സഹകരണ പരിശീലനം ഇങ്ങനെ മതിയോ?

moonamvazhi
ബി.പി. പിള്ള

( മുന്‍ ഡയരക്ടര്‍ , എ.സി.എസ്.ടി.ഐ., തിരുവനന്തപുരം )

(2021 ഫെബ്രുവരി ലക്കം)

മാനവശേഷി വികസനത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് പരിശീലനം. എന്നാല്‍, ജീവനക്കാരുടെ തൊഴില്‍ നിര്‍വഹണം കാര്യക്ഷമമാക്കാനും തൊഴിലിലുള്ള അവരുടെ പ്രാവീണ്യം മെച്ചപ്പെടുത്താനും വേണ്ടിയുള്ള പരിശീലനം സഹകരണ മേഖലയില്‍ എത്രത്തോളം പ്രാവര്‍ത്തികമായിട്ടുണ്ട് ? ഒരാലോചന.

അനുഭവ ജ്ഞാനത്തിലൂടെ ഒരു വ്യക്തിയുടെ മനോഭാവത്തിലും അറിവിലും പ്രാവീണ്യത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തുന്നതിനുള്ള ആസൂത്രിതമായ പ്രക്രിയയാണ് പരിശീലനം. ഒരു വ്യക്തിയില്‍ ചില പ്രത്യേക കഴിവുകള്‍ ഉള്‍ക്കൊള്ളാനുള്ള മാര്‍ഗമാണിത്. ജോലിക്ക് ഒരു വ്യക്തിയെ സജ്ജമാക്കുന്ന ഈ പ്രക്രിയയിലൂടെ ജീവനക്കാരുടെ ജോലി നിര്‍വ്വഹണം കാര്യക്ഷമമാവുകയും അവരുടെ തൊഴില്‍ പ്രാവീണ്യം മെച്ചപ്പെടുകയും ചെയ്യുന്നു. ജോലി സമ്പുഷ്ടീകരണം, തൊഴില്‍ സംതൃപ്തി, തൊഴില്‍ സുരക്ഷിതത്വം, നിര്‍വഹണ പ്രോത്സാഹനം, തൊഴില്‍ അഭിവൃദ്ധി, സ്ഥാപനത്തോടുള്ള ആത്മാര്‍ഥത തുടങ്ങിയ നേട്ടങ്ങള്‍ പരിശീലനത്തിലൂടെ ജീവനക്കാര്‍ക്കു ലഭിക്കും. പരിശീലനം ലഭിക്കുന്നതിലൂടെ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിക്കുകയും അവര്‍ കൂടുതല്‍ വിശ്വസ്തരാവുകയും ചെയ്യുന്നതോടൊപ്പം സംഘത്തിന്റെ വിപണിയിലെ പങ്ക് വര്‍ധിക്കുകയും വരുമാനക്ഷമതയും ലാഭക്ഷമതയും കൂടുകയും ചെയ്യും.

പരിശീലനം മാനവശേഷി വികസനത്തിന്റെ അവിഭാജ്യഘടകമാണ്. സഹകരണ സ്ഥാപനങ്ങളിലെ വിവിധ തരം ജോലികള്‍ ചെയ്യുന്നതിനു പ്രാപ്തരും അനുയോജ്യരുമായവരെ നേരിട്ടു ലഭിക്കില്ല. മൂലധനം , യന്ത്ര സാമഗ്രികള്‍, സാങ്കേതിക വിദ്യ, അസംസ്‌കൃത സാധനങ്ങള്‍ തുടങ്ങിയവ വിപണിയില്‍ നിന്നു വാങ്ങുന്നതു പോലെ ജോലിയുമായി ബന്ധപ്പെട്ട അറിവും നൈപുണ്യവുമുള്ള ജീവനക്കാരെ നേരിട്ടു ലഭിക്കുന്നില്ല. തുടര്‍ച്ചയായ പരിശീലനത്തിലൂടെ സമയബന്ധിതമായിട്ടേ അതു ജീവനക്കാരില്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കൂ.

