സഹകരണ ജീവനക്കാരുടെ ബോണസ്: നിബന്ധനകള്‍ പുറത്തിറക്കി

Deepthi Vipin lal

സഹകരണ വകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ശമ്പള സ്‌കെയില്‍ ഓപ്റ്റ് ചെയ്തിട്ടുള്ള പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, നീതി സ്റ്റോര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ റഗുലര്‍ തസ്തികയിലുള്ള ജീവനക്കാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി ഇക്കൊല്ലം ബോണസ്  അനുവദിക്കാമെന്നു രജിസ്ട്രാര്‍ ഉത്തരവിട്ടു. നിക്ഷേപ / കളക്ഷന്‍ ഏജന്റുമാര്‍, അപ്രൈസര്‍മാര്‍ എന്നിവര്‍ക്കും ബോണസിനു അര്‍ഹതയുണ്ട്.

ബോണസ്സിനുള്ള നിബന്ധനകള്‍ ഇവയാണ് : 1. എല്ലാ സംഘങ്ങളും ലാഭനഷ്ടം നോക്കാതെ മൊത്തം വാര്‍ഷിക വേതനത്തിന്റെ 8.33 ശതമാനം ( മാസവേതനം പരമാവധി ഏഴായിരം രൂപ എന്ന തോതില്‍ കണക്കാക്കി ) ബോണസ് നല്‍കണം.
2. മതിയായ സംഖ്യ അലോക്കബിള്‍ സര്‍പ്ലസ്സുള്ള സംഘങ്ങള്‍ക്കു ഏഴായിരം രൂപവരെ മാസവേതനമുള്ള ജീവനക്കാര്‍ക്കു വാര്‍ഷിക വേതനത്തിന്റെ ഇരുപതു ശതമാനത്തില്‍ കൂടാത്ത സംഖ്യ ബോണസായി നല്‍കാം. 3. ഇത്തരം സംഘങ്ങള്‍ക്കു ഏഴായിരം രൂപക്കുമേല്‍ ശമ്പളമുള്ള ജീവനക്കാര്‍ക്കു ശമ്പളം ഏഴായിരം രൂപ എന്നു കണക്കാക്കി ഇതിന്റെ ഇരുപതു ശതമാനത്തില്‍ കൂടാത്ത സംഖ്യ ബോണസായി നല്‍കാം.
4. ഉയര്‍ന്ന തോതില്‍ ബോണസ് നല്‍കുന്ന സ്ഥാപനങ്ങളും സംഘങ്ങളും അലോക്കബിള്‍ സര്‍പ്ലസ്സില്‍ അധികരിച്ച തുക ബോണസ് നല്‍കരുത്.

5. അലോക്കബിള്‍ സര്‍പ്ലസ് ഇല്ലാതിരിക്കുകയും എന്നാല്‍ 2020-21 ലെ കണക്കനുസരിച്ച് എല്ലാ റിസര്‍വുകളും വകയിരുത്തിയശേഷം അറ്റലാഭമുള്ളതുമായ സംഘങ്ങള്‍ അറ്റലാഭത്തിന്റെ നാല്‍പ്പതു ശതമാനത്തില്‍ അധികരിക്കാത്ത സംഖ്യ വരത്തക്കവിധം രണ്ടും മൂന്നും നിബന്ധനകളില്‍ നിഷ്‌കര്‍ഷിച്ചതു പ്രകാരം ജീവനക്കാരുടെ മാസവേതനം ക്ലിപ്തപ്പെടുത്തി ബോണസ് നല്‍കാം.
6.  അപക്‌സ് സഹകരണ സ്ഥാപനങ്ങള്‍, ജില്ലാ ബാങ്കുകള്‍, കണ്‍കറന്റ് ഓഡിറ്ററുള്ള മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കണക്കാക്കുന്ന അലോക്കബിള്‍ സര്‍പ്ലസ്സും 2020-21 ലെ അറ്റലാഭവും അതത് സ്ഥാപനത്തിലെ കണ്‍കറന്റ് ഓഡിറ്റര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. അതുപ്രകാരമാണ് ബോണസ് നല്‍കുന്നതെന്നു ഉറപ്പു വരുത്തണം.
7.  കരുതലുകള്‍ക്കാവശ്യമായ തുക വകയിരുത്താതെ കൃത്രിമമായി ലാഭം കാട്ടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ബോണസ് അധികമായി നല്‍കുകയും ചെയ്താല്‍ അതതു സ്ഥാപനത്തിലെ ചീഫ് എക്‌സിക്യുട്ടീവും ഭരണസമിതിയുമായിരിക്കും ഉത്തരവാദികള്‍. ഇങ്ങനെ നല്‍കുന്ന തുക ജീവനക്കാരില്‍ നിന്നു തിരികെ ഈടാക്കും. അല്ലാത്തപക്ഷം ഭരണസമിതിക്കെതിരെ സര്‍ച്ചാര്‍ജടക്കമുള്ള നടപടിയെടുക്കും. കണ്‍കറന്റ് ഓഡിറ്ററില്ലാത്ത സ്ഥാപനങ്ങള്‍ തെറ്റായ കണക്കിന്റെ അടിസ്ഥാനത്തില്‍ ബോണസ് നല്‍കിയതായി ഓഡിറ്റര്‍ കണ്ടെത്തിയാല്‍ ഇതേ നടപടികളാവും സ്വീകരിക്കുക.

8. 1965 ലെ പെയ്‌മെന്റ് ഓഫ് ബോണസ് ആക്ടിലെയും സര്‍ക്കാര്‍ ഉത്തരവിലെയും നിബന്ധനകള്‍ക്കു വിധേയമായി പരമാവധി ബോണസ് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിരക്കിനേക്കാള്‍ കൂടുതല്‍ നല്‍കാന്‍ പാടില്ല.
9.  നിക്ഷേപ / കളക്ഷന്‍ ജീവനക്കാര്‍ക്കു അവരുടെ കമ്മീഷനില്‍ നിന്നു പ്രതിമാസ ശമ്പളപരിധിയായി നാലായിരം രൂപ നിശ്ചയിച്ച് അതിനാനുപാതികമായി നിബന്ധനകള്‍ക്കു വിധേയമായി ബോണസ് നല്‍കാം. കമ്മീഷനടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്രൈസര്‍മാര്‍ക്കു പ്രതിമാസ ശമ്പളപരിധി മൂവായിരം രൂപയായി നിശ്ചയിച്ച് അതിനാനുപാതികമായി ബോണസ് നല്‍കാം.

Leave a Reply

Your email address will not be published.

Latest News