സഹകരണ ജീവനക്കാര്‍ക്ക് പ്രത്യേക ഇന്‍ഷൂറന്‍സില്ല; വീണ്ടും മെഡിസെപ്പിലേക്ക്

moonamvazhi

സഹകരണ ജീവനക്കാര്‍ക്ക് പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. പ്രത്യേക പദ്ധതി സാങ്കേതിക ബുദ്ധുമുട്ടുകളുണ്ടാക്കുന്നതാണെന്നാണ് സഹകരണ വകുപ്പിന്റെ വിശദീകരണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കിയ മെഡിസെപ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ സഹകരണ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതയാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.

മെഡിസെപ് പദ്ധതി നടപ്പാക്കാനുദ്ദേശിച്ച ആദ്യഘട്ടത്തില്‍ സഹകരണ മേഖലയിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് ഉത്തരവിറങ്ങിയത്. എന്നാല്‍, പിന്നീട് ഇറങ്ങിയ ഉത്തരവില്‍നിന്ന് സഹകരണ ജീവനക്കാര്‍ പുറത്തായി. ജീവനക്കാരുടെ വിവിധ സംഘടനകള്‍ സഹകരണ സ്ഥാപനങ്ങളിലുള്ളവരെയും മെഡിസെപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് നിവേദനം നല്‍കിയിരുന്നു.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും നിലവില്‍ ഇന്‍ഷൂറന്‍സ് പദ്ധതികളൊന്നും നിലവിലില്ലാത്ത സാഹചര്യത്തില്‍ മെഡിസെപ്പില്‍ ഇവരെയും ഉള്‍പ്പെടുത്തണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. രജിസ്ട്രാറുടെ നിര്‍ദ്ദേശവും പരഗിണിക്കപ്പെട്ടില്ല. സഹകരണ ജീവനക്കാരെ ഉള്‍പ്പെടുത്താതെ മെഡിസെപ്പ് പദ്ധതി നടപ്പാക്കി. ഇതിന് ശേഷവും സഹകരണ ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിന് നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിസെപ് മാതൃകയില്‍ സഹകരണ ജീവനക്കാര്‍ക്കായി പ്രത്യേക ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി എന്ന തീരുമാനമുണ്ടായത്.

സഹകരണ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി 2022 മെയ് 13ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അനുയോജ്യമായ ഒരു മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നുവെന്നാണ് സഹകരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തവില്‍ പറയുന്നത്. ഈ പദ്ധതിയുടെ രൂപരേഖ പ്രത്യേകമായി പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഒരു രൂപരേഖയും ഇതുവരെ പുറത്തിറങ്ങിയില്ല. പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ധതി പ്രായോഗികമല്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്.

സഹകരണ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ താല്‍ക്കാലിക ജീവനക്കാരെയും നിക്ഷേപ-വായ്പ പിരിവുകാരെയും ഉള്‍പ്പെടുത്തുന്നത് പ്രശ്‌നമാണെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, നിക്ഷേപ പിരവുകാരുടെ സംഘടനകളില്‍നിന്ന് സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇതെല്ലാം പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ധതി സാങ്കേതിക ബുദ്ധിമുട്ടാകുമെന്ന നിലപാട് ശക്തമാക്കി. സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരെ മെഡിസെപ്പിന്റെ ഭാഗമാക്കുന്നതാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published.