പരിശീലനം കേരളത്തില്‍

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ ( എന്‍.സി.ഡി.സി ) ധന സഹായത്തോടെ സംസ്ഥാന സഹകരണ ബാങ്കിനു കീഴില്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ( എ.സി.എസ്.ടി.ഐ ) എന്ന സ്ഥാപനം 1992 ല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് സഹകരണ ഹ്രസ്വകാല വായ്പാ മേഖലയിലെ വിവിധ വിഭാഗം ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്നതിനുള്ള ആസൂത്രിതമായ നടപടികള്‍ കേരളത്തില്‍ ആരംഭിച്ചത്. അന്നു സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന പിണറായി വിജയന്‍ താല്‍പ്പര്യമെടുത്താണ് എ.സി.എസ്.ടി.ഐ. ആരംഭിച്ചത്. എന്‍.സി.ഡി.സി.യുടെ ധനസഹായത്തോടെ 28 ദിവസത്തെ പരിശീലന പരിപാടിയാണ് തുടക്കകാലത്ത് അവിടെ നടന്നിരുന്നത്. കേരളത്തിലെ സഹകരണ വായ്പാ സംഘങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തന പശ്ചാത്തലവുമായി ബന്ധപ്പെട്ട പരിശീലന പരിപാടിയായിരുന്നില്ല അത്. എന്‍.സി.ഡി.സി. തയാറാക്കിയ സിലബസ് അനുസരിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, വിപണനം, മൂല്യവര്‍ധന വരുത്തല്‍, സംഘത്തിന്റെ ബിസിനസ് വികസന പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളാണ് സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഫീസ് ഈടാക്കാതെയും പഠിതാക്കള്‍ക്ക് യാത്രപ്പടി നല്‍കിയും നടത്തിയ പരിശീലന പരിപാടിയായിരുന്നതിനാല്‍ പങ്കാളിത്തം മോശമായിരുന്നില്ല. തുടര്‍ന്ന് എന്‍.സി.ഡി.സി.യുടെ നേതൃത്വത്തില്‍ത്തന്നെ സംയോജിത സഹകരണ വികസന പദ്ധതി ( ഐ.സി.ഡി.പി. ) സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടപ്പാക്കിയപ്പോള്‍ ഒട്ടുമിക്ക ജില്ലകളിലും എ.സി.എസ്.ടി.ഐ. യിലൂടെത്തന്നെയാണ് പരിശീലനം നടന്നത്. ഐ.സി.ഡി.പി. പരിശീലനത്തിലെ സിലബസ് ബാങ്കിങ്ങില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരുന്നു.

1976 ല്‍ തിരുവനന്തപുരം ഐ.സി.എമ്മും 1992 ല്‍ കണ്ണൂര്‍ ഐ.സി.എമ്മും പ്രവര്‍ത്തനം തുടങ്ങി. തുടക്കം മുതല്‍തന്നെ ഈ രണ്ടു സ്ഥാപനങ്ങളും വിവിധ തരം സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം നല്‍കിയിരുന്നു. ഈ പരിശീലന പരിപാടി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ധന സഹായത്തോടെയാണ് നടത്തിയിരുന്നത്. പഠിതാക്കള്‍ക്ക് പരിശീലന കാലയളവില്‍ സ്‌റ്റൈപ്പന്‍ഡ് നല്‍കുകയും പഠനച്ചെലവ് പൂര്‍ണമായി ബന്ധപ്പെട്ട വകുപ്പ് വഹിക്കുകയും ചെയ്തതിനാല്‍ പങ്കാളിത്തം തൃപ്തികരമായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ , കയര്‍, കൈത്തറി സഹകരണ സംഘങ്ങള്‍ തുടങ്ങിയ വായ്പ്പേതര സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കും ഭരണ സമിതി അംഗങ്ങള്‍ക്കും സഹകരണ വകുപ്പിലെ ജീവനക്കാര്‍ക്കും വേണ്ടിയുള്ള പരിശീലന പരിപാടികളാണ് ഐ.സി.എം. മുഖ്യമായും നടത്തിയിരുന്നത്.

