സഹകരണ നിക്ഷേപത്തിനുളള ഗ്യാരന്റി അഞ്ചുലക്ഷം രൂപയാക്കി

Deepthi Vipin lal

സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന്റെ ഗ്യാരന്റി പരിധി രണ്ടുലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തി. സഹകരണ മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് കേരള കോഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡിന്റെ യോഗമാണ് ഈ തീരുമാനമെടുത്തത്. ചട്ടത്തില്‍ ഭേദഗതി വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ തീരുമാനം പ്രാബല്യത്തിലാകും.

സഹകരണ സംഘങ്ങളിലെയും പ്രാഥമിക സഹകരണ ബാങ്കുകളിലെയും നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപ ഗ്യാരന്റി കോര്‍പ്പറേഷന്റെ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് പത്രപരസ്യം നല്‍കിയിരുന്നു. ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സഹകര മന്ത്രി റിസര്‍വ് ബാങ്കിന് കത്തയച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര നിക്ഷേപ ഗ്യാരന്റി കോര്‍പ്പറേഷന്റെ സുരക്ഷയുള്ളത്. സഹകരണ സംഘങ്ങള്‍ സംസ്ഥാന നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാകയാല്‍ സുരക്ഷ നല്‍കുന്നത് സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡാണ്. കേന്ദ്ര ഗ്യാരന്റി കോര്‍പ്പറേഷന്‍ വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിന് അഞ്ചുലക്ഷം രൂപവരെയാണ് നല്‍കുന്നത്. ഇതേ നിരക്കില്‍ സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് പരിരക്ഷ ഉയര്‍ത്തണമെന്ന ആവശ്യമാണ് കേരളം അംഗീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!