സഹകരണ ഉല്പന്നങ്ങള് കേരളബ്രാന്‍ഡിന് പുറത്ത്; സര്‍ക്കാര്‍ പ്രമോഷന് കിട്ടില്ല
കേരളത്തിന്റെ തനത് ഉല്പന്നങ്ങള് ‘കേരളബ്രാന്‍ഡി’ല്‍ പുറത്തിറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സഹകരണ ഉല്പന്നങ്ങള്ക്ക് ബാധകമാക്കിയില്ല. സഹകരണ ഉല്പന്നങ്ങള് കോഓപ് കേരള ബ്രാന്‍ഡില്‍ പുറത്തിറക്കാനാണ് സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, കേരള ബ്രാന്‍ഡ് ഉല്പന്നങ്ങള് കേരളത്തിനകത്തും പുറത്തും വിപണന സാധ്യതയുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രമോഷന് പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഗുണം നിലവില്‍ സഹകരണ ഉല്പന്നങ്ങള്ക്ക് കിട്ടാതാകുന്ന സ്ഥിതിയാണുള്ളത്.
സഹകരണ സംഘങ്ങള്‍ക്ക് കീഴിലാണെങ്കിലും, ഫാക്ടറീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ ഉല്പന്നങ്ങള്ക്ക് കേരളബ്രാന്‍ഡ് രജിസ്ട്രേഷനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രാഥമിക സഹകരണ ബാങ്കുകളുടെ സംരംഭങ്ങള്‍ ഒട്ടേറെ ഉല്പന്നങ്ങള് വിപണിയിലിറക്കുന്നുണ്ട്. ഇവയൊന്നും ഫാക്ടറീസ് ആക്ടിന് കീഴിലല്ല. അതിനാല്‍, ഇത്തരം ഉല്പന്നങ്ങള്ക്ക് കേരള ബ്രാന്‍ഡ് രജിസ്ട്രേഷന് നല്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
സഹകരണ ഉല്പന്നങ്ങള്ക്ക് ഏകീകൃത ബ്രാന്‍ഡ് കൊണ്ടുവരാനാണ് കോപ് കേരള ബ്രാന്‍ഡിങ് കൊണ്ടുവന്നത്. ഇത് പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് കേരളബ്രാന്‍ഡ് ഉല്പന്നങ്ങള് കൊണ്ടുവരാനും, സര്‍ക്കാര്‍ ചെലവില്‍ അവയ്ക്ക് പ്രമോഷന് നല്‍കാനും വ്യവസായ വകുപ്പ് തീരുമാനിച്ചത്. കേരള ബ്രാന്‍ഡ് വികസിപ്പിക്കുക എന്നത് വ്യവസായ നയത്തിലെ ഏഴ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നാണ്. സംസ്ഥാനത്തിനകത്ത് ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരും ഉറപ്പാക്കാനും അവയുടെ വിപണനം പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചാണ് കേരള ബ്രാന്‍ഡ് വിഭാവനം ചെയ്തിട്ടുള്ളത്.
‘കേരളബ്രാന്‍ഡ്’ സര്ട്ടിഫിക്കേഷന് നേടുന്ന ഉല്പന്നങ്ങള്ക്ക് ആഭ്യന്തര, അന്തര്‍ദേശിയ തലത്തില്‍ ‘മെയ്ഡ് ഇന്‍ കേരള’ എന്ന തനതായ ബ്രാന്‍ഡ് നാമത്തില്‍ ഉല്പന്നങ്ങള് വിപണനം ചെയ്യാന്‍ കഴിയും. ഈ ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും സര്‍ക്കാരിന്റെ ഇമാര്‍ക്കറ്റുകളില്‍ സൗജന്യ പ്രമോഷന് ലഭിക്കും. ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാക്കള്‍ക്കുള്ള വിപണന അവസരങ്ങള്‍ കേരള ബ്രാന്‍ഡിങ് ഗണ്യമായി മെച്ചപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന ഫണ്ട് സ്കീമുകളില്‍ മുന്‍ഗണന, സംസ്ഥാന പങ്കെടുക്കുന്ന അന്താരാഷ്ട്ര വ്യാപര മേളകളിലെ പ്രദര്‍ശന സൗകര്യം, കേരളീയര്‍ താമസിക്കുന്ന രാജ്യങ്ങളിലെ പ്രമോഷണല്‍ പിന്തുണ എന്നിവയും കേരള ബ്രാന്‍ഡ് ഉല്പന്നങ്ങള്ക്ക് സര്‍ക്കാര്‍ വാഗ്ധാനം ചെയ്യുന്നുണ്ട്. ഇതൊന്നും സഹകരണ ഉല്പന്നങ്ങള്ക്ക് ലഭ്യമാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.