പരീശീലനം ഗൗരവമുള്ള കാര്യം

സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റ്ും ഉദ്യോഗക്കയറ്റവും കിട്ടാന്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കുക എന്നത് നിര്‍ബന്ധ വ്യവസ്ഥയായി 2010 നവംബര്‍ രണ്ടിനു കേരള സഹകരണ സംഘം ചട്ടം 185 ല്‍ ഉള്‍പ്പെടുത്തി പ്രാബല്യത്തില്‍ കൊണ്ടുവന്നതോടെയാണ് പരിശീലന പരിപാടികളെ ജീവനക്കാര്‍ ഗൗരവമായി കാണാന്‍ തുടങ്ങിയത്. മിനിസ്റ്റീരിയല്‍ കേഡറിലുള്ളതും ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ അക്കൗണ്ടന്റ് വരെയുള്ളതുമായ ജീവനക്കാര്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നും ഇല്ലെങ്കില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞുള്ള ഇന്‍ക്രിമെന്റ് അനുവദിച്ചുകൂടെന്നും ചട്ടവ്യവസ്ഥ വന്നു. ഈ വ്യവസ്ഥയില്‍ നിന്നു ഒരാളെയും സര്‍ക്കാരിനോ രജിസ്ട്രാര്‍ക്കോ സംഘം ഭരണസമിതിക്കോ ഒഴിവാക്കാന്‍ അധികാരമില്ലെന്നും നിഷ്‌കര്‍ഷിച്ചു. ഇന്‍ക്രിമെന്റ് മുടങ്ങാതെ കിട്ടാന്‍ നിശ്ചിത പരിശീലന പരിപാടിയിലെ ക്ലാസില്‍ പങ്കെടുത്താല്‍ മാത്രം മതിയാകും. എന്നാല്‍, പ്രൊമോഷനു അതുപോരാ. പരിശീലന പരിപാടിയില്‍ പങ്കെടുക്കുകയും അതു വിജയകരമായി പൂര്‍ത്തിയാക്കുകയും വേണം. പരിശീലന കാലത്ത് പഠിപ്പിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ടതും പരിശീലന സ്ഥാപനം നടത്തുന്നതുമായ എഴുത്തു പരീക്ഷയില്‍ ചുരുങ്ങിയ മാര്‍ക്കെങ്കിലും വാങ്ങി ജയിച്ചാലേ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതായി പരിഗണിക്കുകയുള്ളൂ. ( ഈ ലേഖകന്‍ 22 വര്‍ഷം പരിശീലകനും ഡയരക്ടറുമായി പ്രവര്‍ത്തിച്ച അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുപ്പതിനായിരത്തിനുമേല്‍ പഠിതാക്കള്‍ എഴുത്തു പരീക്ഷയ്ക്കിരുന്നതില്‍ കേരള സംസ്ഥാന സഹകരണ ബാങ്കിലെ ഒരു ജീവനക്കാരി മാത്രമാണ് പരാജയപ്പെട്ടത്. മറ്റു പരിശീലന കേന്ദ്രങ്ങളുടെ കാര്യത്തിലും മറിച്ചൊരു സ്ഥിതി ഉണ്ടാകാന്‍ സാധ്യതയില്ല ).

ഹ്രസ്വകാല സഹകരണ വായ്പാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തും കണ്ണൂരുമുള്ള ഐ.സി.എം, ആലപ്പുഴയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിങ് ദി ബസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ ഇന്‍ക്രിമെന്റിനും പ്രൊമോഷനും വേണ്ടിയുള്ള പരിശീലനം നല്‍കുമെന്നാണ് ചട്ടവ്യവസ്ഥ. ദീര്‍ഘകാല വായ്പ നല്‍കുന്ന കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ നിയന്ത്രണത്തിലുള്ള എറണാകുളത്തെ സ്റ്റാഫ് ട്രെയിനിങ് കോളേജും മറ്റു സംഘങ്ങളിലെ ജീവനക്കാര്‍ക്ക് തിരുവനന്തപുരം, കണ്ണൂര്‍ ഐ.സി.എം., ആലപ്പുഴയിലെ കിംബ് (KIMB), സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് എന്നിവയും ഇന്‍ക്രിമെന്റ് -പ്രൊമോഷന്‍ പരിശീലന പരിപാടികള്‍ നടത്തും.

