സഹകരണ ദന്താശുപത്രി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ.
സഹകരണ മേഖലയിലെ സംസ്ഥാനത്തെ തന്നെ ആദ്യത്തെ ദന്താശുപത്രി ആയ കോഴിക്കോട് സഹകരണ ദന്താശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന ആശുപത്രിയാണ് ഏപ്രിൽ ഒന്നാം തീയതി തിങ്കളാഴ്ചമുതൽ ചാലപ്പുറത്ത് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ എതിർവശത്തുള്ള കെട്ടിടത്തിലേക്ക് സേവനം മാറ്റുന്നത്. രാവിലെ 10-ന് പ്രമുഖ സഹകാരിയും എം.വി.ആർ. കാൻസർ സെന്റർ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ആശുപത്രിയിൽ പ്രസിഡണ്ട് കെ.ദിനേശൻ, സെക്രട്ടറി സി.പി. പ്രിയയും പറഞ്ഞു. അഞ്ചു വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആധുനികമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കിയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്. സഹകരണ ആശുപത്രിയുടെ മുഴുവൻ പ്രയോജനവും സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഭരണസമിതി ലക്ഷ്യമിടുന്നത്.