സഹകരണ ജീവനക്കാരുടെ പി.എഫ്. പലിശ കേരളബാങ്ക് വീണ്ടും വെട്ടിക്കുറച്ചു

moonamvazhi

കേരളബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള സഹകരണ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിനുള്ള പലിശ വീണ്ടും വെട്ടിക്കുറച്ച്. മറ്റ് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ സഹകരണ ജീവനക്കാരുടെ പി.എഫിനും ബാധകമാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. ഇത് അട്ടിമറിച്ചാണ് കേരളബാങ്കിന്റെ നടപടി.നേരത്തെ ജില്ലാസഹകരണ ബാങ്കുകള്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള പലിശ സഹകരണ ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിന് പലിശ നല്‍കിയിരുന്നു. കേരളബാങ്ക് രൂപീകരണത്തോടെയാണ് സഹകരണ മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കുന്ന ഈ പലിശ വെട്ടിക്കുറയ്ക്കല്‍ നടപടിയുണ്ടാകുന്നത്.

സഹകരണ സംഘങ്ങളിലെ സ്ഥിര നിക്ഷേപത്തിന് നല്‍കുന്ന പലിശ മാത്രമേ സഹകരണ ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിനും നല്‍കാന്‍ കഴിയൂവെന്നാണ് കേരളബാങ്കിന്റെ നിലപാട്. ഇതനുസരിച്ച് ഏഴ് ശതമാനം പലിശ പി.എഫ്. നിക്ഷേപത്തിന് നല്‍കിയിരുന്നു. ഇപ്പോഴത് 6.75 ശതമാനമായാണ് വെട്ടിക്കുറച്ചത്. സഹകരണ സംഘങ്ങളിലെ സ്ഥിരനിക്ഷേപത്തിന് 8.25 ശതമാനം വരെ പലിശ നല്‍കുന്ന ഘട്ടത്തിലാണ് കേരളബാങ്കിന്റെ നടപടി. അതേസമയം, കേരളബാങ്കിലെ ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിന് കേന്ദ്ര പി.എഫ്. പലിശനിരക്കാണ് ബാധകം. അവര്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്നുണ്ട്.

സഹകരണ ജീവനക്കാരുടെ പി.എഫ്. നിക്ഷേപം സഹകരണ നിയമപ്രകാരം ഫിനാന്‍സിങ് ബാങ്കിലാണ് നിക്ഷേപിക്കേണ്ടത്. ഇതനുസരിച്ച് പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പി.എഫ്. വിഹിതം നേരത്തെ ജില്ലാബാങ്കുകളിലായിരുന്നു നിക്ഷേപിച്ചിരുന്നത്. ഇപ്പോഴത് കേരളബാങ്കിലേക്ക് മാറി. 1952-ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കണം ഈ നിക്ഷേപം കൈകാര്യം ചെയ്യേണ്ടതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഉയര്‍ന്ന പലിശ നിരക്കും, കൂട്ടുപലിശ കണക്കാക്കുന്ന രീതിയുമാണ് പി.എഫ്. നിക്ഷേപത്തിന് പൊതുവേയുള്ളത്. ഇത് സഹകരണ ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിന് നല്‍കാത്ത സമീപനമാണ് കേരളബാങ്ക് സ്വീകരിക്കുന്നത്.

സഹകരണ ജീവനക്കാര്‍ക്ക് നാമമാത്രമായ പെന്‍ഷനാണ് ലഭിക്കുന്നത്. അത് പൂര്‍ണമായും സ്വാശ്രയ പെന്‍ഷനാണ്. പി.എഫ്. നിക്ഷേപത്തില്‍നിന്നുള്ള വരുമാനമാണ് സഹകരണ ജീവനക്കാരുടെ മറ്റൊരാശ്രയം. ഇതാണ് കേരളബാങ്കിന്റെ നിലപാടിലൂടെ തകിടം മാറിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പി.എഫിന് അനുവദിക്കുന്ന പലിശ കേരളബാങ്കിലെ ജീവനക്കാര്‍ക്ക് നല്‍കുകയും മറ്റ് സംഘങ്ങളിലെ ജീവനക്കാര്‍ക്ക് നിഷേധിക്കുകയും ചെയ്യുന്നത് കേരളബാങ്ക് രൂപംകൊണ്ടതിന് ശേഷമുള്ള തിരിച്ചടിയാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!