പരിശീലനത്തെ അവഗണിക്കുന്നു

ചട്ടം 185 (1) ന്റെ മുന്നാം പ്രൊവിസോ പ്രകാരം സബ് സ്റ്റാഫ് വിഭാഗം ജീവനക്കാര്‍ക്കു ജൂനിയര്‍ ക്ലര്‍ക്കായും അസി. സെക്രട്ടറിക്ക് സെക്രട്ടറിയായും പ്രൊമോഷന്‍ ലഭിക്കുന്നതിനു തൃപ്തികരമായി പരിശീലന പരിപാടി പൂര്‍ത്തിയാക്കണം എന്നാണ് ചട്ടം. എന്നാല്‍, ഇതു തീരെ പാലിക്കാത്ത അപ്പെക്സ് സംഘങ്ങളും പ്രാഥമിക സംഘങ്ങളും സംസ്ഥാനത്ത് നിരവധിയുണ്ട്. 2019 നവംബറിനു ശേഷം നാളിതുവരെ ഒരു പരിശീലന പരിപാടിയിലും ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ നടപടിയെടുക്കാത്ത സംഘങ്ങളും നിരവധിയാണ്. അങ്ങനെയുള്ള സംഘങ്ങളിലെ ജീവനക്കാരുടെ പ്രൊമോഷനോ അവര്‍ക്കു നല്‍കിയ ഇന്‍ക്രിമെന്റോ ഓഡിറ്റിലോ പരിശോധനയിലോ കണ്ടെത്തുകയോ ന്യൂനതയില്‍ ചൂണ്ടിക്കാട്ടുകയോ ഉണ്ടായിട്ടില്ല. സബ് സ്റ്റാഫ് വിഭാഗം ജീവനക്കാര്‍ക്ക് മൂന്നു ദിവസത്തെയും മിനിസ്റ്റീരിയല്‍ കേഡറിലുള്ളവര്‍ക്കു അഞ്ച് ദിവസത്തെയും സൂപ്പര്‍വൈസറി കേഡറിലുള്ളവര്‍ക്ക് ആറ് ദിവസത്തെയും പരിശീലനമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇന്റേണല്‍ ഓഡിറ്റര്‍ / ബ്രാഞ്ച് മാനേജര്‍ മുതലുള്ള ഓഫീസര്‍ തസ്തികയിലുള്ളവര്‍ക്കു നിശ്ചയിച്ചിട്ടുള്ള ആറ് ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ട ജീവനക്കാരുടെ സര്‍വീസ് ബുക്കില്‍ സൂക്ഷിച്ചിട്ടുള്ള ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് മിനിസ്റ്റീരിയല്‍ കേഡര്‍ ജീവനക്കാരുടെ അഞ്ച് ദിവസ പരിശീലന പരിപാടി സര്‍ട്ടിഫിക്കറ്റായിരിക്കെ അതു ന്യൂനതയായി കാണാത്ത വകുപ്പുദ്യോഗസ്ഥരുണ്ട്. അതേസമയം, ഇന്‍ക്രിമെന്റിനു ട്രെയിനിങ് ബാധകമല്ലാത്ത സബ്സ്റ്റാഫ് വിഭാഗം ജീവനക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയിട്ട് പരിശീലന പരിപാടിയില്‍ പങ്കെടുത്തില്ല എന്നത് ന്യൂനതയായി അവര്‍ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട് .

