരണ ബാങ്കുകളിലേക്ക് നല്ല നിലയില്‍ വരേണ്ടതുണ്ട്. ആധുനീകവല്‍ക്കരണമാണ് ഇതിനുള്ള പോംവഴി. അവരുടെ കൈയിലിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വഴി ബാങ്ക് ഇടപാടുകള്‍ നടത്താന്‍ കഴിയണം. ആ നിലയിലേക്ക് മാറാനുള്ള ശ്രമത്തിലാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. എല്ലാ ആധുനിക സൗകര്യങ്ങളും സര്‍ക്കാര്‍ ഈ മേഖലയില്‍ ഉറപ്പു വരുത്തും. ഇടപാടുകളും വായ്പയുമായി ബാങ്ക് സംവിധാനം വീടുകളിലേക്ക് ചെല്ലുന്ന മുറ്റത്തെ മുല്ല എന്ന പദ്ധതി പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വയ്യാറ്റുപുഴ ബാങ്കിലും ഈ പദ്ധതി ആരംഭിക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ബിജു പടനിലം അധ്യക്ഷത വഹിച്ചു. കോര്‍ ബാങ്കിംഗ് സംവിധാനം അടൂര്‍ പ്രകാശ് എംഎല്‍എയും എന്‍ഇഎഫ്റ്റി/ആര്‍റ്റിജിഎസ് സംവിധാനം സിപിഐഎം പെരുനാട് ഏരിയ സെക്രട്ടറി എസ്. ഹരിദാസും ഉദ്ഘാടനം ചെയ്തു. ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി. വി. വര്‍ഗീസ് ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ ആദ്യ നിക്ഷേപം നല്‍കി.

Leave a Reply

Your email address will not be published.

Latest News