സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് പെന്‍ഷന്‍ കമ്പനി 8.80 ശതമാനം പലിശ നല്‍കും

moonamvazhi

ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിന് പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് 8.80 ശതമാനം പലിശ നല്‍കാന്‍ അനുമതി. പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചാണ് പെന്‍ഷന്‍ കമ്പനിയിലേക്ക് പണം കണ്ടെത്തുന്നത്. പുതിയ കണ്‍സോര്‍ഷ്യം മാനേജരെ നിയോഗിച്ചതിന് ശേഷം ആദ്യമായാണ് പെന്‍ഷന്‍ കമ്പനി ഫണ്ട് സ്വീകരിക്കുന്നത്. ഇതിനാണ് 8.80 ശതമാനം പലിശ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് നല്‍കുന്നതിന് 2000 കോടിരൂപ വായ്പയായി സ്വീകരിക്കേണ്ടതുണ്ടെന്നാണ് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതാണ് സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്ന് പെന്‍ഷന്‍ കമ്പനി ശേഖരിക്കുക. ഇതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. സ്വീകരിക്കുന്ന വായ്പ, അതിന്റെ തിരിച്ചടവ് കാലാവധി, പലിശ നിരക്ക് എന്നിവയെല്ലാം വ്യക്തമാക്കിക്കൊണ്ട് കണ്‍സോര്‍ഷ്യം ഫണ്ട് മാനേജരും പെന്‍ഷന്‍ കമ്പനിയും തമ്മില്‍ പുതിയ കരാര്‍ ഒപ്പിവെക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരളബാങ്കില്‍ തുടങ്ങിയിട്ടുള്ള പൂള്‍ അക്കൗണ്ടിലേക്കാണ് സഹകരണ ബാങ്കുകളില്‍നിന്ന് സ്വീകരിക്കുന്ന ഫണ്ട് നിക്ഷേപിക്കുക. സഹകരണ ബാങ്കുകള്‍ക്കുള്ള തിരിച്ചടവും ഫണ്ടുകളുടെ വിനിയോഗവും സഹകരണ സംഘം രജിസ്ട്രാര്‍ നിരീക്ഷിക്കണമെന്നും, പെന്‍ഷന്‍ കമ്പനി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ക്ക് പലിശ മാസ അടിസ്ഥാനത്തിലും മുതല്‍ ഒറ്റത്തവണയായും നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. വായ്പ തുക അതത് ഘട്ടത്തില്‍ പുതുക്കാവുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.