ഇന്‍ക്രിമെന്റും പ്രൊമോഷനും

ഇന്‍ക്രിമെന്റിനും പ്രൊമോഷനും ട്രെയിനിങ് ബാധകമാക്കിയുള്ള വ്യവസ്ഥ 2010 നവംബര്‍ രണ്ടിനു ചട്ടത്തില്‍ വന്നപ്പോള്‍ത്തന്നെ ഉയര്‍ന്ന തസ്തികകളിലേക്കുള്ള പ്രൊമോഷനു പോഷക വിഭാഗത്തിലെ ജീവനക്കാര്‍ യോഗ്യതാ പരീക്ഷ പാസായാലേ അര്‍ഹരാവുകയുള്ളൂ എന്നുള്ള 185 (5) ചട്ട വ്യവസ്ഥയും ബാധകമാക്കി. ഈ ചട്ടപ്രകാരമുള്ള ആദ്യത്തെ യോഗ്യതാ പരീക്ഷ 2012 ലാണ് നടന്നത്. സംസ്ഥാന സഹകരണ ബാങ്കിലെ അക്കൗണ്ട്‌സ് ഓഫീസര്‍, ജില്ലാ സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജര്‍, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ ഡെപ്യൂട്ടി മാനേജര്‍, പത്തു കോടി രൂപയ്ക്കു മേല്‍ നിക്ഷേപമുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെയും അര്‍ബന്‍ സഹകരണ ബാങ്കുകളിലെയും അസി. സെക്രട്ടറി, മാനേജര്‍ ( അല്ലെങ്കില്‍ തത്തുല്യ തസ്തിക ) തസ്തികകളിലേക്കു പ്രൊമോഷന്‍ ലഭിക്കാനാണ് ആ തസ്തികകളുടെ പോഷക വിഭാഗത്തിലെ ജീവനക്കാര്‍ യോഗ്യതാ പരീക്ഷ പാസാവണം എന്നത് നിര്‍ബന്ധമാക്കിയത്.

2012 മുതല്‍ 185-ാം ചട്ടത്തിന്റെ രണ്ടാം ഉപ ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള തസ്തികകളിലേയ്ക്കും സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസ ബാങ്ക് എന്നിവയിലെ അതിനു മുകളിലുള്ള തസ്തികകളിലേക്കും പ്രൊമോഷന്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള യോഗ്യതാ പരീക്ഷ സംസ്ഥാന സഹകരണ പരീക്ഷാ ബോര്‍ഡാണ് നടത്തുന്നത്. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ വിഭവങ്ങളില്‍ വായ്പാ വിതരണത്തിനുള്ള സ്രോതസ് നബാര്‍ഡില്‍ നിന്നുള്ള കടങ്ങളായിരിക്കെ സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളില്‍ അതു നിക്ഷേപങ്ങളാണ്. കാര്‍ഷിക – ഗ്രാമവികസന ബാങ്കുകള്‍ പ്രധാനമായും കാര്‍ഷിക – ഗ്രാമ പുരോഗതിയ്ക്കുള്ള ദീര്‍ഘകാല വായ്പകള്‍ നല്‍കുമ്പോള്‍ സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളില്‍ അതു ഹ്രസ്വകാല – മധ്യകാല വായ്പകളാണ്. അങ്ങനെ വ്യത്യസ്ത പ്രവര്‍ത്തന രീതിയുള്ള ഈ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ ജീവനക്കാരുടെ ജോലിമേഖല തികച്ചും വ്യത്യസ്തമാണെന്നിരിക്കെ യോഗ്യതാ പരീക്ഷയ്ക്ക് 2010ല്‍ അംഗീകരിച്ച സിലബസ് ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെ ചട്ടം 185 (2) ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ള നാലു തരം സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ ജീവനക്കാര്‍ക്ക് ഇതുവരെ നടത്തിയ പരീക്ഷകള്‍ ഓരോന്നിനും ഒരേ ചോദ്യപേപ്പറാണ് ഉപയോഗിച്ചത്. ഒരു സര്‍വീസ് സഹകരണ ബാങ്കിന്റെ അസി. സെക്രട്ടറിയുടെ ജോലിസ്വഭാവമല്ല അര്‍ബന്‍ സഹകരണ ബാങ്ക് അസി. സെക്രട്ടറിയുടേത്. ജില്ലാ സഹകരണ ബാങ്ക് ശാഖാ മാനേജരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കര്‍ത്തവ്യങ്ങളുമല്ല അവിടത്തെ റീജ്യണല്‍ മാനേജരും ഇന്‍സ്പെക്ടര്‍ ഓഫ് ബ്രാഞ്ചും നിര്‍വഹിക്കേണ്ടത്. കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഡെപ്യൂട്ടി മാനേജരുടെയോ അഗ്രിക്കള്‍ച്ചറല്‍ ഓഫീസറുടെയോ ജോലികള്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമാണ്. മേല്‍ സൂചിപ്പിച്ച വൈവിധ്യം നിലനില്‍ക്കെ അവരുടെ പ്രൊമോഷനുള്ള യോഗ്യത ഒരേ അളവുകോല്‍ ഉപയോഗിച്ച് പരിശോധിക്കുന്നത് ഉചിതമാവില്ല. സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന യോഗ്യതാ പരീക്ഷകളില്‍ ആരും പരാജയപ്പെടാറില്ല എന്നത് ചോദ്യങ്ങള്‍ അത്രമാത്രം ലളിതമായതുകൊണ്ടോ പരീക്ഷ എഴുതിയവരെല്ലാം മിടുക്കരായതുകൊണ്ടോ ആവാം. ചുരുക്കിപ്പറഞ്ഞാല്‍, യോഗ്യതാ പരീക്ഷയിലെ ചോദ്യങ്ങള്‍ ബഹുഭൂരിഭാഗവും ജെ.ഡി.സി.ക്കോ എച്ച്.ഡി.സി.ക്കോ പഠിച്ച ഭാഗങ്ങളില്‍ നിന്നുള്ളതായതിനാലും പരീക്ഷ എഴുതുന്നവരെല്ലാം ജയിച്ചുകൊള്ളട്ടെ എന്ന വിശാല കാഴ്ചപ്പാട് ബോര്‍ഡിനുണ്ടായിരുന്നതിനാലുമാകാം ഈ സമ്പൂര്‍ണ വിജയം. ഓരോ സ്ഥാപനത്തിലേയും ഓരോ വിഭാഗം ജീവനക്കാര്‍ക്കും വെവ്വേറെ സിലബസ്സിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ നടത്താനുള്ള നടപടികള്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് കൈക്കൊണ്ടുവരികയാണ്.

