സഹകരണ ഫിന്‍ടെക് വഴി മറികടക്കാം

Deepthi Vipin lal

കാലത്തിനൊത്തു മാറാന്‍ മനസ്സൊരുക്കാനുള്ള നിര്‍ദേശമാണ് ‘ മൂന്നാംവഴി ‘ മുന്നോട്ടുവെക്കുന്ന സഹകരണ ഫിന്‍ടെക് ( ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ) എന്ന ആശയം. കോര്‍പ്പറേറ്റ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് തുടങ്ങാനുള്ള അനുമതി നല്‍കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. നോണ്‍ ബാങ്കിങ് ഫിനാന്‍സിങ് സ്ഥാപനങ്ങള്‍ക്കും ബാങ്കുകളായി മാറാനാവും. ഇതു രണ്ടും ബാങ്കിങ് മേഖലയില്‍ കൂടുതല്‍ മത്സരത്തിനും അതേ രീതിയില്‍ത്തന്നെ പ്രതിസന്ധിക്കും വഴിവെക്കുമെന്ന മുന്നറിയിപ്പ് ബാങ്കിങ് വിദഗ്ധര്‍ നല്‍കുന്നുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബാങ്കുകള്‍ തുടങ്ങുമ്പോള്‍ കോര്‍പ്പറേറ്റ് വായ്പകള്‍ നിയന്ത്രണമില്ലാതെ അനുവദിക്കുന്ന സ്ഥിതിയുണ്ടാകുമെന്നാണ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെപ്പോലുള്ളവര്‍ പറയുന്നത്. മഹാരാഷ്ട്രയിലെ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്ക് പ്രതിസന്ധിയിലായത് ബാങ്കില്‍ സ്വാധീനമുണ്ടായിരുന്ന ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വാരിക്കോരി വായ്പ നല്‍കിയതുകൊണ്ടാണെന്ന വസ്തുത നമ്മുടെ മുമ്പിലുണ്ട്.

നാഷണല്‍ പെയ്മെന്റ് സിസ്റ്റം നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാത്രം കുത്തകയായി നിലനിര്‍ത്തേണ്ടതില്ലെന്ന നിലപാടും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വകാര്യ മേഖലയിലേക്ക് പുതിയ പെയ്മെന്റ് സംവിധാനം വരികയാണ്. ടാറ്റ ഫിന്‍ടെക് ഉള്‍പ്പടെയുള്ളവ ഈ രംഗത്തേക്ക് കടന്നുവരാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതേസമയം, സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം കടുപ്പിക്കുകയുമാണ്. ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിക്കുശേഷം ബാങ്ക് എന്ന പേര് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഉപയോഗിക്കാനാവാത്ത സ്ഥിതിവന്നു. ചെക്ക് ഇഷ്യു ചെയ്യാന്‍ മാത്രമല്ല, ഇടപാടുകാരില്‍നിന്ന് ചെക്ക് കളക്ഷനായി സ്വീകരിക്കാനും പാടില്ല. ഇത്തരത്തില്‍ ബാങ്കിങ് മേഖല മത്സരാധിഷ്ഠിതമാവുകയും സഹകരണ മേഖല കൂടുതല്‍ നിയന്ത്രണത്തിലേക്ക് മാറുകയും ചെയ്യുന്ന ഘട്ടത്തില്‍ ജനകീയ ബദല്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. അതിനാണ് സഹകരണ ഫിന്‍ടെക് എന്ന ആശയം മുന്നോട്ടുവെക്കുന്നത്.

ഡിജിറ്റല്‍ പണമിടപാടിന് ഉദാരമായ സമീപനമാണ് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ ഇടപാടുകാര്‍ക്ക് ഡിജിറ്റലായി പണം കൈമാറാനുള്ള സംവിധാനമൊരുക്കുകയാണ് സഹകരണ ഫിന്‍ടെക്കിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു കേരളത്തിലെ എല്ലാ പ്രാഥമിക വായ്പാ സംഘങ്ങളെയും ഒരു നെറ്റ്‌വര്‍ക്കിനു കീഴില്‍ കൊണ്ടുവരികയാണ് വേണ്ടത്. ഡിജിറ്റല്‍ പണം കൈമാറ്റത്തിന് സൗകര്യമൊരുക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്നുണ്ട്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലോ മറ്റോ ഇത്തരമൊരു കമ്പനി രൂപവത്കരിച്ച് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് വാങ്ങുകയാണ് വേണ്ടത്. പ്രാഥമിക ബാങ്കുകളുടെ സെറ്റില്‍മെന്റ് ബാങ്കായി കേരള ബാങ്കിനു പ്രവര്‍ത്തിക്കാനാവും. ഇത്തരത്തില്‍ കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഒരു ജനകീയ ബാങ്കിങ് ബദല്‍ തീര്‍ക്കാന്‍ കഴിയും. പേരിലോ പെരുമയിലോ അല്ല, സേവനത്തിലും വിശ്വാസ്യതയിലുമാണ് ഒരു സഹകരണ സ്ഥാപനത്തിന്റെ ശക്തി. അത് ഉറപ്പുവരുത്താനായാല്‍ നിയമത്തിനുള്ളില്‍നിന്ന് വലിയ വളര്‍ച്ചയും മാറ്റവുമുണ്ടാക്കാന്‍ കേരളത്തിലെ സഹകരണ മേഖലയ്ക്ക് കഴിയുമെന്നുറപ്പാണ്.

– എഡിറ്റര്‍

 

Leave a Reply

Your email address will not be published.