പ്രായോഗിക ബാങ്കിങ്

സഹകരണ വായ്പാ സംഘങ്ങളില്‍ ക്ലര്‍ക്ക് തസ്തികയിലും തത്തുല്യമായ തസ്തികകളിലും സഹകരണ പരീക്ഷാ ബോര്‍ഡും സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളിലും അപ്പെക്സ് സംഘങ്ങളിലും പബ്ലിക് സര്‍വീസ് കമ്മീഷനുമാണ് നിയമനത്തിനു യോഗ്യരായ ഉദ്യോഗാര്‍ഥികളെ പരീക്ഷ നടത്തി കണ്ടെത്തുന്നത്. പരീക്ഷയുടെ സിലബസ് ബഹുഭൂരിഭാഗവും ജെ.ഡി.സി., എച്ച്.ഡി.സി. സിലബസിലുള്ളതാണ്. ഈ മത്സരപ്പരീക്ഷയില്‍ ജയിച്ച് ഇന്റര്‍വ്യൂ കഴിഞ്ഞു റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം ലഭിച്ച് വായ്പാ സംഘങ്ങളില്‍ ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ ക്ലാസ്മുറിയില്‍ നിന്നു ലഭിച്ച അറിവല്ല വേണ്ടതെന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കുന്നു. ഇന്‍ഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാമുകളുടെ പ്രയോജനം ലഭിക്കാത്തതിനാല്‍ സഹപ്രവര്‍ത്തകര്‍ ചെയ്യുന്നതു കണ്ടു പഠിക്കുന്നതും അവരോട് ചോദിച്ചു മനസ്സിലാക്കുന്നതുമായ കാര്യങ്ങളാണ് കര്‍മ മണ്ഡലത്തില്‍ അവര്‍ ഉപയോഗിക്കുന്നത്. അതു മെച്ചപ്പെട്ട പ്രവര്‍ത്തനഫലം കിട്ടാന്‍ സഹായകമാകണമെന്നില്ല. വാണിജ്യ ബാങ്കുകളിലുള്ളതുപോലെ നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തില്‍ കുറയാതെ പ്രായോഗിക ബാങ്കിങ്ങില്‍ പ്രാരംഭ പരിശീലനം കിട്ടുകയാണെങ്കില്‍ അവരുടെ കാര്യക്ഷമതയും നൈപുണ്യവും തൊഴില്‍ പാടവവും ഉയര്‍ന്ന നിലവാരത്തിലുള്ളതാകുമെന്നതില്‍ സംശയമില്ല.

സഹകരണ ജീവനക്കാരുടെ ഇന്‍ക്രിമെന്റിനും പ്രൊമോഷനും വേണ്ടിയുള്ള പരിശീലന പരിപാടികളിലെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിലബസ് 2010 ല്‍ തയാറാക്കിയതാണ്. വിവിധ തസ്തികകളിലെ ജോലിയുമായി ബന്ധപ്പെട്ട സിലബസ് ആണോ അതെന്നും ജീവനക്കാരുടെ നൈപുണ്യവും വൈദഗ്ധ്യവും വികസിപ്പിക്കാന്‍ അതു സഹായകമാണോ എന്നും പരിശോധിക്കേണ്ടതാണ്.

സിലബസ് കാലോചിതമാക്കണം

പ്രായോഗിക ബാങ്കിങ്ങില്‍ അറിവും അനുഭവസമ്പത്തുമുള്ള ഒരു വിദഗ്ധ സമിതി വായ്പാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരിശീലന പരിപാടികളുമായി ബന്ധപ്പെട്ട സിലബസ് പരിശോധിക്കുകയും കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്. പരിശീലന പ്രക്രിയ അറിവും കഴിവും മനോഭാവവും പ്രാവീണ്യവും ആര്‍ജിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും വേണ്ടിയുള്ളതാകണം. അറിവ് ആശയം സ്പഷ്ടമാക്കുന്നതും ആസൂത്രണം, നടപ്പാക്കല്‍, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ലക്ഷ്യം അടിസ്ഥാനമാക്കിയുള്ള തന്ത്രപരമായ അറിവുകള്‍ ഉള്‍പ്പെടുന്നതുമായിരിക്കണം. നൈപുണ്യം പരിചിന്തനത്തിനും പ്രതികരണത്തിനും സംവദിക്കുന്നതിനും ഉപയോഗിക്കാവുന്നതായിരിക്കണം. വിശ്വാസങ്ങളുടെയും അഭിപ്രായങ്ങളുടെയും പ്രതിഫലനമാണ് മനോഭാവം. ഒരു വ്യക്തിയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്ന പ്രധാന ഘടകം അയാളുടെ മനോഭാവമാണ്. അറിവും കഴിവും ആര്‍ജിക്കുന്നത് വ്യക്തിയുടെ മനോഭാവത്തെ അനുകൂലമായി സ്വാധീനിക്കും. തന്റെ ജോലി നന്നായി അറിയാവുന്ന ഒരു ജീവനക്കാരന്‍ അങ്ങേയറ്റം പ്രചോദിതനും നല്ല പ്രകടനം നടത്തുന്ന വ്യക്തിയുമായിരിക്കും. പരിശീലന പരിപാടിയിലെ വിഷയങ്ങള്‍ മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ ഉള്‍പ്പെടുന്നതായിരിക്കണം. പരിശീലകര്‍ അവ ഉള്‍ക്കൊള്ളുന്നവരുമായിരിക്കണം.

വിദഗ്ധ പരിശീലകര്‍ വേണം

സഹകരണ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന ചില സ്ഥാപനങ്ങളിലെങ്കിലും വിദഗ്ധരായ പരിശീലകരുടെ അഭാവമുണ്ട്. നബാര്‍ഡിന്റെ കീഴിലുള്ള ബാങ്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റില്‍ സഹകരണ പരിശീലകര്‍ക്കുള്ള കോഴ്സുണ്ട്. ‘സര്‍ട്ടിഫൈഡ് ട്രെയിനര്‍ ഓഫ് ഫിനാഷ്യല്‍ കോ-ഓപ്പറേറ്റീവ്’ എന്ന ആറു മാസത്തെ ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പരിശീലകര്‍ക്കു വേണ്ട യോഗ്യതകള്‍ ആര്‍ജിക്കാന്‍ കഴിയും. സഹകരണ വകുപ്പില്‍ നിന്നും സഹകരണ പരീശീലന കേന്ദ്രങ്ങളില്‍ നിന്നും വിരമിച്ചവരാണ് ഇവിടെ പരിശീലകരായി ചില വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലഭ്യമാകുന്ന അധ്യാപകര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിഷയങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് പരിശീലന പരിപാടികളുടെ ഉള്ളടക്കം നിശ്ചയിക്കുന്ന വികലമായ ശൈലിയും കാണാറുണ്ട്. മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ ജൂനിയര്‍ ക്ലര്‍ക്കിന്റെ കര്‍മ മണ്ഡലമല്ല ഒരു അക്കൗണ്ടിന്റേത്. എന്നാല്‍, ഇവര്‍ രണ്ടും ഒരേ പരിശീലന പരിപാടിയിലാണ് പങ്കെടുക്കുന്നത്. ബ്രാഞ്ചു മാനേജര്‍, അസി. സെക്രട്ടറി എന്നിവര്‍ പങ്കെടുക്കുന്ന പരിശീലന പരിപാടികളില്‍ ക്ലര്‍ക്കുമാരെയും പങ്കെടുപ്പിക്കുകയും പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി എന്ന സര്‍ട്ടിഫിക്കറ്റ് പരീക്ഷ പോലും നടത്താതെ നല്‍കുകയും ചെയ്യുന്നു. പരിശീലന പരിപാടികളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍, പരിശീലകന്റെ അനുഭവജഞാനം, പഠിതാക്കളുടെ തസ്തിക വിഭാഗം, പരിശീലനകാലം തുടങ്ങിയവ നിരീക്ഷിക്കുന്നതിനോ വിലയിരുത്തുന്നതിനോ നിലവില്‍ സംവിധാനങ്ങള്‍ ഒന്നുമില്ല. ജീവനക്കാര്‍ക്കു പ്രൊമോഷനും ഇന്‍ക്രിമെന്റും ലഭിക്കാനുള്ള ഒരു മാര്‍ഗം എന്നതല്ലാതെ ഫീസ് നല്‍കി പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന സ്ഥാപനത്തിനുണ്ടാകുന്ന നേട്ടങ്ങളോ പങ്കെടുക്കുന്ന ജീവനക്കാരന്റെ അറിവിലും കഴിവിലും വൈദഗ്ധ്യത്തിലും ഉണ്ടാകുന്ന പരമമായ മാറ്റമോ ഉയര്‍ച്ചയോ വിലയിരുത്തപ്പെടുന്നില്ല.

ബാങ്കിങ് അതിവേഗം മാറിക്കൊണ്ടിരിക്കുന്നതും രൂക്ഷമായ മത്സരം നിലനില്‍ക്കുന്നതുമായ സേവന മേഖലയാണ്. സഹകരണ വായ്പാ മേഖലയുടെ ഗുണപരമായ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്ന നമ്മള്‍ സംഘങ്ങളിലെ ജീവനക്കാരുടെ അറിവും കഴിവും സേവനങ്ങള്‍ നിറവേറ്റുന്നതിലുള്ള വൈഗ്ധ്യവും മറ്റു ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിലവാരവുമായി തുലനം ചെയ്യുകയും പിന്നോക്കാവസ്ഥയും ബലഹീനതകളുമുള്ള മേഖലകള്‍ മനസ്സിലാക്കി അവ പരിഹരിക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്യണം.

Leave a Reply

Your email address will not be published.